'അഫ്ഗാന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുത്'; അമേരിക്കയുമായുള്ള കൂടികാഴ്ചയില്‍ താലിബാന്‍

 
taliban

ഓഗസ്റ്റില്‍ കാബുള്‍ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ കൂടികാഴ്ചയില്‍ അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരം മരവിപ്പിച്ച നടപടി പിന്‍വലിക്കാന്‍ താലിബാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുന്നത്
ലക്ഷ്യം വെച്ച് ശനിയാഴ്ച ഇരുവിഭാഗവും ദോഹയില്‍ ആദ്യ കൂടിക്കാഴ്ച നടത്തി. ആഗസ്റ്റ് പകുതിയോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പിന്മാറിയതിന് ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യത്തെ വ്യക്തിപരമായ കൂടിക്കാഴ്ചയാണിത്.

'അന്താരാഷ്ട്ര സമൂഹവുമായി ഇടപഴകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഒരു രാജ്യത്തെ മാത്രം അനുകൂലിച്ചുള്ള തീരുമാനങ്ങള്‍ എടുക്കില്ലെന്നും എന്നാല്‍ മറ്റൊരു രാജ്യത്തിന് എതിരായി നില്‍ക്കില്ലെന്നും താലിബാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.
പരസ്പരം നല്ല ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചകളില്‍ പ്രതിഫലിപ്പിക്കുന്നു, അഫ്ഗാനിസ്ഥാന്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ സാമ്പത്തിക ആസ്തികള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണ്. വിദേശകാര്യ മന്ത്രി പറഞ്ഞയായി വോയ്‌സ് ഓഫ് അമേരിക്ക  റിപോര്‍ട്ടുകള്‍ പറയുന്നു. 

'അസ്ഥിരമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ആര്‍ക്കും പ്രയോജനമില്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അതിനാല്‍ അഫ്ഗാനിസ്ഥാനിലെ നിലവിലെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അഫ്ഗാന്‍ ജനതയ്ക്ക് ബുന്ധിമുട്ടുണ്ടാക്കാനോ ആരും ശ്രമിക്കരുത്, അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞു.

അടുത്തിടെ, അഫ്ഗാനിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഫണ്ട് നിര്‍ത്തിവച്ചിരുന്നു. അംഗരാജ്യങ്ങള്‍ക്കായി 650 ബില്യണ്‍ ഡോളര്‍ സ്‌പെഷ്യല്‍ ഡ്രോയിംഗ് ഫണ്ട് അനുവദിക്കുമെന്ന് ഐഎംഎഫ് അടുത്തിടെ പ്രഖ്യാപിച്ചതിന് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്.  എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ ഈ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ അനുവദിക്കില്ല, ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം, ഐഎംഎഫ് വക്താവ് ജെറി റൈസ് ഒരു പത്രസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം അഫ്ഗാനിസ്ഥാന്‍ ഈ ധനസഹായത്തിന് അയോഗ്യരെന്ന് പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ സജീവമാകുന്ന ഐ.എസ്. ആക്രമണങ്ങളെ ചെറുക്കാന്‍ യു.എസുമായി സഹകരണത്തിനില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. വെല്ലുവിളികളെ ഒറ്റയ്ക്കുനേരിടാന്‍ തങ്ങള്‍ സജ്ജരാണൊണ് താലിബാന്‍ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞത്. വെള്ളിയാഴ്ച അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തില്‍ ഷിയാ പള്ളിക്കുനേരെ ഐ.എസ്. നടത്തിയ ചാവേറാക്രമണത്തില്‍ 46 വിശ്വാസികള്‍ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് പ്രതികരണം. രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനുപിന്നാലെ താലിബാനുനേരെയുള്ള ആക്രമണം ശക്തമാക്കിയ ഐഎസ്. ഒട്ടേറെ താലിബാനികളെ വധിച്ചിരുന്നു. പിന്നാലെ ഐ.എസ്. അംഗങ്ങളെ അറസ്റ്റുചെയ്തതായി താലിബാന്‍ വ്യക്തമാക്കിയിരുന്നു.