ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കില്ല; പുതിയ നിരോധനവുമായി താലിബാന്
കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കുമേല്‍ താലിബാന് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്

അഫ്ഗാനിസ്താനില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടെന്ന് താലിബാന് ഭരണകൂടം തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ഈ നിരോധനം നടപ്പാക്കിയെന്നാണ് അഫ്ഗാന് മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന് അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് കാബുളിലും പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ വാഹനമോടിച്ചു പോകുന്നത് സാധാരണ കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇനിയത് അനുവദിക്കില്ലെന്നാണ് താലാബിന്റെ തീരുമാനം എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. താലിബാന് അഫ്ഗാനിലെ മനുഷ്യാവകാശങ്ങള്‍ എത്രത്തോളം അടിച്ചമര്ത്തുവെന്നതിന്റെ ഏറ്റവും പുതിയ ഉദ്ദാഹരണമായാണ് ഈ സംഭവത്തെ ലോകം കാണുന്നത്. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കുമേല്‍ താലിബാന് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ആറാം ക്ലാസിനു മുകിലേക്ക് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നേരത്തെയവര് നിരോധിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സെക്കന്‍ഡറി സ്കൂളുകളെല്ലാം അവര്‍ അടച്ചുപൂട്ടി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരേ യുഎന്‍ അടക്കം പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
പൊതുഇടങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും സ്ത്രീകളെ അവര്‍ വിലക്കി. ഗവണ്മെന്റ് ഓഫിസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊന്നും സ്ത്രീകള്‍ പോയി ജോലി ചെയ്യേണ്ടെന്നാണ് താലിബാന്റെ ഉത്തരവ്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനും അനുവദിക്കുന്നില്ല. ചെറിയ ദൂരത്തേക്കല്ലാത്ത യാത്രകളില്‍ ഏറ്റവും അടുത്ത ബന്ധുവായ ഒരു പുരുഷന് കൂടെയുണ്ടാകണം. അല്ലാത്ത പക്ഷം സ്ത്രീകളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് താലിബാന്റെ നിയമം. ഹിജാബ് ധരിച്ച സ്ത്രീകളെം മാത്രമെ വാഹനങ്ങളില്‍ കയറ്റാവൂ എന്നാണ് വാഹന ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.
നിരോധനങ്ങള്‍ കൊണ്ട് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടിരിക്കുമ്പോഴും രാജ്യത്തിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ താലിബാന് ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനം. രൂക്ഷമായ രീതിയിലാണ് അഫ്ഗാനില്‍ ഭക്ഷ്യക്ഷാമം ഇപ്പോഴുള്ളത്. ജനങ്ങള്‍ വലിയരീതിയില്‍ കഷ്ടപ്പെടുകയാണ്. മൊത്തം ജനസംഖ്യയുടെ 95 ശതമാനവും അവശ്യമായ ഭക്ഷണം കിട്ടാതെ വലയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.