പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗിക്ക് എന്ത് സംഭവിച്ചു? അനിമല്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ച ശസ്ത്രക്രിയ വൈദ്യശാസ്ത്ര രംഗത്തിന് ശ്രദ്ധേയമായ നേട്ടമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ രോഗി മരിച്ചിരുന്നു. ഇപ്പോള്‍ രോഗി മരിച്ചതിന്റെ കാരണത്തെ കുറിച്ച് വിശദമായ പഠനം നടത്തുകയായിരുന്ന ഗവേഷകര്‍ അനിമല്‍ വൈറസിനെ രോഗിയുടെ ശരീരത്തില്‍ കണ്ടെത്തിയതായാണ് റിപോര്‍ട്ട്. എന്നാല്‍ രോഗിയുടെ മരണത്തിന് വൈറസുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ പറയാന്‍ കഴിഞ്ഞിട്ടില്ല.

ഡേവിഡ് ബെന്നറ്റ് (57) എന്ന രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. ജനുവരി ആദ്യവാരമായിരുന്നു യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ശസ്ത്രക്രിയ. പുതിയ ഹൃദയവുമായി ഡേവിഡ് ബെന്നറ്റ് രണ്ട് മാസമാണ് ജീവിച്ചത്. ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയാറായത്.
രോഗിക്ക് മാറ്റിവെച്ച പന്നിയുടെ ഹൃദയത്തില്‍ നിന്നാണ് വൈറല്‍ ഡി.എന്‍.എ ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍, ഇതാണോ മരണകാരണമായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ വൈറസ് ഇന്ഫെക്ഷന് ഉണ്ടാക്കിയതിനും സ്ഥിരീകരണമില്ല. ഇപ്പോള്‍ കണ്ടെത്തിയത് അപകടകാരിയല്ലാത്ത വൈറസ് ആകാമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. ബാര്ട്ട്ലി ഗ്രിഫിത്ത് പറയുന്നു.
ഇത്തരം വൈറസുകള്‍ മനഷ്യനില്‍ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, യൂണിവേഴ്സിറ്റിയുടെ സെനോട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ സയന്റിഫിക് ഡയറക്ടര്‍ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രാന്സ്പ്ലാന്റേഷന് ഗ്രിഫിത്ത് നല്കിയ ശാസ്ത്രീയ അവതരണത്തെ ഉദ്ധരിച്ച് എംഐടി ടെക്നോളജി റിവ്യൂ ആണ് അനിമല്‍ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.