അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ വന്‍ ജനക്കൂട്ടം: കരമാര്‍ഗം രക്ഷപെടാന്‍ ശ്രമം: ഉപഗ്രഹ ചിത്രങ്ങള്‍

 
Afghan crowds at border

അഫ്ഗാനികള്‍ കുട്ടികളും കുടുംബവും വലിയ ബാഗുകളുമായാണ് അതിര്‍ത്തി താണ്ടുന്നത്

അഫ്ഗാനിസ്ഥാനിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതിനു പിന്നാലെ രാജ്യം വിടാന്‍ കാബൂള്‍ എയര്‍പോര്‍ട്ടിലേക്ക് പാഞ്ഞടുത്ത പതിനായിരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകം അറിഞ്ഞു. രക്ഷാദൗത്യത്തിന് വിദേശ രാജ്യങ്ങള്‍ക്ക് താലിബാന്‍ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷവുമായി. എന്നാല്‍, ആയിരങ്ങള്‍ ഇപ്പോഴും കരമാര്‍ഗം രാജ്യം വിടാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ജനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതം എന്‍ഡിടിവിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒഴിപ്പിക്കല്‍ സമയത്ത് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നവരാണ് കരമാര്‍ഗം രക്ഷാമാര്‍ഗം തേടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

സെപ്റ്റംബര്‍ ആറിന് ചിത്രീകരിച്ച ദൃശ്യത്തില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ വലിയ ജനക്കൂട്ടത്തെ കാണാം. അഫ്ഗാനിസ്ഥാന്‍- പാകിസ്താന്‍ അതിര്‍ത്തിയിലെ ചാമനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്‍ഡിടിവി പുറത്തുവിട്ടിരിക്കുന്നത്. ആയിരങ്ങളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. താജിക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഷിര്‍ഖാന്‍, ഇറാന്‍ അതിര്‍ത്തിയിലെ ഇസ്ലാം ഖല, പാകിസ്ഥാന്‍ അതിര്‍ത്തിയിലെ തോര്‍ഖാം എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടം രക്ഷാമാര്‍ഗം തേടി കാത്തിരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ ഏറ്റവും തിരക്കേറിയ ക്രോസിംഗാണ് ചമാന്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചമാനിലൂടെ സഞ്ചരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അഫ്ഗാനികള്‍ കുട്ടികളും കുടുംബവും വലിയ ബാഗുകളുമായാണ് അതിര്‍ത്തി താണ്ടുന്നത്. അതേസമയം, ചമാന്‍ അതിര്‍ത്തി പോസ്റ്റ് പാകിസ്ഥാന്‍ അടുത്തിടെ അടച്ചിരുന്നു.