സൈനിക ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം; ആസിയാനില്‍ മ്യാന്‍മറിന്റെ ഭാവി എന്താകും?

 
Myanmar Protests

അഞ്ചിന സമാധാന പദ്ധതി പാലിച്ചില്ല, സൂകിയെ സന്ദര്‍ശിക്കാനും അനുവാദമില്ല

പട്ടാളഭരണത്തിനൊപ്പം തുടരുന്ന സംഘര്‍ഷങ്ങളും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കുമിടയില്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ് മ്യാന്‍മര്‍ ജനത. സൈനിക അട്ടിമറിക്കുശേഷം, 1100ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍. ലക്ഷക്കണക്കിനാളുകളാണ് പ്രാണരക്ഷാര്‍ത്ഥം അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഏകദേശം 30 ലക്ഷം ആളുകള്‍ക്ക് അടിയന്തിര സഹായം ആവശ്യമാണെന്നാണ് യുഎന്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (ഒസിഎച്ച്എ) വിലയിരുത്തല്‍. മ്യാന്‍മര്‍ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. സാധ്യമായ സഹായങ്ങള്‍ എത്തിക്കുന്നുമുണ്ട്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളും വിവിധ രാജ്യങ്ങളും സഹായിക്കാന്‍ സന്നദ്ധരുമാണ്. എന്നാല്‍, അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും മ്യാന്‍മറിലെ സൈനിക ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ല. ആസിയാനുമായി ധാരണയിലായ അഞ്ചിന സമാധാന പദ്ധതിയോട് സൈനിക ഭരണകൂടം തുടരുന്ന നിഷേധ സമീപനം, സംഘടനയില്‍ മ്യാന്‍മറിന്റെ ഭാവി തന്നെ സംശയത്തിലാക്കിയിട്ടുണ്ട്. അതേസമയം, മേഖലയിലെ ഏറ്റവും രൂക്ഷമായൊരു പ്രശ്‌നത്തില്‍പ്പോലും ആസിയാന് ക്രിയാത്മകമായി ഇടപെടാനോ നിലപാട് പ്രഖ്യാപിക്കാനോ കഴിയുന്നില്ലെന്ന വിമര്‍ശനവും രൂക്ഷമായിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ സൈന്യം
കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ നാഷണല്‍ ലീഗ് വന്‍വിജയം നേടിയിരുന്നു. എന്നാല്‍ ഈ ഫലം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ആരോപിച്ച് സൈന്യം പിന്തുണ നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ, ഫെബ്രുവരിയില്‍ സ്റ്റേറ്റ് ഓഫ് കൗണ്‍സിലര്‍ പദവിയിലിരുന്ന ആങ് സാങ് സൂകിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും സൈന്യം തടവിലാക്കി. ഭരണപക്ഷത്തുള്ള മറ്റു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും അറസ്റ്റിലായി. പിന്നാലെ, രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി സൈന്യം അറിയിച്ചു. വാര്‍ത്താവിതരണ സംവിധാനം ഉള്‍പ്പെടെ നിയന്ത്രണത്തിലാക്കിയ സൈന്യം ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പട്ടാള അട്ടിമറി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചു. രാജ്യം കൂടുതല്‍ പ്രക്ഷുബ്ധമായി. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ സായുധസേന തെരുവിലിറങ്ങി. അവര്‍ നിര്‍ദയം ജനങ്ങളെ നേരിട്ടതോടെ, മ്യാന്മറിന്റെ തെരുവോരങ്ങള്‍ വലിയ രക്തച്ചൊരിച്ചിലിന് സാക്ഷികളായി. ഇന്ത്യയും യുഎസും ഉള്‍പ്പെടെ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചെങ്കിലും പട്ടാള ഭരണകൂടം വഴങ്ങിയില്ല. മ്യാന്മറില്‍ വര്‍ധിക്കുന്ന ചൈനീസ് സ്വാധീനത്തിലും ലോകത്തിന് ആശങ്കയുണ്ട്.

രാഷ്ട്രീയ അരക്ഷിതാവസ്ഥയും മാനുഷിക പ്രതിസന്ധിയും
ഫെബ്രുവരി ഒന്നു മുതല്‍ ജനകീയ പ്രക്ഷോഭങ്ങളും സായുധ ഏറ്റുമുട്ടലുകളും തുടരുന്നു. അരക്ഷിതാവസ്ഥ കാരണം 2.20 ലക്ഷത്തിലധികം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. സൈനിക അട്ടിമറിക്കു തൊട്ടുപിന്നാലെ, 15,000ത്തിലധികം പേര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ താല്‍ക്കാലിക അഭയം തേടിയിരുന്നതായി യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പൊതുസഭയില്‍ പറഞ്ഞിരുന്നു. 7,000ലധികം ആളുകള്‍ തായ്ലന്‍ഡിലും അഭയം തേടിയിരുന്നു. പിന്നീട് ഇവരെല്ലാം തിരികെയെത്തിയിരുന്നു. എന്നാല്‍, തുടര്‍ സംഘര്‍ഷങ്ങള്‍ ഇവരെ വല്ലാതെ ബാധിച്ചു. യാങ്കോണ്‍, മണ്ടാലെ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്കും തെക്ക്-കിഴക്ക്, പടിഞ്ഞാറന്‍ മ്യാന്മറിലുള്ളവരെയുമാണ് സംഘര്‍ഷം ഏറ്റവുമധികം ബാധിച്ചത്. കച്ചിന്‍, ഷാന്‍, ചിന്‍, കയാഹ്, കെയ്ന്‍ തുടങ്ങിയ സംസ്ഥാനങ്ങളും സാഗയിംഗ്, മാഗ്വേ എന്നീ ടൗണ്‍ഷിപ്പുകളും പ്രതിസന്ധികള്‍ക്കു നടുവിലാണ്. അതിനിടെയാണ് കോവിഡ് ഭീഷണി സൃഷ്ടിക്കുന്നത്. ഇതുവരെ 4,82,803 പേര്‍ക്കാണ് രോഗം ബാധിച്ചത്. 18,222 പേര്‍ മരിച്ചു. 435,361 പേര്‍ രോഗമുക്തരായി. 19,639 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരിശോധന കുറവായതിനാല്‍, ഇപ്പോഴുള്ള രോഗികളുടെയോ മരണനിരക്കോ സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതലായിരിക്കാനാണ് സാധ്യത. രാജ്യത്ത് ഏകദേശം 30 ലക്ഷം ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്നാണ് യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞത്. 30 ലക്ഷം ആളുകളെ സഹായിക്കാനുള്ള മ്യാന്മര്‍ ഹുമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ലാനിന് 276.7 മില്യണ്‍ യുഎസ് ഡോളറാണ് ചെലവ് കണക്കാക്കുന്നത്.

ആസിയാനെതിരെ വിമര്‍ശനം
സൈനിക ഏകാധിപത്യത്തിന്റെ നീണ്ട ചരിത്രവും മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങളും ഉയര്‍ന്നിട്ടുള്ള മ്യാന്‍മര്‍, 1967ല്‍ ആസിയാന്‍ രൂപീകരിച്ച കാലം മുതലുള്ള ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. മ്യാന്‍മര്‍ പ്രശ്‌നങ്ങളില്‍ ആസിയാന്‍ നടത്തിയ, നടത്തുന്ന ഇടപെടലുകള്‍ക്ക് യുഎന്‍, യുഎസ്, ചൈന ഉള്‍പ്പെടെ സംഘടനകളും രാജ്യങ്ങളും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, 2020 നവംബറില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ, സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങിവെച്ച സംഘര്‍ഷങ്ങളിലൊന്നും ആസിയാന്റെ ഇടപെടല്‍ ഫലപ്രദമായിരുന്നില്ല. ഫെബ്രുവരിയില്‍ സൈനിക അട്ടിമറിക്കു പിന്നാലെയും വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നതില്‍ ആസിയാന്‍ പരാജയപ്പെട്ടെന്ന ആരോപണം ശക്തമാണ്. പ്രതിസന്ധിയുടെ തുടക്കത്തില്‍, ഏകസ്വരത്തോടെ അഭിപ്രായം പറയുന്നതിലും നിലപാട് വ്യക്തമാക്കുന്നതിലും ആസിയാന് സാധിച്ചില്ലെന്നാണ് പ്രധാനം വിമര്‍ശനം. പ്രസ്താവനകള്‍ പുറത്തിറക്കുകയും വിദേശ മന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കുകയും ചെയ്തിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. അംഗരാജ്യങ്ങളുടെ ആഭ്യന്തര-രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാതിരിക്കുകയെന്ന തത്വം പാലിക്കണമെന്നതിനാല്‍, ആസിയാന്റെ ഇടപെടലുകള്‍ മ്യാന്‍മറിലെ പ്രതിസന്ധിയുടെ ആഴം കുറയ്ക്കാന്‍ പര്യാപ്തമായില്ല. അംഗരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ ഏറ്റതുമില്ല. ആസിയാനെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന വിമര്‍ശനം കനത്തു. മ്യാന്‍മറില്‍ ആസിയാന്‍ വിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തി പ്രതിഷേധവും നടന്നു.

അഞ്ചിന സമാധാന പദ്ധതി
ആയിരങ്ങള്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ അറസ്റ്റിലാകുകയും ചെയ്തിനുശേഷമാണ് മ്യാന്‍മര്‍ വിഷയത്തില്‍ ആസിയാന്‍ മെച്ചപ്പെട്ട രീതിയില്‍ ഇടപെടുന്നത്. ഏപ്രിലില്‍, ജക്കാര്‍ത്തയില്‍ നടന്ന ഉച്ചകോടിയില്‍ മ്യാന്‍മര്‍ സൈനിക മേധാവി ജനറല്‍ മിന്‍ ആങ് ലെയിങ്ങും ആസിയാന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തി. സൈനിക അട്ടിമറിക്കുശേഷമുള്ള മിന്‍ ആങ് ലെയിങ്ങിന്റെ ആദ്യ വിദേശയാത്ര കൂടിയായിരുന്നു അത്. മ്യാന്‍മര്‍ നേരിടുന്ന രാഷ്ട്രീയ, മാനുഷിക പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ആസിയാന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഉച്ചകോടി. സൈനിക നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ അനിവാര്യമാണെന്ന് ആസിയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മിന്‍ ആങ് ലെയിങ്ങും ആസിയാന്‍ നേതാക്കളും തമ്മില്‍ അഞ്ചിന സമാധാന പദ്ധതി സംബന്ധിച്ച ധാരണയിലെത്തുന്നത്. 

1. മ്യാന്‍മാറില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുക 2. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച്, സമാധാനപരമായ പരിഹാരം കാണുന്നതിനായി സര്‍വകക്ഷികളെയും ഉള്‍പ്പെടുത്തി ക്രിയാത്മകമായ ചര്‍ച്ച 3. സെക്രട്ടറി ജനറലിന്റെ സഹായത്തോടെ, ആസിയാന്‍ പ്രതിനിധിയുടെ മധ്യസ്ഥത 4. ആസിയാന്‍ ഹ്യുമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് സെന്ററിലൂടെ മാനുഷിക സഹായം 5. മ്യാന്‍മറിലെ എല്ലാ കക്ഷികളെയും നേരിട്ടുകാണുന്നതിനായി ആസിയാന്‍ പ്രത്യേക പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം എന്നിങ്ങനെ വ്യവസ്ഥകളാണ് അഞ്ചിന സമാധാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആസിയാന്റെ ക്രിയാത്മക ഇടപെടലിലോ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിലോ മാനുഷിക സഹായങ്ങള്‍ക്കോ എതിരല്ലെന്നായിരുന്നു മ്യാന്‍മര്‍ നിലപാടെടുത്തത്. എന്നാല്‍ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. 

ആസിയാന്‍ പ്രതിനിധി സംഘത്തിന് രാജ്യം സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടെങ്കിലും ആങ് സാങ് സൂകിയെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് മ്യാന്‍മറിന്റെ പുതിയ നിലപാട്. സൂകിക്കെതിരെ കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവരെ സന്ദര്‍ശിക്കാന്‍ പ്രതിനിധി സംഘത്തെ അനുവദിക്കില്ല. അതേസമയം, സംഘത്തിന് രാജ്യം സന്ദര്‍ശിക്കുന്നതില്‍ വിലക്കില്ലെന്നുമാണ് സൈനിക ഭരണകൂടത്തിന്റെ വക്താവ് സാവ് മിന്‍ ടണ്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. അംബാസഡര്‍ സ്ഥാനത്തേക്കുള്ള നോമിനേഷന്‍ അംഗീകരിക്കുന്നതില്‍ യുഎന്നിലെ കാലതാമസം രാഷ്ട്രീയപ്രേരിതമാണ്. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, യുഎന്‍, മറ്റു രാജ്യങ്ങള്‍, സംഘടനകള്‍ എന്നിവര്‍ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും സാവ് മിന്‍ ടണ്‍ പറയുന്നു.

സൈനിക ഭരണകൂടത്തോട് എതിര്‍പ്പുയരുന്നു
ആസിയാനുമായി ബന്ധപ്പെട്ട പ്രതിബദ്ധതകള്‍ പാലിക്കാതെയുള്ള മ്യാന്‍മറിന്റെ നിഷ്‌ക്രിയത്വം ആസിയാന്‍ അംഗരാജ്യങ്ങളുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. മ്യാന്‍മറിലെ സൈനിക ഭരണകൂടം തുടരുന്ന നിഷ്‌ക്രിയത്വം സംഘടനയില്‍നിന്ന് 'പിന്മാറുന്നതിന്' തുല്യമാണെന്നാണ് പൊതു അഭിപ്രായം. രാജ്യത്തെ സമാധാനത്തിനും ജനങ്ങള്‍ക്കും മാനുഷിക സഹായം ആവശ്യമാണെന്ന അന്താരാഷ്ട്ര സമൂഹങ്ങളുടെ അഭ്യര്‍ത്ഥനകളൊന്നും കണക്കിലെടുക്കാതെയാണ് മ്യാന്‍മറിലെ സൈനിക ഭരണകൂടം മുന്നോട്ടുപോകുന്നത്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആസിയാനിലെ ഭൂരിപക്ഷം അംഗരാജ്യങ്ങളുടെയും നിലപാട്. മേഖലയില്‍ സംഘടനയുടെ പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. 

ജനറല്‍ മിന്‍ ആങ് ലെയിങ് അംഗീകരിച്ച അഞ്ചിന സമാധാന പദ്ധതി നടപ്പാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നതിനിടെ, സാവ് മിന്‍ ടണ്‍ നടത്തിയ പ്രസ്താവന അംഗരാജ്യങ്ങളുടെ നീരസം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി, വെള്ളിയാഴ്ച ആസിയാന്‍ വിദേശ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അധ്യക്ഷസ്ഥാനത്തുള്ള ബ്രൂണെയുടെ നേതൃത്വത്തിലാണ് അംഗരാജ്യങ്ങള്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കുക. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തെ ആസിയാന്‍ യോഗങ്ങളില്‍നിന്ന് ഒഴിവാക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ഈമാസം 26 മുതല്‍ 28 ആസിയാന്‍ വിര്‍ച്വല്‍ യോഗം നിശ്ചയിച്ചിട്ടുണ്ട്. അതിലേക്ക് മ്യാന്‍മര്‍ സൈനിക ഭരണകൂട പ്രതിനിധിയെ ക്ഷണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്, ആസിയാന്‍ അടിയന്തര യോഗം ചേരുന്നത്.