വായു മലിനീകരണവും കോവിഡും തമ്മില്‍ എന്താണ് ബന്ധം? കോവിഡ് ഗുരുതരമാകുന്നതിനെ കുറിച്ച് വിദഗ്ധര്‍ 

 
d

വായു മലിനീകരണം കോവിഡ് ബാധിച്ചവരില്‍ രോഗം ഗുരുതരമാക്കാനുള്ള സാധ്യതയുള്ളതായി പഠനം. കുറെക്കാലമായി വായുമലിനീകരണം നേരിട്ടവരില്‍ കോവിഡ് രൂക്ഷമാകുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്.  ബുധനാഴ്ച എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് പെര്‍സ്‌പെക്റ്റീവ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ആവശ്യകതയും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതില്‍ പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനവും എടുത്തു കാണിക്കുന്നു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നിടങ്ങളില്‍ കോവിഡ് കേസുകളും മരണങ്ങളും കൂടുതലാണെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിച്ചതായി ഗവേഷകര്‍ പറഞ്ഞു. അതേസമയം ഇത്തരം കാരണങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. വായു മലിനീകരണം വൈറസിനെ വായുവിലൂടെ പകരുന്നതിന് സഹായകമാക്കുന്നു. അല്ലെങ്കില്‍ അത് അണുബാധയ്ക്കോ രോഗത്തിനോ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോ കാരണമാക്കുന്നതായും പഠനം പറയുന്നു. 

നൈട്രജന്‍ ഡയോക്‌സൈഡ് (NO2), ചെറിയ കണികകള്‍ (PM2.5), ബ്ലാക്ക് കാര്‍ബണ്‍, ഓസോണ്‍ തുടങ്ങിയ വായു മലിനീകരണത്തിന് കാരണമാകുന്നവയുടെ സ്വാധീനം ദീര്‍ഘകാലമായി നേരിടുന്ന കാറ്റലോണിയയില്‍ താമസിക്കുന്ന ഒരു കൂട്ടം മുതിര്‍ന്നവരില്‍ വൈറസ്-നിര്‍ദ്ദിഷ്ട ആന്റിബോഡികളും ഗവേഷകര്‍ അളന്നു. അതാത് പ്രദേശത്തെ വായു മലിനീകരണവും ജനങ്ങളിലെ കോവിഡ് ആന്റിബോഡിയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ആദ്യ പഠനമാണിതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. കോവിഡ് ബാധിച്ച 481 പേരുള്‍പ്പെടെ 9,605 പേര്‍ ഗവേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു.

അഞ്ച് വൈറല്‍ ആന്റിജനുകളിലേക്കുള്ള IgM, IgA, IgG ആന്റിബോഡികളുടെ സാന്നിധ്യവും അളവും നിര്‍ണ്ണയിക്കാന്‍ 4,000-ത്തിലധികം പേരുടെ  രക്ത സാമ്പിളുകള്‍ എടുത്തിരുന്നു.  ഇവരില്‍ 18 ശതമാനത്തിനും വൈറസ്-നിര്‍ദ്ദിഷ്ട ആന്റിബോഡികള്‍ ഉണ്ടായിരുന്നു, എന്നാല്‍ അണുബാധയും വായു മലിനീകരണവും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. അതേസമയം രോഗം ബാധിച്ചവരില്‍ NO2, PM2.5 എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യവും അഞ്ച് വൈറല്‍ ആന്റിജനുകള്‍ക്ക് പ്രത്യേകമായ IgG യുടെ വര്‍ദ്ധിച്ച അളവും തമ്മില്‍ ബന്ധം കണ്ടെത്തി, ഇത് ഉയര്‍ന്ന വൈറല്‍ ബാധയുടെയും രോഗലക്ഷണ തീവ്രതയുടെയും സൂചനയാണെന്നും പഠനം കണ്ടെത്തി. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും PM2.5 യുമായുള്ള ബന്ധം കൂടുതല്‍ ശക്തമാണെന്ന് ഗവേഷകര്‍ പറഞ്ഞു.