ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തി മാക്രോണ്‍

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരിക്കല്‍ കൂടി ഫ്രാന്‍സിനെ നയിക്കും
 
macron

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരിക്കല്‍ കൂടി ഫ്രാന്‍സിനെ നയിക്കും. രണ്ട് പതിറ്റാണ്ടിനുശേഷമാണ്  നിലവിലെ പ്രസിഡന്റ് ഫ്രാന്‍സില്‍ അധികാര തുടര്‍ച്ച നേടുന്നത്. മുന്‍ പ്രസിഡന്റ് ജാക് ഷിറാക്കിനുശേഷം പ്രസിഡന്റ് പദത്തില്‍ തുടര്‍ച്ച നേടുന്ന നേതാവ് എന്ന നേട്ടവും 44 കാരനായ മാക്രോണ്‍ സ്വന്തമാക്കി.

ഞായറാഴ്ച്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രധാന എതിരാളിയായ നാഷണല്‍ റാലിയുടെ സ്ഥാനാര്‍ത്ഥി മരീന്‍ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോണ്‍ അധികാരം നിലനിര്‍ത്തിയത്. മാക്രോണ്‍ 58.6 ശതമാനം വോട്ട് നേടിയപ്പോള്‍ പെന്നിന് 41.4 ശതമാനം വോട്ടുകളാണ് നേടാനായത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ഇരുവരും തമ്മില്‍ നേരിയ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 27.6 ശതമാനം വോട്ടുകളായിരുന്നു മാക്രോണ്‍ സ്വന്തമാക്കിയത്. എതിര്‍സ്ഥാനാര്‍ത്ഥിയായ തീവ്ര വലതുപക്ഷ നേതാവായ മറൈന്‍ ലി പെന്നിന് 23.41 ശതമാനം വോട്ടുകളും കിട്ടി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ജീന്‍ ലുക് മെലെന്‍ ചോന്‍ 21.95 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 12 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയിരുന്നുവെങ്കിലും രണ്ടാംഘട്ടത്തില്‍ മാക്രോണും പെന്നും തമ്മിലായി മത്സരം. രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി നടന്ന അഭിപ്രായ സര്‍വ്വേയിലും മധ്യ മിതവാദി പ്രതിനിധിയായ മാക്രോണ്‍ മുന്നിലെത്തിയിരുന്നുവെങ്കിലും അതിശക്തമായ മത്സരം തന്നെയായിരുന്നു രണ്ടാംഘട്ടത്തിലും നടന്നത്.

2017 ല്‍ രാജ്യത്തെ പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന വിശേഷണവുമായാണ് മാക്രോണ്‍ അധികാരത്തില്‍ ആദ്യമായി എത്തുന്നത്. 65.5 ശതമാനം വോട്ടുകളുടെ മികച്ച ഭൂരിപക്ഷം നേടിയായിരുന്നു ഫ്രാന്‍സ്വ ഒളോന്ദിന്റെ പിന്‍ഗാമിയായി ആദ്യതവണ മാക്രോണിന്റെ വിജയം.