നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി? ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പൊതു അവധി ഉള്‍പ്പെടെ ആലോചനയില്‍

ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ ദക്ഷിണേഷ്യന്‍ രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. വിദേശനാണ്യ പ്രതിസന്ധിയും പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുയരുന്നതുമാണ് നേപ്പാളിന് തിരിച്ചടിയായിരിക്കുന്നത്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് രാജ്യം. ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും അടക്കമുള്ള നടപടികളാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനത്തോളം കുറഞ്ഞു. നിലവില്‍ 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രമാണ് കരുതല്ശേഖരമായുള്ളത്. ഇന്ധനം ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ഇന്ത്യയില്‍നിന്നാണ് നേപ്പാള്‍ ഇറക്കുമതിചെയ്യുന്നത്. നിലവിലുള്ള കരുതല്‍ശേഖരം ഏഴുമാസത്തെ ചെലവിന് മാത്രമേ തികയൂ. രാജ്യത്തിന്റെ കടം മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായിട്ടുമുണ്ട്. നേപ്പാളിന് വിദേശനാണ്യം നേടിക്കൊടുക്കുന്നത് വിനോദസഞ്ചാരവും പ്രവാസികള്‍ അയയ്ക്കുന്ന നാട്ടിലേക്ക് അയയ്ക്കുന്ന പണവുമാണ്. എന്നാല്‍ കോവിഡ് തിരിച്ചടിയായതോടെ, വരുമാനം കുറയുകയും കരുതല്‍ വിദേശനാണ്യം ഇറക്കുമതിക്കായി ചെലവാക്കേണ്ട സ്ഥിതിയുമായി.
ഒരു മാസത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ന് യുദ്ധം, ആഗോള എണ്ണ വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. റഷ്യന്‍ എണ്ണയ്ക്കും ഇറാന്, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയ്ക്കുമുള്ള ഉപരോധവുമാണ് നേപ്പാളില്‍ ഇന്ധന പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ, സര്‍ക്കാര്‍ ഇന്ധനവില നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. അവശ്യവസ്തുക്കളുടെ വിലയും കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്താക്കുകയും ചെയ്തിരുന്നു.
വിദേശനാണ്യ പ്രതിസന്ധിയെ നേരിടാന്‍, വിദേശത്തു താമസിക്കുന്ന നേപ്പാള്‍ പൗരന്മാരോട് രാജ്യത്തെ ബാങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ തുറന്ന് നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കുറഞ്ഞുവരുന്ന കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ വിലകൂടിയ കാറുകള്‍, സ്വര്‍ണം, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെയും മറ്റ് സാധനങ്ങളുടെയും തീരുവ കുറയ്ക്കാനാകുമോയെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുമേഖലാ ഓഫീസുകള്‍ക്ക് ഈ മാസം രണ്ട് അവധികള്‍ നല്കുന്ന കാര്യവും ആലോചനയിലുണ്ട്. നേപ്പാള്‍ കേന്ദ്ര ബാങ്കും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനുമാണ് പൊതു അവധിയെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വെച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വക്താവ് ഗ്യാനേന്ദ്ര ബഹാദൂര്‍ കര്‍ക്കി മാധ്യമങ്ങളോട് അറിയിച്ചത്. നിര്‍ദേശം വന്നിട്ടുണ്ടെന്നും അത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.