യുക്രെയ്‌നു വേണ്ടിയാണ് പ്രാര്‍ത്ഥന, ധീരരായിരിക്കൂ; ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശവുമായി മാര്‍പാപ്പ

 
pope francis
റഷ്യന്‍ സൈനിക നടപടിയില്‍ നിലപാട് ആവര്‍ത്തിച്ച് മാര്‍പാപ്പ



 
ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ കൂരിരുട്ടില്‍ കഴിയുന്ന യുക്രെയ്ന്‍ ജനതയ്ക്കായി ഈ രാത്രി പ്രാര്‍ത്ഥിക്കുന്നു. യുക്രെയ്‌നൊപ്പമാണ് എല്ലാവരും. ധീരരായിരിക്കൂ, ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ നിലപാട് ആവര്‍ത്തിച്ചത്. റഷ്യന്‍ ആക്രമണം ഏറ്റവും രൂക്ഷമായ മരിയുപോള്‍ നഗരത്തിലെ മേയറും മൂന്ന് യുക്രെയ്ന്‍ പാര്‍ലമെന്റ് അംഗങ്ങളും വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു. 

ഉയിത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയേകുന്ന തിരുനാളില്‍, സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. യുക്രെയ്ന്‍ ജനതയുടെ ധീരതയെ വാഴ്ത്തിയ അദ്ദേഹം ദൈന്യതയുടെ നാളുകളില്‍ യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമുണ്ടെന്ന് അറിയിച്ചു. നിങ്ങള്‍ ജീവിക്കുന്ന ഈ ഇരുട്ടില്‍, മിസ്റ്റര്‍ മേയറെ, പാര്‍ലമെന്റംഗങ്ങളെ, യുദ്ധത്തിന്റെ, ക്രൂരതയുടെ കനത്ത ഇരുട്ടില്‍, ഞങ്ങള്‍ എല്ലാവരും ഈ രാത്രിയില്‍ നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ സഹവര്‍ത്തിത്തവും പ്രാര്‍ത്ഥനയും നിങ്ങള്‍ക്ക് നല്‍കാനും നിങ്ങളോട് പറയാനും മാത്രമേ കഴിയൂ. ധീരരായിരിക്കൂ, ഞങ്ങള്‍ നിങ്ങളെ അനുഗമിക്കുന്നു- സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. യുക്രെയ്‌നിയന്‍ ഭാഷയില്‍ 'ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. 

കഴിഞ്ഞ മാസം റഷ്യന്‍ സൈന്യം തടവിലാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത മെലിറ്റോപോളിലെ മേയര്‍ ഇവാന്‍ ഫെഡോറോവും കുടുംബവും കുര്‍ബാനയില്‍ പങ്കെടുത്തു. മൂന്ന് യുക്രെയ്‌നിയന്‍ പാര്‍ലമെന്റ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കിയില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍വശത്ത് വലിയ വെള്ളക്കസേരയില്‍ ഇരുന്നാണ് ഈസ്റ്റര്‍ സന്ദേശം വായിച്ചത്. ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5500 വിശ്വാസികള്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിയിരുന്നു.