ന്യൂയോര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റ് കൂട്ടക്കൊല 'വംശീയ പ്രേരിതം'; ലൈവ് സ്ട്രീമിംഗ് നടത്തി 18 കാരന് കൊലയാളി

ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരെ വെടിവച്ചു കൊന്ന സംഭവം 'വംശീയ പ്രേരിത' സംഭവമാണെന്ന് പൊലീസ്. പട്ടാളവേഷം ധരിച്ചെത്തിയ 18 കാരനായ പേടെന്‍ ജെന്‍ഡ്രന്‍ എന്ന വെള്ളക്കാരനാണ് കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കറുത്ത വംശജരാണ്. കറുത്ത വംശജരായ ജനങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് കൂട്ടക്കൊല നടന്നത്. മൂന്നു പേര് പരിക്കേറ്റ് ആശുപത്രിയിലാണ്. തലയില്‍ ധരിച്ചിരുന്ന ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന കാമറയിലൂടെ താന്‍ നടത്തുന്ന ക്രൂരതയുടെ തത്സമയ ദൃശ്യങ്ങള്‍ അക്രമി പുറത്തു വിടുകയും ചെയ്തിരുന്നു. പൊലീസ് പിന്നീട് അക്രമിയെ അറസ്റ്റ് ചെയ്തു.

അക്രമി ആദ്യം ടോപ്സ് ഫ്രണ്ട്ലി സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നവര്‍ക്കു നേരെയായിരുന്നു വെടിയുതിര്‍ത്തത്. നാലുപേര്‍ക്കു നേരായണ് നിറയൊഴിച്ചത്. ഇവരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിച്ച് തുരുതുരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ബഫലോ പൊലീസ് കമ്മീഷണര്‍ ജോസഫ് ഗ്രാമഗ്ലിയ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. അദ്ദേഹം സൂപ്പര്‍മാര്‍ക്കറ്റില്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്നു. അക്രമിയെ തടയാന്‍ ഈ സുരക്ഷ ഉദ്യോഗസ്ഥന് ശ്രമിച്ചതാണ്. അയാള്‍ അക്രമിക്കു നേരെ വെടിയുതിര്‍ത്തെങ്കിലും അക്രമി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. തുടര്‍ന്ന് അക്രമി തിരിച്ചു നടത്തിയ വെടിവയ്പ്പിലാണ് സുരക്ഷ ഉദ്യോഗസ്ഥന് കൊല്ലപ്പെടുന്നത്. മൊത്തം 13 പേര്‍ക്കെതിരേ അക്രമി വെടിയുതിര്‍ത്തിരുന്നു. ഇതില്‍ 11 പേരും കറുത്ത വംശജരായിരുന്നു. രണ്ട് പേര് വെളുത്ത വംശജരും. ട്വിച്ച് എന്ന ഗെയ്മിംഗ് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം വഴിയാണ് അക്രമി വെടിവയ്പ്പിന്റെ തത്സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ അക്രമി തോക്ക് സ്വയം കഴുത്തില്‍ വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് ഇയാളോട് സംസാരിച്ച് ശാന്തനാക്കിയതോടെയാണ് കീഴടങ്ങാന്‍ തയ്യാറായത്. ഇയാളെ ശനിയാഴ്ച്ച വൈകിട്ടോടെ ബഫലോ സിറ്റി കോടതിയില്‍ ഹാജരാക്കി. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ആണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചീഫ് ജഡ്ജ് ക്രെയ്ഗ് ഹന്ന അറിയിച്ചിട്ടുണ്ട്.