യുക്രെയ്‌നില്‍ ഉലയുന്ന യുഎസ്-റഷ്യ ബന്ധം: പരസ്പരം മുന്നറിയിപ്പുമായി ബൈഡനും പുടിനും

 
Biden Putin

ഉപരോധം ഏര്‍പ്പെടുത്തിയാല്‍ യുഎസുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് പുടിന്‍


യുക്രെയ്ന്‍ നേരിടുന്ന പ്രതിസന്ധിയില്‍ കൊമ്പുകോര്‍ത്ത് യുഎസും റഷ്യയും. വിഷയം ചര്‍ച്ച ചെയ്യാനായി, ഈമാസം നടത്തിയ രണ്ടാമത്തെ ചര്‍ച്ചയിലും ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. യുക്രെയ്‌ന്റെ പേരില്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ യുഎസുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുന്നറിയിപ്പ്. അതേസമയം, യുക്രെയ്‌നോടുള്ള റഷ്യയുടെ നിലപാട് മാറ്റണമെന്ന ആവശ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. യുക്രെയ്‌നിലേക്ക് കൂടുതല്‍ അധിനിവേശം നടത്തിയാല്‍ യുഎസും സഖ്യകക്ഷികളും പ്രതികരിക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളും കാലങ്ങളായി തുടരുന്ന ശത്രുത യുക്രെയ്ന്‍ വിഷയത്തോടെ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. 

യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ വന്‍ പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് യുഎസും സഖ്യകക്ഷികളും വിഷയത്തില്‍ ഉപടപെടുന്നത്. യുക്രെയ്ന്‍ അധിനിവേശത്തിനു മുന്നോടിയായുള്ള നീക്കമെന്നാണ് റഷ്യന്‍ സൈനിക വിന്യാസത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തിയത്. ജനുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന യുഎസ് രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. റഷ്യ 'വലിയ തോതിലുള്ള' ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു യുഎസിന്റെ പ്രതികരണം. സാഹചര്യം തണുപ്പിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ നടത്തിയ ചര്‍ച്ച ഉള്‍പ്പെടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇത്തരമൊരു പ്രതിസന്ധി തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്നതായിരുന്നു റഷ്യയുടെ ഇടപെടലുകള്‍. എന്നാല്‍, സൈനിക നീക്കത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബൈഡനും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബൈഡനും പുടിനും ഫോണ്‍ സംഭാഷണത്തിന് തയ്യാറായത്.

ഡിസംബര്‍ ഏഴിനാണ്, ഇരുനേതാക്കളും യുക്രെയ്ന്‍ വിഷയം വീഡിയോകോളില്‍ ആദ്യമായി സംസാരിച്ചത്. നിലവിലെ പിരിമുറുക്കങ്ങളെ 1962ലെ ശീതയുദ്ധ കാലഘട്ടത്തിലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുമായാണ് പുടിന്‍ താരതമ്യപ്പെടുത്തിയത്. യുക്രെയ്‌നെ ആക്രമിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. സ്വന്തം മണ്ണില്‍ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാനും മാറ്റാനുമൊക്കെയുള്ള അവകാശത്തെക്കുറിച്ചായിരുന്നു റഷ്യയുടെ വാദങ്ങള്‍. കൂടാതെ, റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തി വിഷയത്തില്‍ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ ഇടപെടലിനെക്കുറിച്ചുള്ള അതൃപ്തിയും പുടിന്‍ ബൈഡനെ അറിയിച്ചു. നാറ്റോ സേന കൂടുതല്‍ കിഴക്കോട്ട് വിന്യസിക്കപ്പെടില്ലെന്നും, യുക്രെയ്‌നിലേക്കോ മറ്റു അയല്‍രാജ്യങ്ങളിലേക്കോ ആക്രമണ-പ്രതിരോധ ആയുധങ്ങള്‍ നല്‍കപ്പെടില്ലെന്നും നിയമപരമായ ഉറപ്പ് നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടിരുന്നു. അതേസമയം, റഷ്യയുടെ സൈനിക നീക്കത്തില്‍ യുഎസ് മുന്നറിയിപ്പ് നല്‍കി. യുക്രെയ്‌നെ ആക്രമിക്കാനുള്ള റഷ്യന്‍ നീക്കം അംഗീകരിക്കില്ലെന്ന് ബൈഡന്‍ പറഞ്ഞു. യുക്രെയ്‌ന്റെ പരമാധികാരത്തിനും മേഖലയിലെ സമഗ്രതയ്ക്കും വേണ്ടിയുള്ള പിന്തുണ യുഎസ് തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി. 

ഫോണ്‍ സംഭാഷണം ആദ്യത്തേത്തില്‍നിന്ന് രണ്ടാമത്തേതിലേക്ക് എത്തുമ്പോഴും രാഷ്ട്രീയച്ചൂടിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. 50 മിനുറ്റ് നീണ്ട സംഭാഷണത്തില്‍ ഇരുനേതാക്കളും തങ്ങളുടെ രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ യുഎസുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പാണ് പുടിന്‍ ബൈഡനെ നേരിട്ടറിയിച്ചിരിക്കുന്നത്. യുഎസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഉപരോധം ഉണ്ടാകുന്നത് വലിയ തെറ്റാണ്. അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പുടിന്‍ നിലപാട് അറിയിച്ചതായി റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സ്പുട്‌നിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, യുക്രെയ്‌നുമായുള്ള സംഘര്‍ഷം കുറയ്ക്കണമെന്ന ആവശ്യം ബൈഡന്‍ ആവര്‍ത്തിച്ചു. യുക്രെയ്‌നില്‍ കൂടുതല്‍ അധിനിവേശത്തിന് റഷ്യ ശ്രമിച്ചാല്‍, യുഎസും സഖ്യകക്ഷികളും പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക ഉപരോധം, നാറ്റോ സേനയുടെ ശക്തീകരണം, യുക്രെയ്‌ന് സൈനിക സഹായം എന്നിങ്ങനെ, റഷ്യന്‍ നീക്കത്തിന് നല്‍കേണ്ടിവന്നേക്കാവുന്ന നഷ്ടങ്ങളും പ്രത്യാഘാതങ്ങളുമൊക്കെ സൂചിപ്പിക്കുന്നതായിരുന്നു ബൈഡന്റെ വാക്കുകള്‍. യുക്രെയ്‌ന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും വേണ്ടിയാണ് യുഎസിന്റെ ഇടപെടല്‍. ഇക്കാര്യം ആന്റണി ബ്ലിങ്കെന്‍ കഴിഞ്ഞദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ അറിയിക്കുകയും ചെയ്തിരുന്നു.   

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിക്കുസമീപം സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ലക്ഷത്തോളം സൈനികര്‍ക്കൊപ്പം ടാങ്കുകളും പീരങ്കികളുമൊക്കെ വിന്യസിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ യുക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയ, രാജ്യത്തെ വിമതരുടെ പിന്തുണയോടെ റഷ്യ പിടിച്ചെടുത്തിരുന്നു. അന്ന് 13,000ലധികം പേരാണ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. അതിനു സമാനമായ നീക്കമാണ് റഷ്യ നടത്തുന്നതെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും നിരീക്ഷകരുടെയും വിലയിരുത്തല്‍. ആക്രമണത്തിനായി റഷ്യ അതിര്‍ത്തിയില്‍ സൈന്യത്തെ കെട്ടിപ്പടുക്കുകയാണെന്നാണ് യുക്രെയ്‌നും നാറ്റോ സഖ്യവും ആരോപിക്കുന്നത്. ലക്ഷത്തോളം സൈനികരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രെയ്ന്‍ പ്രതിരോധമന്ത്രി ഒലെക്‌സിയ് റെസ്നികോവും വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷത്തില്‍ തങ്ങള്‍ക്കുനേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു. റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുടെ സാന്നിധ്യമുള്ള അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യത്തെ ശക്തിപ്പെടുത്തുകയാണെന്നാണ് റഷ്യയുടെ വാദം. തങ്ങളുടെ പ്രതിരോധം ദുര്‍ബലമായ സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് യുക്രെയ്‌നിന്റെ നീക്കമെന്നും റഷ്യ ആരോപിക്കുന്നു. അടുത്തിടെ, പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് യുക്രെയ്ന്‍ ആയുധങ്ങള്‍ വാങ്ങിയതിനോടുള്ള പ്രതികരണമെന്നോണമാണ് റഷ്യയുടെ സൈനിക വിന്യാസം.