പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി പാര്‍ലമെന്റിനെ ശക്തിപ്പെടുത്തണം; ഭരണഘടന മാറ്റാനൊരുങ്ങി ശ്രീലങ്ക

 
mahinda rajapaksa
രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത പ്രധാനം

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രസിഡന്റിനോടും അധികാരത്തിലുള്ള കുടുംബാംഗങ്ങളോടും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ ശ്രീലങ്കയില്‍ പുതിയ രാഷ്ട്രീയ നീക്കം. പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും പാര്‍ലമെന്റിനെ കൂടുതല്‍ ശക്തീകരിക്കുന്നതിനുമായി ഭരണഘടന മാറ്റുമെന്ന് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ അറിയിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍, രാജ്യത്ത് രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും മഹീന്ദ രാജപക്‌സെ പാര്‍ലമെന്റില്‍ വ്യക്തമാക്കി.  

രാജ്യത്തെ രാഷ്ട്രീയമായി സുസ്ഥിരമാക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിക്കായി അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) ചര്‍ച്ചകള്‍ നടത്തുന്നതിനും സ്വീകരിക്കാവുന്ന ദ്രുത നടപടികളിലൊന്നാണ് അധികാര കൈമാറ്റമെന്ന് മഹീന്ദ രാജപക്സെ പാര്‍ലമെന്റില്‍ പറഞ്ഞു. 'സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുമ്പോള്‍, രാജ്യത്ത് രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പാര്‍ലമെന്റിന് കൂടുതല്‍ അധികാരമുള്ള ഭരണഘടനാ പദവിയിലേക്ക് മടങ്ങുന്നതിലൂടെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമാകും' -രാജപക്സെ പറഞ്ഞു. 2019ല്‍ തിരഞ്ഞെടുക്കപ്പെട്ട, പ്രധാനമന്ത്രിയുടെ സഹോദരന്‍ കൂടിയായ ഗോതബായ രാജപക്സെ കൂടുതല്‍ അധികാരങ്ങള്‍ പ്രസിഡന്റില്‍ കേന്ദ്രീകരിച്ചിരുന്നു. അതിനെ പൊളിച്ചെഴുതാനാണ് മഹീന്ദ രാജപക്‌സെയുടെ ശ്രമം.  

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച്, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ 11 ദിവസമായി പ്രസിഡന്റിന്റെ ഓഫീസിന്റെ പ്രവേശന കവാടം ഉപരോധിക്കുകയാണ്. പാപ്പരത്വത്തിന്റെ വക്കിലാണ് ശ്രീലങ്ക. മൊത്തം 25 ബില്യണ്‍ ഡോളര്‍ വരുന്ന വിദേശ കടത്തില്‍ ഈ വര്‍ഷം  ഏകദേശം 7 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമം തുടരുന്നതിനാല്‍, വിദേശ ഇറക്കുമതിക്കുള്ള സാമ്പത്തികശേഷിയും രാജ്യത്തിനില്ല. ഭക്ഷണം, പാചകവാതകം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യത്തിനൊപ്പം, ലഭ്യമായ പരിമിതമായ സാധനങ്ങള്‍ വാങ്ങുവാന്‍ മണിക്കൂറുകളോളം വരിനില്‍ക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. 

ഐഎംഎഫുമായുള്ള ചര്‍ച്ചകള്‍ക്കായി വിദേശ വായ്പകളുടെ തിരിച്ചടവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ധനമന്ത്രി അലി സാബ്രിയും ഉദ്യോഗസ്ഥരും ഞായറാഴ്ച ഐഎംഎഫുമായി ചര്‍ച്ച നടത്തിയിരുന്നു. ഈയാഴ്ച വാഷിംഗ്ടണില്‍ ഐഎംഎഫും ലോകബാങ്കും വാര്‍ഷിക യോഗങ്ങള്‍ നടത്തുന്നുണ്ട്. അതിനിടെ, ഭക്ഷണവും ഇന്ധനവും വാങ്ങാന്‍ ചൈനയോടും ഇന്ത്യയോടും ശ്രീലങ്ക അടിയന്തര വായ്പ അഭ്യര്‍ഥിച്ചിട്ടുണ്ട്.