കാബൂളില്‍ വീണ്ടും സ്‌ഫോടനം, രണ്ട് മരണം; യുഎസ് വ്യോമാക്രമണമെന്ന് റിപ്പോര്‍ട്ട്

 
Kabul Attack

റോക്കറ്റ് വഴിതെറ്റി ജനവാസ കേന്ദ്രത്തില്‍ പതിക്കുകയായിരുന്നു


അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപം വീണ്ടും സ്‌ഫോടനം. പാര്‍പ്പിട മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അതേസമയം, ഐഎസ് ഖൊറസാനെ (ഐസ് കെ) ലക്ഷ്യമിട്ട് യുഎസ് സൈനികര്‍ നടത്തിയ റോക്കറ്റാക്രമമെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാന്‍ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ് അവസാനഘട്ടം ഒഴിപ്പിക്കല്‍ നടപടികള്‍ തുടരവെ, കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്താനെത്തിയ ഐഎസ്‌കെയുടെ ചാവേര്‍ വാഹനത്തെ ലക്ഷ്യമിട്ടാണ് യുഎ് വ്യോമാക്രമണം നടത്തിയതെന്നാണ് താലിബാന്‍ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ റോക്കറ്റ് വഴിതെറ്റി ജനവാസ കേന്ദ്രത്തില്‍ പതിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

നേരത്തെ, 24-36 മണിക്കൂറിനിള്ളില്‍ കാബൂളില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരര്‍ ആക്രമിച്ചാല്‍, തിരിച്ചടി നല്‍കുമെന്നും സൈന്യത്തോട് തയ്യാറെടുത്തിരിക്കാനും ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ്, കാബൂളില്‍ സ്‌ഫോടനം സംഭവിച്ചിരിക്കുന്നത്. അഫ്ഗാനില്‍നിന്ന് രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ താലിബാന്‍ അനുവദിച്ച സമയം അവസാനിരിക്കെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. 

വ്യാഴാഴ്ചയാണ് കാബൂളില്‍ ഇരട്ടസ്‌ഫോടനം ഉണ്ടായത്. 13 യുഎസ് സൈനികരും 28 താലിബാനികളും ഉള്‍പ്പെടെ 182 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഏറെയും അഫ്ഗാന്‍ പൗരന്മാരായ കുട്ടികളും സ്ത്രീകളുമായിരുന്നു. ഇരുനൂറിലേറെ പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇതില്‍ 18 യുഎസ് സൈനികരും ഉള്‍പ്പെടുന്നു.