അല്‍ ജസീറ റിപ്പോര്‍ട്ടറെ ഇസ്രയേല്‍ സൈന്യം വെടിവച്ചു കൊന്നു

പലസ്തീന്‍കാരാണ് വെടിവച്ചതെന്ന ആരോപണവുമായി ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും
 
al-jazeera

അല്‍ ജസീറ മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലേഹിനെ ഇസ്രായേലി സൈന്യം വെടിവച്ചു കൊന്നു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള ഇസ്രായേലി സൈന്യത്തിന്റെ കടന്നു കയറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടിലായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഷിറീനെ വെടിവച്ചത്. ഇസ്രയേല്‍ സൈന്യം മനഃപൂര്‍വം നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു 51 കാരിയായ ഷിറീന്റെത് എന്നാണ് അല്‍ ജസീറ അപലപിച്ചത്. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ അധിനിവേശ സേന പലസ്തീനില്‍ വച്ച് അല്‍ ജസീറ റിപ്പോര്‍ട്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അല്‍-ജസീറ ഇറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പലസ്തീന്‍ വെടിവയ്പ്പിലാണ് മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന വാദവുമായാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബന്നറ്റ് രംഗത്തു വന്നത്. അഭാര്‍ത്ഥി കാമ്പില്‍ ഉണ്ടായിരുന്ന പാലസ്തീന്‍ ഭീകരരാണ് മാധ്യമപ്രവര്‍ത്തകയെ കൊലപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അല്‍-ജസീറ ചാനലിലെ പ്രൊഡ്യൂസറായ അലി അല്‍ സമൂദിക്കും ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

യു എസ് പൗരത്വമുള്ള പലസ്തീനിയന്‍ ക്രിസ്ത്യാനിയാണ് ഷിറീന്‍. അല്‍ ജസീറയുടെ പ്രധാനമുഖവുമായിരുന്നു അവര്‍. ജേര്‍ണലിസ്റ്റുകള്‍ ഉപയോഗിക്കുന്ന ലോഹച്ചട്ടയുള്ള ജാക്കറ്റായിരുന്നു ഷിറീന്‍ ധരിച്ചിരുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ നിന്നിരുന്ന സ്ഥലത്തേക്ക് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തുകയും അവിടെയാണ് ഷിറീന്റെ മൃതദേഹം കണ്ടെത്തിയതെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന എഎഫ്പി ഫോട്ടോഗ്രാഫര്‍ നല്‍കുന്ന വിവരം. പ്രസ് കോട്ടും ഹെല്‍മെറ്റും ധരിച്ചിരുന്ന ഷിറീന്റെ മുഖത്താണ് വെടിയേറ്റതെന്നാണ് വിവരം.

അഭയാര്‍ത്ഥി ക്യാമ്പുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം സമ്മതിക്കുമ്പോഴും, മനഃപൂര്‍വം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു ആക്രമണവും നടത്തിയില്ലെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. അഭയാര്‍ത്ഥി ക്യാമ്പിനു സമീപം സുരക്ഷാ സേനയും എതിരാളുകളും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നുവെന്നും പാലസ്തീന്‍ അക്രമികളുടെ വെടിയേറ്റായിരിക്കാം മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടിരിക്കുകയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ ബോധപൂര്‍വം ഉന്നം വച്ചിട്ടില്ല എന്നാണ് ഇസ്രയേല്‍ സൈനികോദ്യോഗസ്ഥന്‍ എഎഫ്പിയോട് പ്രതികരിച്ചത്. ഷിറീന്‍ അബു അഖ്‌ലേഹിന്റെ  കൊലപാതകത്തില്‍ അന്വേഷണം നടത്തുമെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് പ്രതികരിച്ചിട്ടുള്ളത്. ' സംഘര്‍ഷ മേഖലകളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടവരാണ്. ഇക്കാര്യത്തില്‍ സത്യമെന്താണെന്ന് പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്' ലാപിഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഷിറീന് വെടിയേല്‍ക്കുന്ന സ്ഥലത്ത് പലസ്തീന്‍ പോരാളികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ അല്‍-ജസീറ  പ്രൊഡ്യൂസര്‍ സമൂദി പറയുന്നത്. ' അവിടെ പ്രതിരോധ പോരാളികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ഥലത്തേക്ക് ഞങ്ങള്‍ പോകില്ലായിരുന്നു. ഇസ്രയേലി സൈനികരാണ് ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തത്' ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്‌തൊരു സാക്ഷ്യപത്രത്തില്‍ സമൂദി പറയുന്നു.