'സമ്പന്ന രാജ്യങ്ങളുടെ നീക്കം അപകടകരം; കോവിഡിനെ ഒറ്റയ്ക്ക് മറികടക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ല'

 
Omicron
ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള തീരുമാനം വാക്‌സിന്‍ അസമത്വം വര്‍ധിപ്പിക്കും


 

പൗരന്മാര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകള്‍ കൂടാതെ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാനുള്ള സമ്പന്ന രാജ്യങ്ങളുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളിലും ആദ്യ ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം അപകടകരമാണെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. വാക്‌സിന്‍ അസമത്വം വര്‍ധിക്കുന്നതോടെ, മഹാമാരി ദീര്‍ഘകാലം ഭൂമിയില്‍ നിലനില്‍ക്കാനുള്ള സാധ്യതയും വര്‍ധിക്കും. കോവിഡിനെ ഒറ്റയ്ക്ക് മറികടക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്ന്, കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് കൂടി നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. 

പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിനായി കൂടുതല്‍ വാക്‌സിനുകള്‍ പുറത്തിറക്കുന്നതിലാണ് സമ്പന്ന രാജ്യങ്ങളുടെ ശ്രദ്ധ. ദരിദ്ര രാജ്യങ്ങളില്‍ ഒരു ഡോസ് പോലും കിട്ടാതെ വലയുന്ന ദുര്‍ബലരായ ഒട്ടനവധി ആളുകളെ മറന്നുകൊണ്ടാണ് സമ്പന്ന രാജ്യങ്ങള്‍ കോവിഡിനെതിരെ വിശാലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇത്തരം ബ്ലാങ്കറ്റ് ബൂസ്റ്റര്‍ പദ്ധതികള്‍ കോവിഡിനെ ഇല്ലാതാക്കുന്നതിനു പകരം, അതിന്റെ സാന്നിധ്യം ദീര്‍ഘിപ്പിക്കാനാണ് സാധ്യത. വാക്‌സിനേഷന്‍ കവറേജ് ഉയര്‍ന്ന രാജ്യങ്ങളിലേക്കു തന്നെയാണ് വീണ്ടും വാക്‌സിന്‍ വിതരണം നടക്കുന്നത്. മറുഭാഗത്ത് മതിയായ വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുന്നു. ഇതോടെ, വൈറസ് കൂടുതല്‍ പടരുന്നതിനും കൂടുതല്‍ വകഭേദങ്ങള്‍ സംഭവിക്കുന്നതിനുമുള്ള സാധ്യതകള്‍ കൂടുന്നു. അങ്ങനെ സംഭവിക്കുന്നത് ഒരു രാജ്യത്തിനും ഗുണകരമല്ല. ഈ മഹാമാരിയില്‍നിന്ന് ഒറ്റയ്ക്കു കരകയറാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്നും ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. 

കഴിഞ്ഞമാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം, മിന്നല്‍ വേഗത്തില്‍ ലോകമെങ്ങും വ്യാപിച്ചതിനെത്തുടര്‍ന്നാണ് ടെഡ്രോസ് അദാനോം ഗബ്രിയേസസിന്റെ പ്രതികരണം. മഹാമാരി മൂലമുള്ള മോശം അവസ്ഥ അവസാനിക്കുന്നു എന്ന പ്രതീക്ഷകളെയാണ് ഒമിക്രോണ്‍ തകര്‍ത്തത്. പുതിയ വകഭേദം അഭൂതപൂര്‍വമായ വേഗതയിലാണ് പടരുന്നത്. ഇതിനോടകം 106 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നു മാത്രമല്ല, വാക്‌സിന്‍ പരിരക്ഷയെ മറികടക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിനുണ്ടെന്നായിരുന്നു പ്രാഥമിക കണ്ടെത്തലുകള്‍. അതിനാല്‍, ബൂസ്റ്റര്‍ ഡോസുകള്‍ സംരക്ഷണ നിലവാരം ഉയര്‍ത്തുമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ പക്ഷം. ഇതേത്തുടര്‍ന്നാണ് സമ്പന്ന രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് എത്രയും വേഗത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാക്കാനുള്ള നീക്കം നടത്തുന്നത്.  

ലോകമെമ്പാടുമുള്ള 126 രാജ്യങ്ങളെങ്കിലും പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള ശുപാര്‍ശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍ വ്യക്തമാക്കുന്നത്. ഇവരില്‍ 120 രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് അത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ കൂടിയാകില്ല. ദരിദ്രരാജ്യങ്ങളില്‍ പലയിടത്തും എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ പോലും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍, ബൂസ്റ്റര്‍ ഡോസ് പോലുള്ള അധിക ഡോസിനുള്ള നീക്കങ്ങള്‍ നിര്‍ത്തിവെച്ച്, ദരിദ്ര രാജ്യങ്ങളിലെ രോഗസാധ്യതയുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. 

അതേസമയം, നിലവിലുള്ള വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറയുന്നു. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലും മരിച്ചവരിലും ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരായിരുന്നു എന്ന കാര്യം മറക്കരുത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുമ്പോള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും നാം സ്വീകരിക്കണം. ആസൂത്രിതമായ ആഘോഷങ്ങളുമായി മുന്നോട്ടു പോകാനുള്ള ടിക്കറ്റായി ബൂസ്റ്റര്‍ ഡോസുകളെ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.