കച്ചവടം ഉറപ്പിച്ച് ഇലോണ്‍ മസ്‌ക്; ട്വിറ്റര്‍ ഇനി സ്വകാര്യ ഉടമസ്ഥതയില്‍

4,400 കോടിക്കാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്
 
twitter

സമൂഹമാധ്യമമായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കുന്നു. 4,400 കോടിക്കാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മസ്‌കിന്റെ ആഗ്രഹം തടയാന്‍ ട്വിറ്റര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഓഹരി ഉടമകളില്‍ നിന്നും സമ്മര്‍ദ്ദ തന്ത്രമുണ്ടായതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ബോര്‍ഡ് വില്‍പ്പനയ്ക്ക് തയ്യാറായത്. ഇതോടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്റര്‍ ഇനി മുതല്‍ ഒരു സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലേക്ക് മാറും. ഇതുവരെ ഓഹരി വിപണിയുടെ ഭാഗമായിരുന്നു ട്വിറ്റര്‍. ഒരു ഓഹരിക്ക് 4,148(54.20 ഡോളര്‍) രൂപ നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുക. ഏകകണ്ഠമായാണ് മസ്‌കിന്റെ കാര്യത്തില്‍ ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തീരുമാനമെടുത്തത്. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഫോബ്‌സ് പട്ടികയില്‍ ലോക കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മസ്‌ക് അടുത്തിടെയാണ് ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. 9.2 ഓഹരി നിക്ഷേപമുണ്ടായിരുന്ന മസ്‌ക് ബോര്‍ഡ് അംഗത്വം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുത്തതിനു പിന്നാലെയാണ് കമ്പനി തനിക്ക് ഏറ്റെടുക്കാനുള്ള ആഗ്രഹം അദ്ദേഹം പറയുന്നത്. എന്നാല്‍ ഈയാഗ്രഹത്തോട് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിന് അനുകൂല നിലപാടായിരുന്നില്ല ഉണ്ടായിരുന്നത്. മസ്‌കിന്റെ കൈയില്‍ ട്വിറ്റര്‍ എത്താതിരിക്കാനുള്ള പദ്ധതികളും അവര്‍ ആവിഷ്‌കരിച്ചിരുന്നു. ഷെയര്‍ ഹോള്‍ഡര്‍ റൈറ്റ് പ്ലാന്‍ നടപ്പാക്കി മസ്‌കിനെ അകത്തി നിര്‍ത്താനായിരുന്നു തന്ത്രം. മസ്‌കിന്റെ ഓഹരി ശതമാനം കുറയ്ക്കുകയും കമ്പനി ഏറ്റെടുക്കല്‍ ചെലവേറിയതാക്കുകയുമായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ മസ്‌ക് ഓഹരികള്‍ക്ക് ഉയര്‍ന്ന വില വാഗ്ദാനം ചെയ്തതോടെ നിലവിലെ നിക്ഷേപകരില്‍ നിന്നും ബോര്‍ഡിന് സമ്മര്‍ദ്ദമുണ്ടായി. കമ്പനി ഏറ്റെടുക്കാന്‍ 4650 കോടി ഡോളര്‍(3.71 ലക്ഷം കോടി രൂപ) കൈയിലുണ്ടെന്നും അറിയിച്ചതോടെ ബോര്‍ഡിന്റെ തന്ത്രങ്ങള്‍ പൊളിയുകയായിരുന്നു. ഒടുവില്‍ നിക്ഷേപകരുടെ താത്പര്യം മുന്‍ നിര്‍ത്തി ഏറ്റെടുക്കലിന് തയ്യാറാവുകയായിരുന്നു.