തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായി റഷ്യ; ചെറുത്തുനില്‍പ്പ് തുടര്‍ന്ന് യുക്രെയ്ന്‍ സേന

 
Mariupol Russia
യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്ത് പാശ്ചാത്യരാജ്യങ്ങള്‍

യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം രണ്ട് മാസമാകുമ്പോള്‍, തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായി റഷ്യ. അസോവ്‌സ്റ്റല്‍ മെറ്റലര്‍ജിക്കല്‍ പ്ലാന്റ് ഒഴികെ നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിതിഗതികള്‍ ശാന്തമാണ്. 1,42,000 സാധാരണക്കാരെ ഒഴിപ്പിച്ചു. 1478 യുക്രെയ്ന്‍ പോരാളികള്‍ കീഴടങ്ങി. എന്നാല്‍, രണ്ടായിരത്തോളം പോരാളികള്‍ ഇപ്പോഴും പ്ലാന്റിനെ സംരക്ഷിച്ചുകൊണ്ട് ചെറുത്തുനില്‍പ്പ് തുടരുകയാണ്. പ്ലാന്റ് ഉപരോധിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നെങ്കിലും ആക്രമിക്കാനുള്ള പദ്ധതികള്‍ റദ്ദാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

യുദ്ധക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ച മരിയുപോളില്‍ ശക്തമായ ആക്രമണമാണ് തുടരുന്നത്. ഒളിസങ്കേതങ്ങള്‍ ഉള്‍പ്പെടെ ബോംബാക്രമണങ്ങള്‍ക്ക് വിധേയമായി. യുക്രെയ്ന്‍ ശക്തികേന്ദ്രമായ വലിയ സ്റ്റീല്‍ പ്ലാന്റും റഷ്യന്‍ സൈന്യം വളഞ്ഞിട്ടുണ്ട്. പ്ലാന്റിനകത്തുള്ള യുക്രെയ്ന്‍ സേനയുടെ ചെറുത്തുനില്‍പ്പുകളെ മറികടന്നുകൊണ്ടാണ് റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം. 'ഞങ്ങള്‍ക്ക് ഇവിടെ കുറച്ചു മണിക്കൂറോ ദിവസങ്ങളോ മാത്രമേ ശേഷിക്കുന്നുള്ളൂ' എന്ന് യുക്രെയ്ന്‍ സേനാംഗം പറയുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു. കനത്ത ആക്രമണം തുടരുന്നതിനാല്‍, തുറമുഖ നഗരത്തില്‍ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും പരാജപ്പെടുകയാണ്. 

മരിയുപോള്‍ പിടിച്ചടക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് യുക്രെയ്ന്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആവശ്യങ്ങളുടെ കരട് റഷ്യ സമര്‍പ്പിച്ചിരുന്നു. അതിനോട് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല. വ്യക്തമായിട്ടുള്ള കാര്യങ്ങള്‍ അടങ്ങിയിട്ടുള്ള രേഖയാണ് നല്‍കിയിട്ടുള്ളതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി പന്ത് യുക്രെയ്‌ന്റെ കോര്‍ട്ടിലാണ്. സമാധാന ശ്രമങ്ങളോട് യുക്രെയ്‌ന്റെ ഭാഗത്തുനിന്ന് തണുത്ത പ്രതികരണങ്ങളാണ് ഉണ്ടാകുന്നതെന്നും ദിമിത്രി പെസ്‌കോവ് വിമര്‍ശിച്ചു. റഷ്യന്‍ ആക്രമണം തുടങ്ങിയതിനുശേഷം, 50 ലക്ഷം ആളുകള്‍ യുക്രെയ്ന്‍ വിട്ട് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയതായാണ് യുഎന്‍ റിപ്പോര്‍ട്ട്.

അതിനിടെ, ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ആര്‍എസ് -28 സര്‍മാറ്റ് റഷ്യ പരീക്ഷിച്ചു. രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധം എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രതികരണം. റഷ്യയുടെ കിഴക്കന്‍ മേഖലയായ പ്ലെസെറ്റെസ്‌ക് നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. ദീര്‍ഘകാലമായി വികസനഘട്ടത്തിലുണ്ടായിരുന്ന മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്നും റഷ്യ അറിയിച്ചു. റഷ്യയുടെ പക്കലുള്ള ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര മിസൈലായ ആര്‍എസ് -28 സര്‍മാറ്റിനെ സാത്താന്‍ 2 എന്നാണ് നാറ്റോ വിശേഷിപ്പിക്കുന്നത്. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിത്. യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍, മിസൈല്‍ പരീക്ഷണത്തെ വളരെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

വാണിജ്യ നഗരങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമില്‍ സെലെന്‍സ്‌കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിരിക്കുന്നത്. യുക്രെയ്ന്‍ ജനത റഷ്യക്കെതിരെ വീര്യത്തോടെ പോരാടിയെന്ന് അഭിപ്രായപ്പെട്ട ട്രൂഡോ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും വ്യക്തമാക്കി. പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് 14 റഷ്യക്കാരെക്കൂടി കാനഡ ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 

സഖ്യകക്ഷികളില്‍ നിന്ന് മുഴുവന്‍ വിമാനങ്ങളും യുക്രെയ്‌ന് ലഭ്യമായിട്ടില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഷെല്ലുകള്‍ പ്രയോഗിക്കുന്ന ദീര്‍ഘദൂര ആയുധമായ ഹോവിറ്റ്സര്‍ ഉപയോഗിക്കാന്‍ യുക്രെയ്‌ന് പരിശീലനം നല്‍കും. റഷ്യ യുക്രെയ്‌നിലേക്ക് അയച്ച സൈനിക ശക്തിയുടെ 25 ശതമാനവും നഷ്ടപ്പെട്ടതായും പെന്റഗണ്‍ പറഞ്ഞു. യുക്രെയ്‌ന് നൂറോളം മിസ്ട്രല്‍ എയര്‍ ഡിഫന്‍സ് മിസൈലുകള്‍ നോര്‍വേ നല്‍കി. കീവ് സന്ദര്‍ശിച്ച യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളും യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.