റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായേക്കും; മഹിന്ദ രാജപക്‌സ രാജ്യം വിടരുതെന്ന് കോടതി ഉത്തരവ്

മുന്‍ പ്രധാനമന്ത്രിയായ വിക്രമസിംഗെയ്ക്ക് പാര്‍ലമെന്റില്‍ ആകെ ഒരംഗമാണുള്ളത്
 
ranil

മഹിന്ദ രാജപക്‌സയുടെ പിന്‍ഗാമിയായി മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ അടുത്ത പ്രധാനമന്ത്രിയായേക്കും. കൊളംബോ പേജ് എന്ന ശ്രീലങ്കന്‍ പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഒരുപക്ഷേ വ്യാഴാഴ്ച്ച തന്നെ റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തേക്കുമെന്നും അറിയുന്നു. 225 അംഗ പാര്‍ലമെന്റില്‍ ഒറ്റയംഗം മാത്രമാണ് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി)യ്ക്കുള്ളത്. ശ്രീലങ്കയുടെ നിലവിലെ സാഹചര്യമാണ് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള അവസരം ഒരുക്കിയത്. രാജപക്‌സെമാരില്ലാത്ത ഒരു പുതിയ മന്ത്രിസഭയെ താന്‍ നിയോഗിക്കുമെന്ന് ബുധനാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ പ്രഖ്യാപിച്ചിരുന്നു. ഒരു സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. മുന്‍ പ്രധാനമന്ത്രി മഹിന്ദയും ഇത്തരമൊരു നീക്കം നടത്തിയിരുന്നു. എന്നാല്‍ രാജപക്‌സെമാരുടെ സര്‍ക്കാരില്‍ പങ്കാളിയാകാന്‍ താത്പര്യമില്ലെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.


അതേസമയം, മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ, മകനും മുന്‍ മന്ത്രിയുമായ നമല്‍ രാജപക്‌സെ ഇവരുടെ 15 ബന്ധുക്കള്‍ എന്നിവര്‍ ആരും രാജ്യം വിട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരേ അക്രമം അഴിച്ചു വിട്ട സംഭവത്തിന്‍ മേലാണ് കോടതി ഇത്തരമൊരു നിരോധനം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പ്രതിഷേധക്കാര്‍ക്കെതിരേ അക്രമം ഉണ്ടായത്. സമാധാനപരമായി പ്രതിഷേധിച്ചിരുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ സംഭവം വലിയൊരു കലാപത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. ഒരു എം പി ഉള്‍പ്പെടെ ഒമ്പതു പേരാണ് അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം മഹിന്ദ രാജപക്‌സയുടെ തറവാട് വീട് അടക്കം കത്തിച്ചു. ജനരോഷം ഭയന്ന് ഔദ്യോഗിക വസതിയുപേക്ഷിച്ച് മഹിന്ദയും കുടുംബവും നാവിക താവളത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച നടന്ന അക്രമങ്ങളില്‍ പൊലീസ് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.