കോവിഡ് മഹാമാരി:  ആഗോള വിശപ്പ് സൂചികയില്‍ 101 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

 
hunger

ആഗോള തലത്തിലുള്ള വിശപ്പ് സൂചികയില്‍ (ജിഎച്ച്‌ഐ) 101 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. 116 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 94 -ാം സ്ഥാനത്തായിരുന്ന ഇന്ത്യ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ പോയെന്നാണ് റിപോര്‍ട്ട്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നിവയുള്‍പ്പെടെ പതിനെട്ട് രാജ്യങ്ങള്‍ ജിഎച്ച്‌ഐ സ്‌കോര്‍ അഞ്ചില്‍ താഴെ നിലനിര്‍ത്തി റാങ്ക് പട്ടികയില്‍ മികച്ച സ്ഥാനം നിലനിര്‍ത്തി. ആഗോളത്തലത്തില്‍ വിശപ്പും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സിന്റെ വെബ്‌സൈറ്റ് റിപോര്‍ട്ടില്‍ പറയുന്നു.

ഐറിഷ് ഏജന്‍സിയായ കണ്‍സണ്‍ വേള്‍ഡ് വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ പട്ടിണിയെ കുറിച്ചുള്ള കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. 2020 -ല്‍ 107 രാജ്യങ്ങളില്‍ 94 -ാമതായിരുന്നു ഇന്ത്യ. ഇപ്പോള്‍ 116 രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവന്നപ്പോഴാണ് ഇന്ത്യ 101 -ാം റാങ്കിലേക്ക് വീണത്. ഇന്ത്യയുടെ ജിഎച്ച്‌ഐ സ്‌കോറും പുറത്തു വിട്ടട്ടുണ്ട്. 2000 ല്‍ 38.8 ല്‍ നിന്ന് 2012 നും 2021 നും ഇടയില്‍ അത് 28.8 - 27.5 വരെ. എത്തി. 

ജിഎച്ച്‌ഐ സ്‌കോര്‍ നാല് ഘടകങ്ങളുടെ അടിസഥാനത്തിലാണ് കണക്കാക്കുന്നത്. പോഷകാഹാരക്കുറവ്; ചൈല്‍ഡ് വേസ്റ്റിംഗ് (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഹിതം, അതായത്  കുറഞ്ഞ ഉയരം, ഭാരം, കടുത്ത പോഷകാഹാരക്കുറവ് എന്നിവ); കുട്ടികളുടെ വളര്‍ച്ച മുരടിപ്പ്‌ (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രായക്കുറവ്, വിട്ടുമാറാത്ത പോഷകാഹാരക്കുറവ്), കുട്ടികളുടെ മരണനിരക്ക് (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്). എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള സൂചിക തയ്യാറാക്കുന്നത്. 1998-2002 കാലയളവില്‍ ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ പാഴാക്കുന്നതിന്റെ പങ്ക് 17.1 ശതമാനത്തില്‍ നിന്ന് 2016-2020 കാലയളവില്‍ 17.3 ശതമാനമായി ഉയര്‍ന്നു. 

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ചൈല്‍ഡ് വേസ്റ്റിംഗ് രാജ്യമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. അയല്‍രാജ്യങ്ങളായ നേപ്പാള്‍ (76), ബംഗ്ലാദേശ് (76), മ്യാന്‍മാര്‍ (71), പാകിസ്ഥാന്‍ (92) എന്നിവയും ആശങ്കപ്പെടുത്തുന്ന നിലയിലാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, കുട്ടികളില്‍ വളര്‍ച്ച കുറവ്, അപര്യാപ്തമായ ഭക്ഷണം കാരണം പോഷകാഹാരക്കുറവ് തുടങ്ങിയ മറ്റ് സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.