ചൈനയില്‍ കോവിഡ് കേസുകളും മരണവും ഉയരുന്നു; 'ഭയാനകമായ' സാഹചര്യമെന്ന് ബീജിംഗ്

 
China Covid
ഷാങ്ഹായില്‍ ഞായറാഴ്ച മാത്രം 39 മരണം 

 

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന രണ്ട് വര്‍ഷത്തിനിടെ, കോവിഡിന്റെ ഏറ്റവും മോശം അവസ്ഥയെയാണ് നേരിടുന്നത്. രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഭയാനകമായ' സാഹചര്യമാണുള്ളതെന്നാണ് തലസ്ഥാന നഗരമായ ബീജിംഗ് അറിയിച്ചിരിക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വ്യാപനത്തിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയ ഷാങ്ഹായില്‍ ഞായറാഴ്ച 39 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 

കോസ്മോപൊളിറ്റന്‍ ബിസിനസ് ഹബ്ബായ ഷാങ്ഹായ് മാസത്തിന്റെ തുടക്കം മുതല്‍ ഏതാണ്ട് പൂര്‍ണമായും പൂട്ടിയിരിക്കുകയാണ്. വിതരണ ശൃംഖലകള്‍ തടസപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയതിനാല്‍ നിരവധിപ്പേരും വീടുകളില്‍ തന്നെ തങ്ങുകയാണ്. സമീപ ആഴ്ചകളില്‍ പ്രതിദിനം ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഏപ്രില്‍ 18ന് മാത്രമാണ് ആദ്യ മരണം നഗരത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 39 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം മരണസംഖ്യ 87 ആയി ഉയര്‍ന്നു. ലോക്ക്ഡൗണിനുശേഷം ഷാങ്ഹായിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക് 12 ആയിരുന്നു. 

25 ദശലക്ഷം ജനങ്ങളുള്ള നഗരത്തില്‍, വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെ വിന്യസിച്ചതിനാല്‍ രോഗികള്‍ക്ക് പതിവ് വൈദ്യസഹായം ലഭ്യമാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് 22,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

തലസ്ഥാനമായ ബീജിംഗില്‍ 22 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയാന്‍ കടുത്ത നടപടികള്‍ വേണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയില്‍ ഒരാഴ്ചയായി അദ്യശ്യമായി കോവിഡ് പടരുന്നതായാണ് പ്രാഥമിക നിരീക്ഷണത്തില്‍ വ്യക്തമാകുന്നതെന്നും നിലവില്‍ സ്‌കൂളുകള്‍, വിനോദ സഞ്ചാര സംഘങ്ങള്‍, നിരവധി കുടുംബങ്ങള്‍ എന്നിവരെ അത് ബാധിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അദൃശ്യവ്യാപനത്തിന്റെ സാധ്യത കൂടുതലായതിനാല്‍ സ്ഥിതി ഭയാനകമാണ്. തലസ്ഥാന നഗരം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

കോവിഡിനെയും അതിന്റെ വ്യാപനത്തെയും നേരിടാന്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളും വ്യാപക പരിശോധനയും നടത്തുന്നുണ്ട്. സര്‍ക്കാര്‍ സീറോ കോവിഡ് നയത്തില്‍ ഉറച്ചുനില്‍ക്കുന്നത്, ബിസിനസുകാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പൊതുജനങ്ങളുടെ മനോവീര്യത്തെയും അത് ബാധിച്ചിട്ടുണ്ട്.