അഫ്ഗാനില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ താലിബാന് തിരിച്ചടിയായി വൈദ്യുതി മുടക്കവും

 
taliban

അഫ്ഗാനിസ്ഥാനെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് കര കയറ്റുന്നത് വെല്ലുവിളിയായിരിക്കെ താലിബാന്‍ ഭരണകൂടത്തിന് തിരിച്ചടിയായി വൈദ്യുതി പ്രതിസന്ധിയും. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലും മറ്റ് നിരവധി പ്രവിശ്യകളിലും വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സാങ്കേതിക പ്രശ്‌നങ്ങളാണ് വൈദ്യുതി വിതരണം തടസപ്പെട്ടതിന് കാരണമായി അഫ്ഗാനിസ്ഥാനിലെ സ്റ്റേറ്റ് പവര്‍ കമ്പനി അഫ്ഗാനിസ്ഥാന്‍ ബ്രേഷ്‌ന ഷെര്‍കാറ്റ് പറയുന്നതെന്ന് സ്പുട്‌നിക് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്തെ പുതിയ താലിബാന്‍ ഭരണാധികാരികള്‍ ഇതുവരെ മധ്യേഷ്യന്‍ വൈദ്യുതി വിതരണക്കാര്‍ക്ക് പണം നല്‍കിയിട്ടില്ല അല്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ശേഖരിക്കുന്നതിനുള്ള നടപടികള്‍ പുനസ്ഥാപിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാണ് പുതിയ റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വടക്കന്‍ അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ ബാഗ്ലാനിലാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്, പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ സാങ്കേതിക ജീവനക്കാര്‍ പരിശ്രമിക്കുകയാണെന്നും റിപോര്‍ട്ട് പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ വൈദ്യുതി വിതരണം തടസപ്പെടുന്നത് എന്തുകൊണ്ട്?

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഫ്ഗാനില്‍ പുതുതായി ഭരണം ഏറ്റെടുത്ത  താലിബാന്‍ ഭരണാധികാരികള്‍  മധ്യേഷ്യന്‍ വൈദ്യുതി വിതരണക്കാര്‍ക്ക് വൈദ്യുതി കുടിശ്ശിക നല്‍കാനാതെ ബുദ്ധിമുട്ടുകയാണ്.

അഫ്ഗാനിസ്ഥാനിലെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ ഏതാണ്ട് 80 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നാണ്. താലിബാന്‍ മിന്നല്‍ വേഗത്തില്‍ ആക്രമണം ആരംഭിക്കുകയും  അഷ്‌റഫ് ഗനി സര്‍ക്കാരില്‍ നിന്ന് കാബൂള്‍ പിടിച്ചെടുക്കുകയും  സംസ്ഥാന ഉര്‍ജ്ജ മേഖലയും അതിന്റെ എല്ലാ കടങ്ങളും ഏറ്റെടുക്കുകയും ചെയ്തു. പുതിയ ഭരണാധികാരികള്‍ സാമ്പത്തിക പ്രതിസന്ധിയും  ഉപഭോക്താക്കളില്‍ നിന്ന് പണം ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് വൈദ്യൂതി വിതരണക്കാര്‍ക്ക് കുടിശിക നല്‍കുന്നതില്‍ പരാജയപ്പെട്ടത്. 

കടം വീട്ടാന്‍ താലിബാന്‍എന്താണ് ചെയ്യുക ?

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ വൈദ്യുതി വിഭാഗം  മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഏകദേശം 62 മില്യണ്‍ ഡോളര്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിനായി കുടിശികയുള്ളവരുടെ  എസ്റ്റേറ്റുകള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പദ്ധതി നടപ്പിലാക്കുമെന്നും വൈദ്യുതി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ വിതരണം നിര്‍ത്തുന്നത് തടയാന്‍ എല്ലാ കടങ്ങളും വീട്ടുമെന്നും അപ്പോള്‍ മാത്രമേ അഫ്ഗാനിസ്ഥാന്‍ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കൂവെന്നും സ്‌റ്റേറ്റ് പവര്‍ കമ്പനി(ഡിഎബിഎസ്) ആക്ടിംഗ് ഹെഡ് സഫീഉല്ല അഹമ്മദ്സായി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. താലിബാന്‍ പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയും മധ്യേഷ്യന്‍ ഉര്‍ജ്ജ വിതരണക്കാര്‍ക്ക് ബില്ലുകള്‍ അടയ്ക്കാതിരിക്കുകയും ചെയ്താല്‍, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വൈദ്യുതി വിതരണം മുടങ്ങിയേക്കുമെന്ന് ഡിഎബിഎസിന്റെ മുന്‍ മേധാവി ദൗദ് നൂര്‍സായ് ഈ മാസം ആദ്യം പറഞ്ഞിരുന്നു.