വാനിറ്റി ഫെയർ മാഗസിൻ കവറിൽ കറുത്ത വംശജനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ, ചരിത്രത്തിൽ ആദ്യം

 
വാനിറ്റി ഫെയർ മാഗസിൻ കവറിൽ കറുത്ത വംശജനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ, ചരിത്രത്തിൽ ആദ്യം

107 വർഷത്തെ ചരിത്രത്തിൽ ആദ്യമായി, വാനിറ്റി ഫെയർ മാഗസിന്റെ കവറിൽ ഒരു കറുത്ത വംശജനായ ഫോട്ടോഗ്രാഫറുടെ സൃഷ്ടികൾ അവതരിപ്പിച്ചു. മുമ്പ് മാസികയ്ക്കായി ബില്ലി പോർട്ടർ, ജോർജ്ജ് മക്കേ എന്നീ അഭിനേതാക്കളുടെ ഫോട്ടോയെടുത്ത ഡാരിയോ കാൽമീസ് എന്ന ഫോട്ടാഗ്രാഫറാണ് ജൂലൈ / ഓഗസ്റ്റ് ലക്കത്തിനായി ഒരു കറുത്ത വര്‍ഗ്ഗക്കാരിയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. എമ്മി അവാര്‍ഡ് മുതല്‍ ഓസ്കാര്‍ വരെ കരസ്തമാക്കിയ പ്രമുഖ നടി വിയോള ഡേവിസ് ആണ് കവര്‍ ഗേള്‍.

'ഈ മാസം ഞങ്ങള്‍ മറ്റൊരു നാഴികക്കല്ല് നാട്ടുകയാണ്. ഞങ്ങളുടെ അറിവനുസരിച്ച്, ഒരു കറുത്ത ഫോട്ടോഗ്രാഫർ നിർമ്മിച്ച ആദ്യത്തെ വാനിറ്റി ഫെയർ കവറാണ് ഇത്' എന്ന് പുതിയ ലക്കത്തിലെ എഡിറ്ററുടെ കത്തിൽ രാധിക ജോൺസ് കുറിച്ചു. 'ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന മാഗസിൻ കവറാണ്, അമേരിക്കൻ ചരിത്രത്തിലെ ഈ ഉയർന്ന നിമിഷത്തിൽ ഞങ്ങൾ അദ്ദേഹത്തെ ആഘോഷിക്കുകയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ ബഹുമാനിക്കുകയും ചെയ്യുന്നു' അവര്‍ എഴുതി. പിന്നിലേക്ക് ധരിച്ച നീല മാക്സ് മാര വസ്ത്രത്തിലാണ് കാൽമിസ് ഡേവിസിനെ പകര്‍ത്തിയിരിക്കുന്നത്. 'സ്കോർജ്ഡ് ബാക്ക്' എന്ന പ്രസിദ്ധമായ 1863-ലെ ഒരു ഫോട്ടോയെ അടിസ്ഥാനമാക്കിയാണ് കാൽമിസ് കവര്‍ ഫോട്ടോ എടുത്തത്. അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട ഗോർഡൻ എന്ന വ്യക്തിയുടെ ചിത്രമാണ് സ്കോർജ്ഡ് ബാക്ക്. അദ്ദേഹത്തിന്‍റെ പുറത്ത് ചാട്ടവാറടികൊണ്ടതിന്റെ ഭീകരമായ പാടുകള്‍ ഉണ്ടായിരുന്നു.

'കറുത്ത കഷ്ടപ്പാടുകളിലേക്കുള്ള വെളുത്തവന്റെ നോട്ടത്തില്‍ നിന്നും കൃപ, ചാരുത, സൗന്ദര്യം എന്നിവയിലേക്കുള്ള കറുത്തവന്റെ നോട്ടമാണ് ഈ ചിത്രമെന്ന്' കാൽമീസ് പറഞ്ഞു. ഡേവിസിനെ അമിതമായി 'കറുപ്പിച്ചു' എന്ന വമാര്‍ശനവും പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കഴിഞ്ഞു. അതൊരു നെഗറ്റീവ് സ്ലേവ് ഇമേജ് ആണെന്നാണ്‌ വമര്‍ശകര്‍ പറയുന്നത്. എന്നാല്‍, അത്രമേല്‍ കറുപ്പായിരിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നതെന്ന് കാൽമീസ് പറയുന്നു. വോഗ് മാഗസിനും ഓഗസ്റ്റ് ലക്കത്തിലേക്കുള്ള കവറില്‍ കറുത്ത വംശജയായ ഒളിമ്പിക് അത്‌ലറ്റ് സിമോൺ ബിൽസിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.