ശ്രീലങ്കയില്‍ 'രാജപക്‌സ'മാരില്ലാത്ത സര്‍ക്കാര്‍ ഉടന്‍ വരുമെന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ

 രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ തള്ളി പ്രതിരോധ സെക്രട്ടറി
 
srilanka

ശ്രീലങ്കയില്‍ ഈ ആഴ്ച്ചയില്‍ തന്നെ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുമെന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജപക്‌സമാരില്ലാത്ത ഒരു യുവ മന്ത്രിസഭയെ ആയിരിക്കും താന്‍ നിയമിക്കുകയെന്നും ഗോട്ടബായ വ്യക്തമാക്കി. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭരണഘടനയുടെ 19 ആം ഭേദഗതിയുടെ ഉള്ളടക്കം നടപ്പിലാക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി നടപ്പിലാക്കിയായിരിക്കും പുതിയ മന്ത്രിസഭയെ നിയമിക്കുകയെന്നും ഗോട്ടബായ രാജപക്‌സയുടെ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരന്‍ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രി പദം രാജിവച്ചതിനു രണ്ടു ദിവസത്തിനുശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് തുടര്‍ തീരുമാനങ്ങള്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമെന്നാണ് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയത്. കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, സ്വത്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ ഹീനമായ പ്രവര്‍ത്തികള്‍ ഒന്നും ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അക്രമങ്ങള്‍ കര്‍ശനമായി അടിച്ചമര്‍ത്താന്‍ മൂന്നു സൈനിക വിഭാഗങ്ങള്‍ക്കും ശ്രീലങ്കന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

പ്രസിഡന്റ് ഗോട്ടബായ രാജപസ്‌കയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രസിഡന്റിന്റെ രാജി വരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം തുടരുമെന്നും സമര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, ഔദ്യോഗിക വസതി ഉപേക്ഷിച്ചു രക്ഷപ്പെട്ട മഹിന്ദ രാജപക്‌സയും കുടുംബവും ട്രിങ്കോമാലി നാവിക താവളത്തില്‍ സുരക്ഷിതരാണെന്ന് പ്രതിരോധ സെക്രട്ടറി റിട്ടയേര്‍ഡ് ജനറല്‍ കമല്‍ ഗുണരത്‌നെ അറിയിച്ചു. ' അദ്ദേഹം എല്ലാക്കാലവും ഇവിടെ തന്നെ കഴിയില്ല. സ്ഥിതിഗതികള്‍ ശാന്തമായി കഴിഞ്ഞ് പുതിയൊരു വസതിയിലേക്കോ അല്ലെങ്കില്‍ അദ്ദേഹം തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കോ മാറും' എന്നാണ് പ്രതിരേധ സെക്രട്ടറി അറിയിച്ചത്.

കര്‍ഫ്യൂ തുടരുന്ന രാജ്യത്ത് സൈന്യത്തിന്റെയും പൊലീസിന്റെയും ശക്തമായ സാന്നിധ്യം തെരുവുകളിലുണ്ട്. പൊതുമുതലുകള്‍ നശിപ്പിക്കുകയോ മോഷ്ടിക്കുകയോ, മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുകയോ ചെയ്യുന്നവര്‍ക്കെതിരേ ഷൂട്ട് അറ്റ് സൈറ്റ് ഓഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൊളംബോയിലെ തെരുവകളില്‍ സൈനിക വാഹനങ്ങളും പൊലീസുകാരുമാണ് ഇപ്പോള്‍ അധികം. എങ്കിലും പ്രതിഷേധക്കാര്‍ ശക്തമായി തന്നെ നിലകൊള്ളുന്നുമുണ്ട്.

അതേസമയം, സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ സെക്രട്ടറി കമല്‍ ഗുണരത്‌നെ അറിയിച്ചു. ഞങ്ങളുടെ സേന ഉദ്യോഗസ്ഥരില്‍ ആരും തന്നെ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്തവരാണ്. അങ്ങനെയൊന്നും ഒരിക്കലും ഞങ്ങളുടെ രാജ്യത്ത് സംഭവിക്കില്ല. അതത്രയെളുപ്പവുമല്ല. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ശാന്തമായാല്‍ സൈന്യം തങ്ങളുടെ ബാരക്കുകളിലേക്ക് തിരിച്ചുപോകുമെന്നും ഗുണരത്‌നെ പറഞ്ഞു.