'യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണം; അല്ലെങ്കില്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍': യുഎസിന് റഷ്യയുടെ മുന്നറിയിപ്പ് 

 
Biden Putin

യുഎസ് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു


യുക്രെയ്‌ന് സൈനിക സഹായം നല്‍കുന്നതില്‍ യുഎസിന് മുന്നറിയിപ്പുമായി റഷ്യ. അത്യാധുനിക ആയുധങ്ങളുടെ കയറ്റുമതിയുമായി മുന്നോട്ടുപോയാല്‍, 'പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രെയ്‌ന് 'ഏറ്റവും സെന്‍സിറ്റീവ്' ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ റഷ്യ നയതന്ത്ര കുറിപ്പില്‍ യുഎസിനും നാറ്റോയ്ക്കും മുന്നറിയിപ്പ് നല്‍കി. ഇത്തരം കയറ്റുമതി നിലവിലെ സാഹചര്യത്തിന് 'ഇന്ധനം' പകരുന്നതാണെന്നും അത് 'പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്നുമാണ് മുന്നറിയിപ്പെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്ററുകള്‍, ഹൗറ്റ്‌സറുകള്‍, കവചിത കാരിയറുകള്‍ ഉള്‍പ്പെടെ യുക്രെയ്നിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് റഷ്യയുടെ മുന്നറിയിപ്പ്.

'റഷ്യക്കാര്‍ ഞങ്ങളോട് സ്വകാര്യമായി പറയുന്നത് കൃത്യമായി ഞങ്ങള്‍ ലോകത്തോട് പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. യുക്രെയ്‌നിയന്‍ പങ്കാളികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന വന്‍തോതിലുള്ള സഹായം അസാധാരണമാംവിധം ഫലപ്രദമാണെന്നാണ് അത് തെളിയിക്കുന്നത്' -മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. അതേസമയം, നയതന്ത്ര കുറിപ്പിനെക്കുറിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചു. സ്വകാര്യ നയതന്ത്ര കത്തിടപാടുകളെക്കുറിച്ച് സ്ഥിരീകരണമുണ്ടാകില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അഭിപ്രായപ്പെട്ടത്. 'ഒരു കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കാം. സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കുമൊപ്പം ഞങ്ങള്‍ യുക്രെയ്നിന് ബില്യണ്‍ കണക്കിന് ഡോളറിന്റെ സുരക്ഷാ സഹായം നല്‍കുന്നു. റഷ്യയുടെ പ്രകോപനമില്ലാത്ത ആക്രമണത്തിനും ഭീകരമായ അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെ പ്രതിരോധിക്കാന്‍ യുക്രെയ്‌നിയന്‍ പങ്കാളികള്‍ അസാധാരണമായ പ്രയത്‌നമാണ് നടത്തുന്നത്' -സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, നയതന്ത്ര കുറിപ്പ് സാധാരണ ചാനലുകളിലൂടെയാണ് അയച്ചതെന്നും മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരൊന്നും ഒപ്പിട്ടിട്ടില്ലെന്നുമാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയ്നിന് യുഎസ് നല്‍കുന്ന സാമ്പത്തിക പിന്തുണയില്‍ റഷ്യക്ക് ആശങ്കയുണ്ടെന്ന് ഔദ്യോഗിക കത്തിടപാടുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പ്രതികരിച്ചത്. യുക്രെയ്നിലെ അധിനിവേശം തുടരുന്നതിനാല്‍, യുഎസിനും നാറ്റോയ്ക്കുമെതിരെ കൂടുതല്‍ ആക്രമണാത്മക നിലപാട് സ്വീകരിക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്നാണ്, പരാതിയും മുന്നറിയിപ്പും അര്‍ത്ഥമാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.