'രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കുന്നു, അത് ഞാന്‍ നിറവേറ്റും'

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കുമെന്നും റനില്‍ വിക്രമസിംഗെ

 
ranil vikramasinge

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും, അത് നിറവേറ്റുമെന്നും ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. മഹിന്ദ രാജപക്‌സയുടെ പിന്‍ഗാമിയായി വ്യാഴാഴ്ച്ചയാണ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. കടുത്ത സാമ്പത്തിക അരാജകത്വവും സര്‍ക്കാര്‍ വിരുദ്ധ കലാപവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലങ്കയില്‍ കടുത്ത വെല്ലുവിളികളാണ് പുതിയ പ്രധാനമന്ത്രിയ്ക്കു മുന്നിലുള്ളത്. സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ പ്രതികരണത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് തന്റെ പ്രഥമലക്ഷ്യമെന്ന് വിക്രമസിംഗെ പറഞ്ഞത്. ' രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു. അത് നിറവേറ്റുക തന്നെ ചെയ്യും' കൊളംബോയില്‍ നടത്തിയ വിക്രമസിംഗെയുടെ പ്രസ്താവനയെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്കയില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ കലാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സര്‍ക്കാര്‍ വിരുദ്ധ കലാപം ഇപ്പോഴും ശക്തമായി തുടരുകയാണ് രാജ്യത്ത്. പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ സ്ഥാനമൊഴിയും വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.


മുന്‍ സര്‍ക്കാരിനെക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റനില്‍ വിക്രമസിംഗെയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരുന്നു. ജനാധിപത്യ പ്രക്രിയകള്‍ക്ക് അനുസൃതമായി രൂപീകരിച്ച പുതിയ ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ദ്വീപ് രാഷ്ട്രീത്തിലെ ജനങ്ങളോടുള്ള ന്യൂഡല്‍ഹിയുടെ പ്രതിബദ്ധത തുടരുമെന്നും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈ കമ്മീഷന്റെ ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, ' ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാകും' എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

73 കാരനായ റനില്‍ വിക്രമസിംഗെ ഇത് നാലാം തവണയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇത്തവണത്തെ പ്രത്യേകതയെന്തെന്നാല്‍, അദ്ദേഹത്തിന്റെ കീഴിലുള്ള യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി)ക്ക് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ആകെ ഒരൊറ്റ അംഗം മാത്രമെയുള്ളൂ എന്നതാണ്. ഒരു സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുടെയും അദ്ദേഹത്തിന്റെ സഹോദരനായ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സയുടെയും നീക്കം പ്രതീക്ഷച്ചതുപോലെ ഫലിക്കാതെ വന്നതോടെയാണ് വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിച്ചത്. രാജപക്‌സമാരില്ലാത്ത ഒരു സര്‍ക്കാരിനെ താന്‍ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബായ പറഞ്ഞിരുന്നുവെങ്കിലും സര്‍കക്ഷി സര്‍ക്കാരിന്റെ ഭാഗമാകാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാകാതെ വന്നതോടെയാണ് റനില്‍ വിക്രമസിംഗയെ തെരഞ്ഞെടുക്കാന്‍ ഗോട്ടബായ നിര്‍ബന്ധതിനാകുന്നത്. യുഎന്‍പിയുടെ ആകെയുള്ള പാര്‍ലമെന്റ് അംഗമായ വിക്രസിംഗെ ഒരു മാസം മുമ്പ് വരെ പറഞ്ഞിരുന്നത് പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ ഇല്ലെന്നായിരുന്നു. ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നേരിയ ശേഷിപോലും തനിക്കില്ലെന്ന് മനസിലാക്കിയായിരുന്നു ഒഴിഞ്ഞു നില്‍ക്കാന്‍ വിക്രമസിംഗെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായി മാറുകയായിരുന്നു.