കത്തിയെരിഞ്ഞ് ലങ്ക;പ്രധാനമന്ത്രിയുടെ രാജിയും പരിഹാരമാകുന്നില്ല

മാസങ്ങളായി സഹിക്കുന്ന ദുരിതമാണ് ജനങ്ങളെ കലാപകാരികളാക്കിയത്
 
srilanka

ആഭ്യന്തരകലഹത്തില്‍ കത്തിയെരിഞ്ഞ് ശ്രീലങ്ക. മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞിട്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ രോഷം അണയുന്നില്ല. അതിന്റെ തെളിവായിരുന്നു കരുനെഗല നഗരത്തിലുള്ള മഹിന്ദയുടെ വസതികള്‍ അഗ്നിക്കിരയാക്കിയത്. രാജപക്‌സെ അനുകൂലികളും തെരുവിലിറങ്ങിയതോടെയാണ് ലങ്കന്‍ മണ്ണ് വീണ്ടുമൊരിക്കല്‍ കൂടി പ്രക്ഷുബ്ധമായത്. സര്‍ക്കാര്‍ അനുകൂലികളും വിരുദ്ധരും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നാണ് അന്നാട്ടില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും പറയുന്നത്. തിങ്കളാഴ്ച്ച നടന്ന സംഘര്‍ഷത്തിനിടയില്‍ ഭരണകക്ഷിയില്‍പ്പെട്ട ഒരു പാര്‍ലമെന്റ് അംഗം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കു പരിക്കുമേറ്റിരുന്നു. ശ്രീലങ്ക നേരിട്ട കനത്ത സാമ്പത്തിക തകര്‍ച്ചയുടെ അനന്തരഫലങ്ങളാണ് ഇപ്പോള്‍ ദ്വീപ് രാഷ്ട്രത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ സര്‍ക്കാര്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. പ്രക്ഷോഭകാരികള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് ലങ്ക കത്താന്‍ തുടങ്ങിയത്. ബസുകള്‍ കത്തിച്ചും പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയുടെയും സഹോദരന്‍ മഹിന്ദ രാജപക്‌സെയുടെയും മാതാപിതാക്കളുടെ സ്മാരകള്‍ തല്ലി തകര്‍ത്തും മുന്നേറിയ അവര്‍ പിന്നീട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത് തലസ്ഥാനമായ കൊളംബോയില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയുള്ള ഹമ്പന്‍തോട്ടയിലുള്ള രാജപക്‌സെമാരുടെ കുടുംബ വീട് അഗ്നിക്കിരയാക്കിക്കൊണ്ടായിരുന്നു. പിന്നാലെ മൂന്നു മന്ത്രിമാരുടെയും രണ്ട് എംപിമാരുടെയും വീടുകളും പ്രോക്ഷഭകാരികള്‍ തകര്‍ത്തു.

പ്രോക്ഷഭകാരികളുമായുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് പാര്‍ലമെന്റ് അംഗം അമരകീര്‍ത്തി അതുകോറലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നിട്ടമ്പുവയില്‍ വച്ച് അമരകീര്‍ത്തിയുടെ കാര്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞിരുന്നു. കാര്‍ തടഞ്ഞവര്‍ക്കു നേരെ എം പി വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമരകീര്‍ത്തി കൊല്ലപ്പെടുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രക്ഷോഭം രൂക്ഷമായതോടെ പ്രസിഡന്റ് രാജപക്‌സെ രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു. കലാപകാരികളെ നേരിടാന്‍ പൊലീസ് ടിയര്‍ ഗ്യാസുകളും ജലപീരങ്കികളുമൊക്കെ ഉപയോഗിച്ചു. പക്ഷേ, അതൊന്നും കൊണ്ട് ജനങ്ങളെ തടയാന്‍ കഴിഞ്ഞില്ല. ഏകദേശം നൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായുണ്ടെന്നാണ് വിവരം.

ഒരു പുതിയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ രാജിവയ്ക്കുന്നതെന്നായിരുന്നു ഇളയ സഹോദരന്‍ കൂടിയായ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെയ്ക്ക് കൈമാറിയ രാജിക്കത്തില്‍ 76 കാരനായ മഹിന്ദ വ്യക്തമാക്കിയിരുന്നത്. അദ്ദേഹത്തിനൊപ്പം രണ്ട് കാബിനറ്റ് മന്ത്രിമാരും സ്ഥാനം രാജിവച്ചിരുന്നു. നിലവിലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ പുറത്തെക്കിക്കാന്‍ കഴിയുന്ന, എല്ലാ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പുതിയ സര്‍ക്കാരിനെ നിയമിക്കണമെന്നും പ്രസിഡന്റിനോടുള്ള അഭ്യര്‍ത്ഥനയായി മഹിന്ദ രാജി കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഹിന്ദയുടെ ലക്ഷ്യം തകരുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ ലങ്കയില്‍ കാണാനാകുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടി പുതിയ സര്‍ക്കാരില്‍ അംഗമാകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. രാജപക്‌സെയുടെ അനുയായികള്‍ നയിക്കുന്ന സര്‍ക്കാരില്‍ തങ്ങള്‍ ഭാഗമാകുന്നില്ലെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ലങ്കന്‍ ജനത അതീവ  ദുരിതത്തിലാണ്. ഭക്ഷണം, മരുന്ന്, ഇന്ധനം ഇവയുടെയെല്ലാം രൂക്ഷമായ ദൗര്‍ലഭ്യമാണ് രാജ്യം നേരിടുന്നത്. സ്വാതന്ത്ര്യം നേടിയതിനുശേഷം ഇതുപോലൊരു ദുര്‍ഘടാവസ്ഥയിലേക്ക് ശ്രീലങ്ക വീണിട്ടില്ല. മാസങ്ങളായി സഹിക്കുന്ന ദുരിതമാണ് ജനങ്ങളെ ഇപ്പോള്‍ കലാപകാരികളാക്കിയിരിക്കുന്നത്.