കാബൂളില്‍നിന്ന് മടങ്ങിയെത്തിയ വിമാനത്തിന്റെ ടയറില്‍ ശരീരാവശിഷ്ടങ്ങള്‍; അന്വേഷണം പ്രഖ്യാപിച്ച് യുഎസ്

 
US Airforce
എത്ര പേര്‍ മരിച്ചെന്ന കാര്യം യുഎസ് വ്യക്തമാക്കിയിട്ടില്ല

കാബൂളില്‍നിന്ന് മടങ്ങിയെത്തിയ യുഎസ് വ്യോമസേനയുടെ ചരക്ക് വിമാനത്തിന്റെ ടയറില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, എത്ര പേര്‍ മരിച്ചെന്ന കാര്യം യുഎസ് വ്യക്തമാക്കിയിട്ടില്ല. വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണ് കാബൂളില്‍ എത്തിയത്. എന്നാല്‍, ജനം തിക്കിതിരക്കി വളഞ്ഞതോടെ, ചരക്ക് ഇറക്കാതെ ടേക് ഓഫ് ചെയ്യുകയായിരുന്നു എന്നാണ് യുഎസ് വ്യോമസേനയുടെ വിശദീകരണം. 

ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് യുഎസ് ചരക്ക് വിമാനത്തിന്റെ ടയറില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ജനങ്ങള്‍ കൂട്ടമായി പലായനത്തിന് ശ്രമിക്കുകയാണ്. അതിനിടെയാണ്, കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് ചരക്ക് വിമാനം എത്തുന്നത്. ആളുകള്‍ കൂടിയതോടെ, വിമാനം ചരക്ക് ഇറക്കാതെ തിരിച്ചുപോകുകയായിരുന്നു. എന്നാല്‍, വിമാനത്തില്‍ തൂങ്ങിക്കയറിയ ഏഴോളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ ചിറകിലും ടയറിലുമൊക്കെ ആളുകള്‍ അള്ളിപ്പിടിച്ചു കയറുന്നതും പറന്നുയരുന്നതിനിടെ ആളുകള്‍ താഴേക്കു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതേസമയം, എത്ര പേര്‍ മരിച്ചെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.