പത്രപ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച വിക്രമസിംഗെ, അഞ്ചാം തവണ പ്രധാനമന്ത്രിയാകുന്നത് പാര്‍ലമെന്റില്‍ ഒറ്റയംഗം മാത്രമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയായി

സാമ്പത്തിക-രാഷ്ട്രീയ അരാജകത്വത്തിലേക്ക് വീണ ലങ്കയുടെ നേതൃത്വമാണ് ഇത്തവണ റനില്‍ ഏറ്റെടുത്തിരിക്കുന്നത്
 
vikramasinge

225 അംഗ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ ഒരൊറ്റ എംപി മാത്രമാണ് യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി)ക്കുള്ളത്. അതവരുടെ പാര്‍ട്ടി തലവന്‍ റനില്‍ വിക്രമസിംഗെയാണ്. ആ റനില്‍ വിക്രമസിംഗെയാണ് ഇനി മുതല്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രി. റനിലിന് കിട്ടിയ അവസരത്തെ മഹാഭാഗ്യമെന്നൊക്കെ വിളിക്കാന്‍ തോന്നുമെങ്കിലും, കത്തിയെരിയുന്ന ലങ്കയുടെ തലവര മാറ്റാനുള്ള വെല്ലുവിളിയാണ് ഈ പ്രധാനമന്ത്രി പദം. അതില്‍ കുറച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റനിലിന്റെ 'മഹാഭാഗ്യ'ത്തിന് അല്‍പ്പായുസ് മാത്രമായിരിക്കും. തന്റെ മുന്‍ഗാമിയെപ്പോലെ ജനങ്ങളില്‍ നിന്നും ഓടിയൊളിക്കേണ്ട ഗതിപോലും വന്നേക്കാം. മഹിന്ദ രാജപക്‌സയുടെ പിന്‍ഗാമിയായി റനില്‍ ആയിരുന്നില്ല ആദ്യ ചോയ്‌സ്. എന്നാല്‍ രാജപക്‌സ സഹോദരന്മാരുടെ തന്ത്രങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതോടെയാണ് 73 കാരനായ, ലങ്കന്‍ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവായ റനില്‍ വിക്രമസിംഗെ അഞ്ചാമത്തെ ഊഴവുമായി പ്രധാനമന്ത്രി കസേരയിലെത്തിയത്. എങ്കിലും റനിലിന്റെ രാഷ്ട്രീയ പാരമ്പര്യവും ഭരണരംഗത്തെ തഴക്കവും പരിചയവും നിലവിലെ സാഹചര്യങ്ങളുടെ ചൂട് കുറയ്ക്കാന്‍ ഉപയോഗപ്പെടുമെന്ന വിശ്വാസമെല്ലാവര്‍ക്കുമുണ്ട്. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെക്കുറിച്ച് ചില പ്രധാന വിവരങ്ങള്‍ അറിയാം.

അഭിഭാഷക വൃത്തിയില്‍ നിന്നാണ് റനില്‍ വിക്രമസിംഗെ 1970 കളില്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

ലങ്കയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമായിരുന്നു വിക്രമസിംഗെ. അദ്ദേഹത്തിന്റെ അമ്മാവന്‍ ജൂനിയസ് ജയവര്‍ദ്ധനെ ഒരു പതിറ്റാണ്ടിലേറെ ദ്വീപ് രാഷ്ട്രത്തിന്റെ പ്രസിഡന്റ് പദത്തിലിരുന്ന വ്യക്തിയാണ്.

1977 ല്‍ ആണ് വിക്രമസിംഗെ ആദ്യമായി ലങ്കന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകന്റെ കരിയര്‍ തെരഞ്ഞെടുക്കനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്ന് ഒരിക്കല്‍ വിക്രമസിംഗെ പറഞ്ഞിട്ടുണ്ട്. റനിലിന്റെ കുടുംബം നടത്തിയിരുന്ന പത്ര ബിസിനസ് 1973 ല്‍ സര്‍ക്കാര്‍ ദേശസാല്‍കരിച്ചിരുന്നു. അല്ലാത്തപക്ഷം താനൊരു മാധ്യമപ്രവര്‍ത്തകന്റെ വേഷം സ്വീകരിക്കുമായിരുന്നുവെന്നാണ് എ എഫ് പിയോട് വിക്രമസിംഗെ പറഞ്ഞത്.

1994 ല്‍ ആണ് യൂണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി)യുടെ തലവനായി റനില്‍ എത്തുന്നത്. ഇന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ യുഎന്‍പിക്കുള്ള ഒരേയൊരു എംപി വിക്രമസിംഗെ മാത്രമാണ്.

1993 ല്‍ ആണ് വിക്രമസിംഗെ ആദ്യമായി ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. അന്നത്തെ പ്രസിഡന്റ് രണസിംഗെ പ്രേമദാസയെ എല്‍ടിടി ബോംബാക്രമണത്തില്‍ വധിക്കുന്നതിനു പിന്നാലെയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രിയാകുന്നത്. പക്ഷേ, ഒരു വര്‍ഷത്തിലധികം അദ്ദേഹത്തിന് ആ പദവിയില്‍ ഇരിക്കാന്‍ കഴിഞ്ഞില്ല.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 2001 ല്‍ വീണ്ടും പ്രധാനമന്ത്രിയാകുമ്പോഴേക്കും അദ്ദേഹത്തിന് ശ്രീലങ്കന്‍ രാഷ്ട്രീയത്തിലും ജനങ്ങള്‍ക്കിടയിലും ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റിയ സാമ്പത്തിക മാനേജ്‌മെന്റ് വൈദഗ്ധ്യമാണ് വിക്രമസിംഗെയ്ക്ക് നേട്ടമായത്. എങ്കിലും പ്രസിഡന്റുമായുള്ള തര്‍ക്കം മൂലം പ്രധാനമന്ത്രി പദത്തില്‍ കലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ വന്നു.

2015 ല്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സയുടെ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വിക്രമസിംഗെയ്ക്കു മുന്നില്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് വഴി തെളിഞ്ഞു. ഒരു ഐക്യ സ്ഥാനാര്‍ത്ഥിയായി വിക്രമസിംഗയെ പ്രതിപക്ഷ കക്ഷികള്‍ മുന്നില്‍ നിര്‍ത്തയതോടെയാണ് മൂന്നാം വട്ടവും പ്രധാനമന്ത്രി കസേരയിലിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.

ഏകദേശം ഒരു വര്‍ഷത്തിനിപ്പുറം വിക്രമസിംഗെ, അതുവരെയായി ഉണ്ടാക്കിയെടുത്തിരുന്ന ' മിസ്റ്റര്‍ ക്ലീന്‍' ഇമേജ് തകരാന്‍ തുടങ്ങി. അതിന്റെ തുടക്കം സെന്‍ട്രല്‍ ബാങ്ക് ബോണ്ടുകളുമായി ബന്ധപ്പെട്ട കുംഭകോണമായിരുന്നു. ഈ കുംഭകോണത്തിനു പിന്നിലെ മുഖ്യ കുറ്റവാളിയായ സെന്‍ട്രല്‍ ബാങ്ക് മേധാവി അര്‍ജുന മഹേന്ദ്രന്‍, വിക്രമസിംഗെയുടെ സഹപാഠിയായിരുന്നു. മാത്രമല്ല. അര്‍ജുന്‍ മഹേന്ദ്രനെ സെന്‍ട്രല്‍ ബാങ്ക് മേധാവിയാക്കിയതും വിക്രമസിംഗെയായിരുന്നു. സെന്‍ട്രല്‍ ബാങ്ക് ബോണ്ട് കുംഭകോണം വിക്രമസിംഗെ സര്‍ക്കാരിനെ ആടിയുലച്ച സംഭവമായിരുന്നു.

വിക്രമസിംഗെയ്‌ക്കെതിരേ ശക്തമായ മറ്റൊരാരോപണം മുന്‍ സര്‍ക്കാരിലെ അഴിമതിക്കാരുമായി ചങ്ങാത്തം കൂടിയെന്നതായിരുന്നു. മഹിന്ദ രാജപക്‌സ സര്‍ക്കാരിലെ അഴമതിക്കേസ് പ്രതികളായ ഒരാളെ പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയായ വിക്രമസിംഗെയ്ക്ക് കഴിയാതെ പോയത് വലിയ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവച്ചു.

2018 ല്‍ അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന  മതിരിപാല സിരിസേന വിക്രമസിംഗെ സര്‍ക്കാരിനെ പിരിച്ചു വിട്ടു. പകരം മഹിന്ദ രാജപക്‌സയെ പ്രധാനമന്ത്രിയായി അവരോധിച്ചു. ഈ സംഭവം ലങ്കയില്‍ പുതിയ ഭരണഘടന പ്രതിസന്ധിക്ക് വഴി തെളിച്ചു. കഷ്ടിച്ച് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും വിക്രമസിംഗെ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

നാല് പതിറ്റാണ്ടോളമായി നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ രണ്ട് തവണ പ്രസിഡന്റ് പദത്തിലേക്ക് വിക്രമസിംഗെ മത്സരിച്ചെങ്കിലും രണ്ട് തവണയും പരാജയമായിരുന്നു ഫലം. വിക്രമസിംഗെയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യുഎന്‍പിയുടെയും രാഷ്ട്രീയ പ്രസക്തി ഏകദേശം അസ്തമിച്ചു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ യുഎന്‍പി അത്രവലിയ പരാജയമായിരുന്നു നേരിട്ടത്. അവിടെ നിന്നാണ് തികച്ചും അപ്രതീക്ഷിതമായി റനില്‍ വിക്രമസിംഗെ അഞ്ചാം തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്.