കാബൂളില്‍ സ്‌കൂളുകളില്‍ സ്‌ഫോടനം;  നിരവധി മരണം, കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുമുണ്ടെന്ന് വിവരം

രണ്ട് സ്‌കൂളുകളിലായി മൂന്നു സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് പ്രാഥമിക വിവരം
 
blast

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ സ്‌കൂളുകളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കാബൂളിലെ ദഷ്ത്-ഇ-ബാര്‍കി പ്രവിശ്യയിലെ അബ്ദുള്‍ റഹീം ഷാഹിദ് ഹൈസ്‌കൂളിലും  മുംതാസ് എജ്യുക്കേഷണല്‍ സെന്ററിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ രാവിലത്തെ ക്ലാസ് കഴിഞ്ഞ് പുറത്തേക്കു വരുമ്പോഴാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നാണ് രാജ്യന്തര ന്യൂസ് ഏജന്‍സിയായ എ എഫ് പി യോട് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരണ സംഖ്യ എത്രയാണെന്നതില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ 25 നും 30 നും ഇടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിലൊന്നും ഇതുവരെ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. 


കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും നാല് പേര്‍ കൊല്ലപ്പെട്ടെന്നും 14 ഓളം പേര്‍ക്ക് പരിക്കേറ്റതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, രണ്ട് സ്‌ഫോടനങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ന്യൂസ് ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് പ്രകാരം രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. പശ്ചിമ കാബൂളിലെ മുംതാസ് എഡ്യുക്കേഷണല്‍ സെന്ററിന്റെ പരിധിയിലാണ് ആദ്യത്തെ സ്‌ഫോടനം നടക്കുന്നത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്‌സാക്ഷികളില്‍ നിന്നും കിട്ടുന്ന വിവരം. രണ്ടാമത്തെ സ്‌ഫോടനം കാബുളിലെ ദഷ്ത്-ഇ-ബര്‍ചി ജില്ലയിലെ മറ്റൊരു സ്‌കൂളിലാണ് നടന്നതെന്നും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു സ്‌ഫോടനങ്ങളിലുമായി ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് സോഴ്‌സുകളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി പറയുന്നത്.


സ്‌കൂളുകള്‍ക്ക് സമീപത്ത് താമസിക്കുന്ന ഷിയ ഹസാര സമുദായത്തെ ലക്ഷ്യം വച്ചാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മത ന്യൂനപക്ഷമായ ഷിയ ഹസാരകളെ സുന്നി തീവ്രവാദ സംഘടനകളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും സ്ഥിരമായി ലക്ഷ്യം വയ്ക്കുന്നതാണ്. അതേസമയം ഇപ്പോഴത്തെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ വര്‍ഷം വിദേശ സൈനിക സംഖ്യങ്ങള്‍ അഫ്ഗാന്‍ വിട്ടുപോയതിനു പിന്നാലെ ആരംഭിച്ച ആഭ്യന്തര പോരാട്ടങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നും കരുതുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ താലിബാന്‍, രാജ്യത്തിന്റെ സുരക്ഷയ്ക്ക് തങ്ങള്‍ അമിത പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഇതിനകം പല വലിയ ആക്രമണങ്ങളും രാജ്യത്തിനുള്ളില്‍ നടത്തിയിട്ടുണ്ട്.