'പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടു പോവുക'; കാബൂളില്‍ പ്രതിഷേധം; പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിയുതിര്‍ത്ത് താലിബാന്‍ 

 
afghan

അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാന്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് നൂറുകണക്കിന് കാബൂള്‍ നിവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. 'പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടു പോവുക', ഞങ്ങള്‍ക്ക് പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനക്കൂട്ടം പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്കെതിരായ തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്ന പാക്കിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ), താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താന്‍ സഹായിക്കുന്നുവെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. കാബൂളിലെ പാക്കിസ്ഥാന്‍ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തില്‍ 'ഐഎസ്‌ഐ പുറത്ത് പോകുക' എന്ന മുദ്രാവാക്യം ഉള്‍പ്പെടെ ഉയര്‍ത്തിയാണ് സ്ത്രീകളുള്‍പ്പെടുന്ന പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഇസ്ലാമിക സര്‍ക്കാര്‍ തങ്ങളില്‍ പാവങ്ങളെ വെടിവയ്ക്കുകയാണ്, താലിബാന്‍ അനീതി പ്രവര്‍ത്തിക്കുന്നു, അവര്‍ മനുഷ്യരല്ല തെരുവില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ ഉറക്കെ വിളിച്ച് പറയുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവന്നു. 

താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കെ പാക് ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ഫൈസ് ഹമീദിന്റെ നേതൃത്വത്തില്‍ ഒരു സംഘം കാബൂളില്‍ എത്തിയിരുന്നു. അധികാരത്തിന് വേണ്ടി താലിബാനകത്ത് തന്നെ പോരാട്ടം ആരംഭിച്ചതോടെയാണ് പാകിസ്താന്‍ പ്രത്യക്ഷമായിത്തന്നെ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടപെട്ടത്. നേരത്തെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് താലിബാന്‍ നേതാക്കളായ ബറാദര്‍ വിഭാഗവും ഹഖാനി വിഭാഗവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായും ഇരുവരും തമ്മില്‍ ആക്രമണം ഉണ്ടായതായും ബറാദറിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.