'അവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പൊതുജീവിതം ഇല്ലാതാക്കുകയാണ്'

അഫ്ഗാനില്‍ താലിബാന്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ മലാല യൂസഫ്
 
malala

അഫ്ഗാനിസ്താനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പൊതുജീവിതം ഇല്ലാതാക്കാനാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്. താലിബാന്‍ ഭരണകൂടം അഫ്ഗാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ലോകം കാണാതിരിക്കരുതെന്ന് മലാല അഭ്യര്‍ത്ഥിച്ചു. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണം സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ താലിബാന്‍ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മലാല തന്റെ അശങ്കയും ഭയവും പങ്കുവച്ചത്.

' സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എല്ലാത്തരം പൊതുജീവിതങ്ങളും ഇല്ലാതാക്കാനാണ് താലിബാന്‍ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്നും തടഞ്ഞു, സ്ത്രീകള്‍ ജോലിക്കു പോകുന്നത് വിലക്കി, കുടുംബത്തിലെ പുരുഷനൊപ്പമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കി, ഇപ്പോള്‍ മുഖവും ശരീരവും മുഴുവന്‍ മറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു'- അഫ്ഗാനിലെ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മലാല ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്താനിലെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതില്‍ താലിബാനെ ഉത്തരവാദികളാക്കാന്‍ കൂട്ടായ നടപടി വേണമെന്നും ലോക നേതാക്കളോട് മലാല അഭ്യര്‍ത്ഥിച്ചു.

' താലിബാന്‍ അവരുടെ വാഗ്ദാനങ്ങള്‍ നിരന്തരമായി ലംഘിക്കുകയാണ്, ഈയൊരു സാഹചര്യത്തില്‍ അഫ്ഗാനിലെ സ്ത്രീകളുടെ കാര്യത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തരുത്. ഇപ്പോഴും സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും വേണ്ടി തെരുവുകളില്‍ പോരാടിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രങ്ങളില്‍. നമ്മള്‍ അവര്‍ക്കൊപ്പം തീര്‍ച്ചയായും നില്‍ക്കേണ്ടതുണ്ട്' മലാല ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശലംഘനങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രംഗത്തു വന്നിരുന്നു. സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന താലിബാന്റെ പുതിയ ഉത്തരവിലാണ് അന്റോണിയോ ഗുട്ടറസ് ആശങ്ക രേഖപ്പെടുത്തിയത്. പടിപടിയായി അഫ്ഗാന്‍ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് താലിബാന്‍ ചെയ്യുന്നതെന്നായിരുന്നു യു എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബന്നറ്റ് പറഞ്ഞത്. ' ശരീരം മുഴുവന്‍ മറച്ച് വസ്ത്രം ധരിക്കുക, തൊഴില്‍, വിദ്യാഭ്യാസം, സഞ്ചാരം, പൊതുജീവിതം എന്നിവയിലെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന് ഘട്ടം ഘട്ടമായി അഫ്ഗാനിലെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് താലിബാന്‍. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തീര്‍ച്ചയായും അനന്തരഫലങ്ങള്‍ ഉണ്ടാകും. അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകേണ്ട സമയായിരിക്കുന്നു'- ഒരു ട്വീറ്റില്‍ റിച്ചാര്‍ഡ് ബന്നറ്റ് പറയുന്നു.