ദക്ഷിണ സുഡാനിലെ സമാധാന ദൗത്യം; 836 ഇന്ത്യന്‍ സൈനികര്‍ക്ക് യുഎന്‍ മെഡല്‍ 

 
D

ദക്ഷിണ സുഡാനിലെ യുഎന്‍ സമാധാന മിഷനില്‍ സേവനമനുഷ്ഠിച്ച 836 ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യരാഷ്ട്രസഭയുടെ മെഡല്‍. അപ്പര്‍ നൈല്‍ സംസ്ഥാനത്തെ മലകലില്‍ വിന്യസിച്ച ഇന്ത്യന്‍ ബറ്റാലിയനില്‍ നിന്നുള്ള സൈന്യം അടുത്തിടെ അവരുടെ സേവനം പൂര്‍ത്തിയാക്കി. ദക്ഷിണ സുഡാനിലെ 18,300 പേരുള്ള സമാധാന  ദൗത്യത്തില്‍ ഏകദേശം 2,400 പേര്‍ ഇന്ത്യന്‍ സൈനികരായിരുന്നു. കൂടുതല്‍ സേനാംഗങ്ങളെ നല്‍കിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതായിരുന്നു. 

ദക്ഷിണ സുഡാനിലെ യുണൈറ്റഡ് നേഷന്‍സ് മിഷനില്‍ (യുഎന്‍എംഐഎസ്എസ്) സേവനമനുഷ്ഠിച്ച 73 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍, പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ സുഡാന്‍ ജനതയെ സംരക്ഷിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും പുനരുജ്ജീവിപ്പിച്ച സമാധാന കരാര്‍ നടപ്പിലാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ചുമതലപ്പെട്ടവരായിരുന്നു. സേവനം വിജയകരമായി പൂര്‍ത്തിയാക്കിയ ബറ്റാലിയനെ യുഎന്‍എംഐഎസ്എസ് ഫോഴ്‌സ് കമാന്‍ഡറും ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് ജനറലുമായ ശൈലേഷ് തിനായിക്കര്‍ അഭിനന്ദിച്ചു.

ദക്ഷിണ സുഡാനിലെ ഇന്ത്യന്‍ സ്ഥാനപതി വിഷ്ണു ശര്‍മ്മയായിരുന്നു മെഡല്‍ പരേഡിലെ അതിഥി. 'ദക്ഷിണ സുഡാനിലെ സുസ്ഥിരമായ സമാധാനത്തിനുവേണ്ടിയുള്ള നിങ്ങളുടെ ധൈര്യവും പ്രതിബദ്ധതയും ത്യാഗവും ഐക്യരാഷ്ട്രസഭയ്ക്കും നിങ്ങളുടെ രാജ്യത്തിനും അഭിമാനമായി. ആയിരക്കണക്കിന് മൃഗങ്ങളെ ചികിത്സിക്കുകയും കന്നുകാലി ഉടമകളുടെ മൃഗസംരക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരുടെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ മൃഗഡോക്ടര്‍മാരുടെ സംഭാവനകള്‍ ശര്‍മ്മ ചൂണ്ടികാണിച്ചു.(ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർ​ഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ)

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് 2019 മേയിലാണ് യുഎന്‍എംഐഎസ്എസി ന്റെ ഫോഴ്‌സ് കമാന്‍ഡറായി ശൈലേഷ് തിനായികറെ നിയമിച്ചത്. നേരത്തെ 2018 ജൂലൈ മുതല്‍ ഇന്‍ഫന്‍ട്രി സ്‌കൂളിന്റെ കമാന്‍ഡന്റായും 2017-18 കാലയളവില്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായും തിനൈക്കര്‍ പ്രവര്‍ത്തിച്ചു. 1996-97 കാലഘട്ടത്തില്‍ യുഎന്‍ അംഗോള വെരിഫിക്കേഷന്‍ മിഷന്‍ മൂന്നിലും 2008-09 കാലഘട്ടത്തില്‍ സുഡാനിലെ യുഎന്‍ മിഷനിലും അദ്ദേഹം സേവനമനുഷ്ഠിച്ചു