കലാപം ശമിക്കാതെ ലങ്ക; ജനരോഷം ഭയന്ന് രാജപക്‌സെയും കുടുംബവും ഔദ്യോഗിക വസതിയുപേക്ഷിച്ച് രക്ഷപ്പെട്ടു

രാജപക്‌സെ പ്രധാനമന്ത്രി രാജിവച്ചിട്ടും ജനരോഷം ശമിക്കുന്നില്ല
 
srilanka

ആഭ്യന്തര കലാപം തുടരുന്ന ശ്രീലങ്കയില്‍ ജനരോഷം ഭയന്ന് മുന്‍  പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും കുടുംബം സുരക്ഷിത ഒളിത്താവളത്തിലേക്ക് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ദ്വീപ് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ട്രിങ്കോമാലിയിലുള്ള നാവികസേന ആസ്ഥാനത്തേക്കാണ് രാജപക്‌സെയും കുടുംബവും രക്ഷ തേടിയെത്തിയിരിക്കുന്നത്. സ്വാതന്ത്രാനന്തര ശ്രീലങ്ക കണ്ടതില്‍ വച്ച് ഏറ്റവും രൂക്ഷമായ സാമ്പത്തിക അരിക്ഷിതാവസ്ഥയിലേക്ക് വീണ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഒട്ടും ശക്തി കുറയാതെ പടരുന്നതിനിടയിലാണ് മഹിന്ദ രാജപക്‌സെയും കുടുംബവും സുരക്ഷിത താവളം തേടി പോയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മഹിന്ദ പ്രധാനമന്ത്രി പദം രാജിവച്ചത്. എന്നാല്‍ മഹിന്ദയുടെ സ്ഥാനത്യാഗം ജനരോഷം അല്‍പ്പം പോലും കുറച്ചിട്ടില്ലെന്നാണ് ശ്രീലങ്കയില്‍ നിന്നുള്ള കാഴ്ച്ചകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മഹിന്ദയുടെ കുടുംബ വീട് പ്രക്ഷോഭകാരികള്‍ കത്തിച്ചിരുന്നു.

ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാജപക്‌സെയും കുടുംബവും നാവികസേന ആസ്ഥാനത്തേക്ക് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രിയും കുടുംബവും നാവികസേന ആസ്ഥാനത്തേക്ക് രക്ഷപ്പെട്ടതറിഞ്ഞ ജനങ്ങള്‍ അങ്ങോട്ടേക്ക് എത്തുകയും നാവികസേന ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രധാനമന്ത്രി പദം രാജിവച്ചതിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു മുന്നിലേക്ക് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ ഇരച്ചെത്തിയിരുന്നു. പ്രക്ഷോഭകാരികളെ പിരിച്ചു വിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച പൊലീസ് മുന്നറിയിപ്പെന്നോണം വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാന്‍ ഇതിനൊന്നുമായില്ല. തുടര്‍ന്ന് ഇന്ന് പ്രഭാതത്തിനു മുന്നേ തന്നെ സൈന്യം പ്രത്യേക ഓപ്പറേഷന്‍ നടത്തിയാണ് മഹിന്ദ രാജപക്‌സെയും കുടുംബത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോയത്.

അതേസമയം പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഒട്ടും ശാന്തമായിട്ടില്ല. പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പട്ടാളക്കാരെയും പൊലീസുകാരെയും കര്‍ഫ്യു കര്‍ശനമായി പാലിക്കപ്പെടനായി നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കികളും ഉപയോഗിച്ചിരുന്നു. എന്നാല്‍ കലാപം നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ പട്ടാളത്തെ നിയോഗിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭരണകക്ഷി എംപിയായ അമരകീര്‍ത്തി അതുകോറലയും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രോക്ഷഭകാരികളുമായുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് പാര്‍ലമെന്റ് അംഗം അമരകീര്‍ത്തി അതുകോറലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നിട്ടമ്പുവയില്‍ വച്ച് അമരകീര്‍ത്തിയുടെ കാര്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞിരുന്നു. കാര്‍ തടഞ്ഞവര്‍ക്കു നേരെ എം പി വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമരകീര്‍ത്തി കൊല്ലപ്പെടുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ സര്‍ക്കാര്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. പ്രക്ഷോഭകാരികള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് ലങ്ക കത്താന്‍ തുടങ്ങിയത്. ബസുകള്‍ കത്തിച്ചും പ്രസിഡന്റ് ഗോട്ടബായ രാജപക്സെയുടെയും സഹോദരന്‍ മഹിന്ദ രാജപക്സെയുടെയും മാതാപിതാക്കളുടെ സ്മാരകള്‍ തല്ലി തകര്‍ത്തും മുന്നേറിയ അവര്‍ പിന്നീട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത് തലസ്ഥാനമായ കൊളംബോയില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയുള്ള ഹമ്പന്‍തോട്ടയിലുള്ള രാജപക്സെമാരുടെ കുടുംബ വീട് അഗ്‌നിക്കിരയാക്കിക്കൊണ്ടായിരുന്നു. പിന്നാലെ മൂന്നു മന്ത്രിമാരുടെയും രണ്ട് എംപിമാരുടെയും വീടുകളും പ്രോക്ഷഭകാരികള്‍ തകര്‍ത്തു.