കറാച്ചിയില്‍ വനിത ചാവേര്‍ പൊട്ടിത്തെറിച്ചു; മൂന്നു ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയാണ് ചാവേറാക്രമണത്തിനു പിന്നില്‍
 
karachi

പാകിസ്താനില്‍ വനിത ചാവേര്‍ ആക്രമണത്തില്‍ മൂന്നൂ ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കറാച്ചി യൂണിവേഴ്‌സിറ്റിയുടെ വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി എന്ന വിഘടനവാദി ഗ്രൂപ്പ് ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആദ്യമായാണ് ഒരു വനിത പോരാളി തങ്ങള്‍ക്കു വേണ്ടി ചാവേര്‍ ആകുന്നതെന്ന് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടെത്തുകൊണ്ട് ടെലിട്രാമില്‍ ഇംഗ്ലീഷില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി വക്താവ് ജീയാന്ദ് ബലോച് പറയുന്നുണ്ട്.  ഷാരി ബലോച് അഥവ ബ്രാംഷ് എന്ന വനിത ചാവേറാണ് പൊട്ടിത്തെറിച്ചത്. ബലൂചിസ്താന്‍ പ്രതിരോധ പോരാട്ടത്തിലെ പുതിയ അധ്യായമാണിതെന്നാണ് വനിത ചാവേര്‍ സ്‌ഫോടനത്തെ ബിഎല്‍എ വിശേഷിപ്പിച്ചിരിക്കുന്നത്.


ചാവേര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കറാച്ചി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കണ്‍ഫൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുമായി വന്ന വാനിനു നേരെയാണ് ചാവേര്‍ ആക്രമണം നടത്തിയത്. യൂണിവേഴ്‌സിറ്റിക്കുള്ളിലേക്ക് വാന്‍ കയറുന്നതിന് തൊട്ടു മുമ്പായാണ് സ്‌ഫോടനം നടന്നത്.വാന്‍ വരുന്നതും കാത്ത് ചാവേര്‍ നില്‍ക്കുന്നതും, വാന്‍ അടുത്ത് വരുന്ന സമയത്ത് മുന്നോട്ടു നടന്നടുത്ത് പൊട്ടിത്തെറിക്കുന്നതും കാമറ ദൃശ്യങ്ങളില്‍ കാണാം. മൂന്നു ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി കറാച്ചി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ മറച്ച ബുര്‍ഖ ധരിച്ചൊരു സ്ത്രീ യൂണിവേഴ്‌സിറ്റിയുടെ വാന്‍ വരുമ്പോള്‍ മുന്നോട്ട് നടന്നടുക്കുന്നതും ഉഗ്രമായ സ്‌ഫോടനം നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നാണ് കറാച്ചി പൊലീസ് ചീഫ്  ഗുലാം നബി മേമന്‍ പറയുന്നത്.


ബലൂചിസ്താന്‍ പ്രവിശ്യകളില്‍ ചൈനീസ് പങ്കാളിത്തത്തോടെ പാകിസ്താന്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന വിഘടനവാദ സംഘമാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി. ഈ പ്രദേശങ്ങളില്‍ നടത്തുന്ന ഖനനവും എനര്‍ജി പ്രൊജക്ടുകളും നിര്‍ത്തണമെന്നാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയുടെ ആവശ്യം. ഇവിടെ നിരന്തരമായി ചൈനീസ് പൗരന്മാര്‍ക്കു നേരെ ഈ ഗ്രൂപ്പ് ആക്രമണം നടത്താറുമുണ്ട്. ഇത്തരം ആക്രമണങ്ങളുടെ ഭാഗമായി തന്നെയാകണം ഇപ്പോള്‍ നടന്നിരിക്കുന്ന ചാവേര്‍ സ്‌ഫോടനമെന്നും കരുതുന്നു. 2021 ജൂലൈയില്‍ പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ദസുവില്‍ നടന്ന ഒരു ബസ് സ്‌ഫോടനത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ വിഘടനവാദ ഗ്രൂപ്പുകളാരുമായിരുന്നില്ല ഏറ്റെടുത്തത്. പാകിസ്താന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീക് ഇ- താലിബാന്‍ പാകിസ്താന്‍ എന്ന സംഘടനയായിരുന്നു അന്നത്തെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നാല് പാകിസ്താനികളും അന്നു കൊല്ലപ്പെട്ടിരുന്നു. പാകിസ്താനില്‍ നിന്നും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കുക, അല്ലെങ്കില്‍ കൂടുതല്‍ സ്വയംഭരണാധികാരം അനുവദിക്കുക, പ്രകൃതി വിഭവങ്ങളുടെ കൂടുതല്‍ പങ്ക് നല്‍കുക എന്നാവശ്യങ്ങളുമായാണ് ബലൂചിസ്താനില്‍ സായുധ ഗ്രൂപ്പുകള്‍ കാലങ്ങളായി വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.