'മാതൃകാപരമായ സാമുദായിക ഐക്യം കാണാം', അമിത് ഷായെ രാജ്യത്തേക്ക് ക്ഷണിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

 
'മാതൃകാപരമായ സാമുദായിക ഐക്യം കാണാം', അമിത് ഷായെ രാജ്യത്തേക്ക് ക്ഷണിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

പൗരത്വ ബിൽ അവതിരിപ്പിക്കുന്നതിനിടെ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നെന്ന അമിത് ഷാ നടത്തിയ പരാമർശത്തെ തള്ളി ബംഗ്ലാദേശ്. ബംഗ്ലാദേശിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി അബ്ദുൾ മോമനാണ് രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്തിയെ പേരെടുത്ത് പറയാതെയായിരുന്നു അബ്ദുൾ‌ മോമന്റെ പ്രതികരണം.

തീർത്തും അടിസ്ഥാന രഹിതമായ അരോപണങ്ങളാണ് ബംഗ്ലാദേശിനെതിരെ ഉന്നയിച്ചത്. ഇത്തരം വിവരങ്ങൾ ആരിൽ നിന്ന് ലഭിച്ചതാണെങ്കിലും അത് തീർത്തും തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ മോമൻ അമിത് ഷാ കുറച്ച് സമയം ബംഗ്ലാദേശിൽ താമസിച്ചാൽ രാജ്യത്തെ സമുദായിക സൗഹാർ‌ദ്ധത്തെ കുറിച്ച് വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ധാക്ക ട്രിബ്യൂൺ അണ് അബ്ദുൾ മോമന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തത്.

"ഹിന്ദുക്കളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തീർത്തും അസത്യമാണ്. ബംഗ്ലാദേശിലെന്നപോലെ സാമുദായിക ഐക്യം മികച്ച രീതിയിൽ നിലനിൽക്കുന്ന കുറച്ച് രാജ്യങ്ങൾമാത്രമാണ് ലോകത്ത് ഉള്ളത്. ഞങ്ങൾക്ക് ന്യൂനപക്ഷങ്ങൾ എന്ന് ഒന്നില്ല, എല്ലാവരും തുല്യരാണ്. അദ്ദേഹം (അമിത് ഷാ) ഏതാനും മാസങ്ങൾ ബംഗ്ലാദേശിൽ താമസിച്ചാൽ, നമ്മുടെ രാജ്യത്തെ മാതൃകാപരമായ സാമുദായിക ഐക്യം അദ്ദേഹം കാണാനാവും"

പൗരത്വബിൽ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്നതിനെ കുറിച്ച് ബംഗ്ലാദേശിന് ആശങ്കയുണ്ടെന്നും മോമൻ പറഞ്ഞു. " ഇന്ത്യക്ക് രാജ്യത്തിനുള്ളിൽ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. അത് ഞങ്ങളെ അലട്ടുന്നില്ല. അയൽ രാജ്യമെന്ന നിലയിൽ സൗഹൃദ ബന്ധത്തെ ബാധിക്കുന്ന എന്തെങ്കിലും ഇന്ത്യ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് പൗത്വബില്‍ എന്നായിരുന്നു ബില്‍ അവതരണ വേളയില്‍ അമിത് ഷാ വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.