സാമുഹ്യ സുരക്ഷ, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കല്‍; 1.75 ട്രില്യണ്‍ ഡോളര്‍ പാക്കേജുമായി ബൈഡന്‍

 
Joe bIden

മാറ്റങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തി യുഎസിനെ കൂടുതല്‍ മത്സരക്ഷമമാക്കുകയാണ് ലക്ഷ്യം

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 1.75 ട്രില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മാറ്റങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ പാകപ്പെടുത്തുന്നതിനും കൂടുതല്‍ മത്സരക്ഷമമാക്കുന്നതിനുമാണ് പുതിയ സാമ്പത്തിക പാക്കേജെന്ന് ബൈഡന്‍ പറഞ്ഞു. രാജ്യത്തിന്റെ സാമുഹ്യ സുരക്ഷാ വല വിപുലീകരിക്കുന്നതിനും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നതിനുമാണ് പാക്കേജ് മുന്‍ഗണന നല്‍കുന്നത്. 

കുടുംബങ്ങളുടെ സംരക്ഷണം, ആരോഗ്യപരിരക്ഷ, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കല്‍, ഇടത്തരക്കാരുടെ ചെലവ് കുറയ്ക്കല്‍, നികുതി പരിഷ്‌കരണങ്ങള്‍ എന്നിവയിലാണ് പാക്കേജ് ശ്രദ്ധവെക്കുന്നത്. മൂന്ന്, നാല് വയസുള്ള കുട്ടികള്‍ക്ക് സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം പുതിയ പാക്കേജ് ഉറപ്പാക്കുന്നു. ആറ് വര്‍ഷത്തേക്കുള്ള ഫണ്ടാണ് നീക്കിവെക്കുന്നത്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പൊതുവിദ്യാഭ്യാസ വിപുലീകരണമെന്നാണ് വൈറ്റ്ഹൗസ് അതിനെ വിശേഷിപ്പിക്കുന്നത്. പ്രതിവര്‍ഷം 20 ദശലക്ഷം കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലും, ചെലവ് കുറഞ്ഞതുമായ ശിശു സംരക്ഷണം ഉറപ്പാക്കും. അതിനും ആറ് വര്‍ഷത്തേക്കുള്ള ഫണ്ടാണ് നീക്കിവെക്കുന്നത്. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള ഹോം കെയര്‍ സര്‍വീസുകള്‍ക്കായുള്ള മെഡികെയ്ഡ് കവറേജ് ശാശ്വതമായി മെച്ചപ്പെടുത്തും. അമേരിക്കന്‍ റെസ്‌ക്യൂ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് വിപുലീകരിക്കുകയും 35 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പ്രതിമാസം 3,600 ഡോളര്‍ വരെ ഓരോ കുട്ടിക്കും നികുതിയിളവ് നല്‍കും. 

കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കുന്നതിനായി വലിയ തുകയാണ് നീക്കിവെക്കുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ നിക്ഷേപമാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് ബൈഡന്റെ പുതിയ നിര്‍ദേശങ്ങളെ വിലയിരുത്തുന്നത്. ദശാബ്ദത്തിന്റെ അവസാനത്തോടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2005ലെ നിലയേക്കാള്‍ 50-52 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ക്ലീന്‍ എനര്‍ജി ടാക്‌സ് ക്രെഡിറ്റുകള്‍ക്കായി 320 ബില്യണ്‍ ഡോളറാണ് നിര്‍ദേശം. മലിനീകരണം കുറയ്ക്കുന്നതിനും പൊതുസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി ഒരു സിവിലിയന്‍ ക്ലൈമറ്റ് കോര്‍പ്സ് സൃഷ്ടിക്കുന്നതിന് 105 ബില്യണ്‍ ഡോളര്‍. ക്ലീന്‍ എനര്‍ജി ടെക്നോളജി, നിര്‍മ്മാണം, വിതരണ ശൃംഖലകള്‍ എന്നിവയ്ക്കായുള്ള നിക്ഷേപങ്ങള്‍ക്കും ഇന്‍സെന്റീവുകള്‍ക്കും 110 ബില്യണ്‍ ഡോളര്‍. വൃത്തിയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉള്‍പ്പെടെ അടുത്ത തലമുറ സാങ്കേതികവിദ്യകള്‍ വാങ്ങാന്‍ സര്‍ക്കാരിന് പ്രോത്സാഹനം നല്‍കുന്നതിന് 20 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍. 

ഗുണഭോക്താക്കള്‍ക്ക് താങ്ങാവുന്ന ചിലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് 150 ബില്യണ്‍ ഡോളര്‍, ഇമ്മിഗ്രേഷന്‍ സംവിധാനം നവീകരിക്കുന്നതിനായി 100 ബില്യണ്‍ ഡോളറും ചെലവിടും. അതേസമയം, 2 ട്രില്യണ്‍ ഡോളറെങ്കിലും അധിക നികുതിയിനത്തില്‍ പിരിച്ചെടുക്കേണ്ടതുണ്ട്. അതിനായി വന്‍കിട കോര്‍പ്പറേഷനുകളുടെ ലാഭത്തിന്മേല്‍ 15 ശതമാനം നികുതി ഏര്‍പ്പെടുത്തും. ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ അവരുടെ ലാഭം മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ മറ്റൊരു 15 ശതമാനം അടിസ്ഥാന നികുതിയും നിര്‍ദ്ദേശിക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ അവരുടെ ഓഹരികള്‍ വിപണിയില്‍നിന്ന് മടക്കി വാങ്ങുമ്പോള്‍ ഒരു ശതമാനം നികുതി നല്‍കേണ്ടിവരും.. 10 മില്യണ്‍ ഡോളറിലേറെ വരുമാനമുള്ളവര്‍ അഞ്ച് ശതമാനംവെച്ച് നികുതി നല്‍കണം. വരുമാനം 25 മില്യണ്‍ കവിയുകയാണെങ്കില്‍ മറ്റൊരു മൂന്നു ശതമാനം നികുതി കൂടി നല്‍കേണ്ടിവരും. എന്നാല്‍, 4,00,000 ഡോളറോ അതില്‍ കുറവോ സമ്പാദിക്കുന്ന ആരുടെയും നികുതി വര്‍ധിപ്പിക്കില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.