പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍; പ്രസിഡന്റും രാജിവയ്ക്കാതെ പിന്മാറില്ലെന്ന് ജനം
സര്‍ക്കാര്‍ അനുകൂലികള്‍ തങ്ങളെ ആക്രമിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ രക്തരൂക്ഷിതമാകുന്നു. ചൊവ്വാഴ്ച്ച നടന്ന സംഘര്‍ഷങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 225 ഓളം പരിക്കേറ്റ് ആശുപത്രികളിലാണ്. സര്‍ക്കാര്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. നിരവധി ഭരണകക്ഷിക്കാരായ രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ പ്രക്ഷോഭകാരികള്‍ തകര്‍ത്തു. ഇത്തരത്തില്‍ 42 ഓളം വീടുകള്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.

അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുമുതല്‍ നശിപ്പിക്കുകയോ മനുഷ്യരുടെ ജീവന് അപകടത്തിലാക്കുകയോ ചെയ്യുന്നവരെ നേരിടാന്‍ പ്രതിരോധ മന്ത്രാലയം സുരക്ഷ സൈന്യത്തിന് ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കര്‍ഫ്യു തുടരുകയാണിപ്പോഴും. ആയിരക്കണക്കിന് സുരക്ഷ സൈനികരെയാണ് കര്‍ഫ്യു പാലിക്കപ്പെടാനായി നിയോഗിച്ചിരിക്കുന്നത്.
പ്രസിഡന്റ് ഗോട്ടബായ രാജപക്സെയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മഹിന്ദ രാജപക്സെ പ്രധാനമന്ത്രി പദം രാജിവച്ചെങ്കിലും ജനരോഷം ശമിപ്പിക്കാന്‍ അതു മതിയാകുന്നില്ലെന്നാണ് ശ്രീലങ്കയുടെ സ്ഥിതി വ്യക്തമാക്കുന്നത്.
മഹിന്ദയുടെ സഹോദരന് കൂടിയായ പ്രസിഡന്റ് ഗോട്ടബായയും പുറത്തു പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ പ്രസിഡന്റ് രാജിവയ്ക്കുമെന്നാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവരിലൊരാളായ ചമല്‍ പൊല്വാട്ടഗെ പറയുന്നത്. പ്രസിഡന്റ് രാജിവയ്ക്കാതെ ഈ പ്രതിഷേധം അവസാനിപ്പിച്ച് തങ്ങള്‍ പിന്തിരിയില്ലെന്നും 25 കാരനായ ചമല്‍ ഉറപ്പിച്ചു പറയുന്നു. സര്‍ക്കാര്‍ അനുകൂലികളായവര്‍ തങ്ങളെ അക്രമിക്കുകയാണെന്നും ഇത് ജനരോഷം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ചമല്‍ ന്യൂസ് ഏജന്‍സിയായ എ എഫ് പി യോട് പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനു നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. പ്രതിഷേധക്കാരെ വടികളും ദണ്ഡുകളും കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെയാണ് ജനംതിരിച്ചടിക്കാന് തുടങ്ങിയത്. രാജപക്സെമാരുടെ തറവാട് വീട് അടക്കം അവര്‍ കത്തിച്ചു. ജീവന് ഭയന്ന് മഹിന്ദ രാജപക്സെയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും സൈന്യത്തിന്റെ സഹായത്തോടെ നാവിക താവളത്തിലെ സുരക്ഷാസങ്കേതത്തിലേക്ക് ഒളിച്ചോടുകയും ചെയ്തു. മഹിന്ദയുടെ ഔദ്യോഗിക വസതി ജനം വളഞ്ഞതോടെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ പുലരും മുന്നേ ഹെലികോപ്റ്ററില്‍ കയറ്റി മഹിന്ദയെയും കുടുംബത്തെയും സൈന്യം നാവിക താവളത്തിലെത്തിച്ചത്.
രാജപക്സമാരുടെ ബന്ധുവിന്റെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച്ച തീയിട്ടിരുന്നു. നിരത്തുകളില്‍ വാഹനങ്ങള്‍ കത്തിച്ചു പ്രതിഷേധിച്ചവരെ പിരിച്ചു വിടാന്‍ പൊലീസ് പല തവണ ആകാശത്തേക്ക് വെടിവച്ച് മുന്നറിയിപ്പു നല്‍കിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊളംബോ എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. രാജപക്സെയുടെ ബന്ധുക്കള്‍ ആരെങ്കിലും രക്ഷപ്പെട്ടുപോകുന്നത് തടയാനാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എയര്‍പോര്‍ട്ടിലേക്കു പോകുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ പരിശോധിക്കുന്നുമുണ്ട്.
ഭരണകക്ഷി എം പി യായ അമരകീര്‍ത്തി അതുകൊറലയെ പ്രതിഷേധക്കാര്‍ കൊന്നുവെന്ന സര്‍ക്കാര്‍ അനുകൂലികളുടെ ആരോപണം ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. എം പി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്കെതിരേ ആദ്യം വെടിവച്ചത് എംപിയാണെന്നും, ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ടുപോകാനാകാതെ വന്നതോടെ എംപി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എം പിയുടെ രണ്ട് അംഗരംക്ഷകരും കൊല്ലപ്പെട്ടിരുന്നു. ഭരണകക്ഷിയിലെ മറ്റൊരു നേതാവ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തതില്‍ രണ്ടു പേര് കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നുള്ള വാര്‍ത്തയും വരുന്നുണ്ട്.