കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഭരണഘടന തിരുത്തിയെഴുതുന്ന ചിലി

 
Borick Chile
ഖനനം എങ്ങനെ നിയന്ത്രിക്കണം? പ്രകൃതിക്ക് അവകാശങ്ങള്‍ വേണോ? ഉള്‍പ്പെടെ കാര്യങ്ങള്‍ ചര്‍ച്ചയില്‍


 

ഒരു രാഷ്ട്രമെന്ന നിലയില്‍ തങ്ങളുടെ ആദര്‍ശങ്ങള്‍ അവതരിപ്പിക്കാനും സ്വന്തമായി ഒരു പുതിയ ഭരണഘടന രചിക്കാനും ഒരു രാജ്യത്തിന് അപൂര്‍വ്വമായി മാത്രമാണ് അവസരം ലഭിക്കുക. എങ്കിലും, കാലാവസ്ഥയും പാരിസ്ഥിതിക പ്രതിസന്ധികളും അതില്‍ പ്രധാന പങ്ക് വഹിക്കാറുമില്ല. അത്തരം ധാരണകളെ മാറ്റിയെഴുതുകയാണ് ചിലി. ഒരു പുനര്‍നിര്‍മാണത്തിന്റെയോ നവീകരണത്തിന്റെയോ പാതയിലാണ് ചിലി. സാമുഹികവും പാരിസ്ഥിതികവുമായ ആവലാതികള്‍ സംബന്ധിച്ച് മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും, 'കാലാവസ്ഥാ, പാരിസ്ഥിതിക അടിയന്തരാവസ്ഥ' എന്ന പ്രഖ്യാപനത്തിനും പിന്നാലെ പുതിയ ഭരണഘടന എഴുതാന്‍ 155 പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 190 ലക്ഷം ജനങ്ങളുള്ള രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്ന് രൂപപ്പെടുത്തുക മാത്രമല്ല സംഘത്തിന്റെ ജോലി. ആന്‍ഡീസ് പര്‍വതനിരകള്‍ക്ക് സമീപമുള്ള വിശാലമായ മരുഭൂമിയുടെ അടിയില്‍, ഉപ്പുവെള്ളത്തില്‍ മറഞ്ഞുകിടക്കുന്ന മൃദുവായതും തിളക്കമുള്ളതുമായ ലോഹമായ ലിഥിയത്തിന്റെ ഭാവിയും അവര്‍ നിര്‍ണയിക്കും. ചിലിയില്‍ ധാരാളം ലിഥിയം ഉണ്ട്. അത് ഹരിത ഊര്‍ജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ശക്തമായ ഖനന താല്‍പര്യങ്ങള്‍, ജലപ്രതിസന്ധി, അസമത്വം എന്നിവയെക്കുറിച്ചുള്ള രോഷം എങ്ങനെ സ്വയം നിര്‍വചിക്കപ്പെടണമെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ ചിലിയെ പ്രേരിപ്പിച്ചിരിക്കുന്നു. 

ബാറ്ററികളുടെ അവശ്യഘടകമാണ് ലിഥിയം. കാലാവസ്ഥാ വ്യതിയാനത്തെ മന്ദഗതിയിലാക്കാന്‍, ആഗോള സമ്പദ്വ്യവസ്ഥ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലുകള്‍ തേടുമ്പോള്‍, ലിഥിയത്തിന്റെ ആവശ്യകതയും വിലയും കുതിച്ചുയരുകയാണ്. ഓസ്ട്രേലിയ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിഥിയം ഉല്‍പ്പാദകരാണ് ചിലി. അതിനാല്‍, ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഖനന കമ്പനികളും താല്‍പര്യപ്പെടുന്നു. ദേശീയ അഭിവൃദ്ധിയില്‍ ഖനനം നിര്‍ണായകമാണെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെയും കാഴ്ചപ്പാട്. എന്നിരുന്നാലും, പ്രകൃതിവിഭവങ്ങളെ പിഴിഞ്ഞെടുക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മാതൃകയ്ക്ക് പരിസ്ഥിതി വളരെ വലിയ വില കൊടുക്കേണ്ടിവരുന്നുണ്ടെന്നും, നേട്ടങ്ങള്‍ തദ്ദേശീയര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും എത്തിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും വാദിക്കുന്നവരുടെ എതിര്‍പ്പ് വര്‍ധിച്ചുവരുന്നുണ്ട്. 

അതിനാല്‍, ചിലി ഏതുതരം രാജ്യമാകണമെന്ന് തീരുമാനിക്കുക ഭരണഘടനാ കണ്‍വെന്‍ഷന്‍ ആയിരിക്കും. ഖനനം എങ്ങനെ നിയന്ത്രിക്കണം? ഖനനത്തിന്മേല്‍ പ്രാദേശിക സമൂഹങ്ങള്‍ക്ക് എന്ത് പറയാന്‍ കഴിയും? പ്രസിഡന്റ് ഭരണ സമ്പ്രദായം നിലനിര്‍ത്തണമോ? പ്രകൃതിക്ക് അവകാശങ്ങള്‍ വേണോ? ഭാവി തലമുറയുടെ കാര്യങ്ങള്‍? എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ കണ്‍വെന്‍ഷന്‍ അംഗങ്ങള്‍ തീരുമാനമെടുക്കും. 

മധ്യ ആഫ്രിക്കയില്‍ വനങ്ങള്‍, യുഎസില്‍ തദ്ദേശീയ അമേരിക്കന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും, മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കാതെ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ സമാനമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. ചിലിയെ സംബന്ധിച്ചിടത്തോളം, ഈ പ്രശ്‌നം ഇപ്പോള്‍ ദേശീയ ചാര്‍ട്ടറിനെ രൂപപ്പെടുത്തുകയാണ്. 'മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ നാശമുണ്ടാക്കുമെന്ന് നമുക്ക് അനുമാനിക്കാം. അങ്ങനെയെങ്കില്‍, എത്രത്തോളം നാശമുണ്ടാക്കാനാകും? നന്നായി ജീവിക്കാന്‍ മതിയായ നാശം എന്താണ്?' ഉപ്പു സമതലങ്ങളെക്കുറിച്ച് പഠിക്കുന്ന മൈക്രോ ബയോളജിസ്റ്റും ഭരണാഘടനാ കണ്‍വെന്‍ഷനില്‍ അംഗവുമായ ക്രിസ്റ്റീന ഡോറാഡൊര്‍ ഓര്‍ട്ടിസ് ചോദിക്കുന്നു. 

അടുത്തത് വെള്ളമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരള്‍ച്ചയ്ക്കിടയില്‍, ചിലിയിലെ ജലം ആരുടേതാണെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിക്കും. എന്താണ് വെള്ളം? എന്നിങ്ങനെ കൂടുതല്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. 

ത്യാഗ മേഖലങ്ങള്‍
ചിലിയുടെ നിലവിലുള്ള ഭരണഘടന, 1980ല്‍ അന്നത്തെ സൈനിക ഭരണാധികാരിയായിരുന്ന അഗസ്റ്റോ പിനോഷെ തിരഞ്ഞെടുത്ത ആളുകള്‍ എഴുതിയതാണ്. അത് രാജ്യത്തെ ഖനന നിക്ഷേപങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ജലത്തിന്റെ അവകാശം വാങ്ങാനും വില്‍ക്കാനും അനുവദിച്ചു. ചെമ്പ്, കല്‍ക്കരി, സാല്‍മണ്‍, അവൊക്കാഡോ എന്നിങ്ങനെ പ്രകൃതി സമ്പത്തുകള്‍ ചൂഷണം ചെയ്തുകൊണ്ടാണ് ചിലി അഭിവൃദ്ധി പ്രാപിച്ചത്. ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി ചിലി മാറിയെങ്കിലും, രാജ്യത്ത് തുടരുന്ന അസമത്വം ഏറ്റവും വലിയ നിരാശയായി. ധാതു സമ്പുഷ്ടമായ പ്രദേശങ്ങള്‍ പാരിസ്ഥിതിക തകര്‍ച്ചയുടെ 'ത്യാഗ മേഖലകള്‍' എന്നറിയപ്പെട്ടു. നദികള്‍ വറ്റിത്തുടങ്ങി. 2019ല്‍ വന്‍ പ്രതിഷേധങ്ങളിലൂടെ പൊതുജനരോഷം ആളിക്കത്തി. തുടര്‍ന്ന് ദേശീയ തലത്തില്‍ റഫറണ്ടം നടത്തി, ഭരണഘടന മാറ്റിയെഴുതാന്‍ വൈവിധ്യമാര്‍ന്ന പാനലിനെ തിരഞ്ഞെടുത്തു.

ഈവര്‍ഷം ഡിസംബര്‍ 19ന് മറ്റൊരു വഴിത്തിരിവുണ്ടായി. മുന്‍ വിദ്യാര്‍ഥി ആക്ടിവിസ്റ്റായ, 35 കാരനായ ഗബ്രിയേല്‍ ബോറിക്കിനെ വോട്ടര്‍മാര്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. സാമൂഹിക സുരക്ഷാ വല വിപുലീകരിക്കാനും, ഖനന റോയല്‍റ്റികളും നികുതികളും വര്‍ധിപ്പിക്കാനും, ദേശീയ ലിഥിയം കമ്പനി രൂപീകരിക്കാനും പ്രചാരണം നടത്തിയ ആളാണ് ബോറിക്ക്. അദ്ദേഹത്തിന്റെ വിജയത്തിനു തൊട്ടുപിന്നാലെ, രാജ്യത്തെ ഏറ്റവും വലിയ ലിഥിയം ഉല്‍പ്പാദകരായ സോസിഡാഡ് ക്വിമിക്ക വൈ മിനറ ഡി ചിലിയുടെ (എസ്‌ക്യുഎം) ഓഹരി വില 15 ശതമാനമാണ് ഇടിഞ്ഞത്. 

അഗ്നിപര്‍വ്വതങ്ങളുടെ പിതാവ്
എസ്‌ക്യുഎം ആണ് ലോകത്തിലെ ലിഥിയത്തിന്റെ അഞ്ചിലൊന്ന് ഉല്‍പാദിപ്പിക്കുന്നത്. അതില്‍ ഭൂരിഭാഗവും പുരാതന അഗ്നിപര്‍വതങ്ങള്‍ ഉറങ്ങുന്ന, നിലവില്‍ സജീവമായ ലാസ്‌കറും ഉള്‍പ്പെടുന്ന, വടക്കന്‍ ചിലിയിലെ അറ്റകാമ മരുഭൂമിയിലാണ്. ഇവിടത്തെ തദ്ദേശീയരായ, ലിക്കനന്റെയ് ജനത ലാസ്‌കറിനെ സര്‍വ്വ അഗ്നിപര്‍വ്വതങ്ങളുടെയും പിതാവ് എന്നാണ് വിളിക്കുന്നത്. മുകളില്‍ നിന്ന് നോക്കിയാല്‍, മരുഭൂമിക്ക് നടുവില്‍ ആരോ നീലയും പച്ചയും കലര്‍ന്ന ഒരു പുതപ്പ് വിരിച്ചിരിക്കുന്നതായി തോന്നും. ഭൂഗര്‍ഭ ഉപ്പുവെള്ളമാണ് പ്രകൃതി സമ്പത്തിന്റെ ഉറവിടം. രാവും പകലുമായി എസ്‌ക്യുഎം അഞ്ച് കിണറുകളില്‍ നിന്ന് ശുദ്ധജലത്തോടൊപ്പം ഉപ്പുവെള്ളവും പമ്പ് ചെയ്യുന്നു. പൈപ്പുകളിലൂടെ നിരവധി കുളങ്ങളിലേക്ക് ഉപ്പുവെള്ളം എത്തിക്കുന്നു. പിന്നീട് സൂര്യന്റെ ജോലിയാണ്. ഭൂമിയില്‍ ഏറ്റവും ഉയര്‍ന്ന സൗരവികിരണം അറ്റകാമയിലാണ്. ധാതു നിക്ഷേപം അവശേഷിപ്പിച്ച് വെള്ളം അതിശയിപ്പിക്കുന്ന വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. കുളങ്ങളില്‍ മഗ്‌നീഷ്യം വേര്‍തിരിയപ്പെടുന്നു. പൊട്ടാസ്യവും ലഭിക്കുന്നു. ലിഥിയം മഞ്ഞ-പച്ച നീര്‍ക്കുഴിയില്‍ അര്‍ദ്ധദ്രവാസ്ഥയില്‍ അവശേഷിക്കുന്നു. അതിനെ വിദേശ ബാറ്ററി നിര്‍മാതാക്കള്‍ക്കായി എസ്‌ക്യുഎം ലിഥിയം കാര്‍ബണേറ്റ് എന്ന വെള്ള പൊടിയാക്കി മാറ്റുന്നു.  

1983ല്‍ പിനോഷെ തന്റെ മരുമകന്‍ ജൂലിയോ പോന്‍സ് ലെറോവിന് കൈമാറുന്നതുവരെ, എസ്‌ക്യുഎം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാസവള-രാസവസ്തു നിര്‍മാതാക്കളായിരുന്നു. അടുത്തിടെ, ചിലിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് നിയന്ത്രകരും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌ചേഞ്ച് കമ്മീഷനും ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് ലംഘനത്തിന് എസ്‌ക്യുഎമ്മിനെതിരെ പിഴ ചുമത്തിയിരുന്നു. പോന്‍സ് ഇപ്പോള്‍ ചെയര്‍മാന്‍ അല്ലെങ്കിലും എസ്‌ക്യുഎമ്മിന്റെ 30 ശതമാനം ഉടമസ്ഥാവകാശം നിലനിര്‍ത്തിയിട്ടുണ്ട്. ഓഹരി കമ്പോളത്തിലെ വമ്പന്മാരാണ് എസ്‌ക്യുഎം. 2022ഓടെ, 140,000 ടണ്ണില്‍നിന്ന് 180,000 ടണ്ണായി ലിഥിയം കാര്‍ബണേറ്റ് ശേഷി വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് വൈസ് പ്രസിഡന്റ് കാര്‍ലോസ് ഡയസ് പറഞ്ഞത്. 2030ഓടെ ഉപ്പുവെള്ളം കുറുക്കുന്നത് പകുതിയായി കുറയ്ക്കുന്നതിനും, ലിഥിയം പരമാവധി പച്ചയായി തന്നെ ഉല്‍പാദിപ്പിക്കാനുമാണ് കമ്പനി ആഗ്രഹിക്കുന്നത്. അത്തരത്തില്‍ 2040ഓടെ 'കാര്‍ബണ്‍ ന്യൂട്രല്‍' ആയി മാറുമെന്നും ഡയസ് പറയുന്നു. അതിനൊരു നല്ല കാരണമുണ്ട്. വെള്ളം വേര്‍തിരിച്ചതിനും നികത്താനാവാത്ത നാശനഷ്ടം വരുത്തിയതിനും എസ്‌കൊന്‍ഡിഡ എന്ന പേരുള്ള ഒരു ചെമ്പ് ഖനിക്ക് ചിലിയിലെ കോടതി അടുത്തിടെ 93 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.  

ഖനന വ്യവസായങ്ങള്‍ മാറ്റത്തിനായുള്ള പരിശ്രമത്തിലാണ്. റോയല്‍റ്റി വര്‍ധിപ്പിക്കാനുള്ള നിയമത്തിനായുള്ള ശ്രമങ്ങള്‍ നിയമ നിര്‍മാണസഭയിലൂടെ പുരോഗമിക്കുകയാണ്. പ്രാദേശികമായി തീരുമാനമെടുക്കേണ്ടത് കൂടുതല്‍ ആവശ്യമായേക്കാവുന്ന വ്യവസ്ഥകളെക്കുറിച്ച് ഭരണഘടനാ കണ്‍വെന്‍ഷന്‍ സസൂക്ഷ്മം പരിശോധിക്കുന്നുമുണ്ട്. ഇതെല്ലാം നിക്ഷേപകര്‍ക്കു മുന്നില്‍ ചിലിയുടെ ആകര്‍ഷണത്വത്തെ കുറയ്ക്കുമെന്നാണ് വ്യവസായ ലോബിയായ മൈനിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ജോക്വിന്‍ വില്ലാരിനോ പറയുന്നത്. കണ്‍വെന്‍ഷന്‍ അംഗങ്ങളില്‍ ചിലര്‍ ഖനനത്തിന് എതിരാണെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു. എന്നാല്‍ ആരുടെയും പേര് പരാമര്‍ശിച്ചില്ല. ഭരണഘടനയില്‍ അതുണ്ടായിരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കാരണം, ചിലി ഒരു ഖനന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

കണ്‍വെന്‍ഷന്‍ വെള്ളത്തെ പൊതു വസ്തുവാക്കി മാറ്റാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍, ഉപ്പുവെള്ളം-മരുഭൂമിയുടെ അടിയിലുള്ള ഉപ്പുവെള്ളം-സാങ്കേതികമായി വെള്ളം ആണോ? എന്ന ചോദ്യം ഉയര്‍ന്നുവരും. അത് വെള്ളമല്ലെന്നതാണ് ഖനന കമ്പനികളുടെ വാദം. കാരണം, ഇത്തരം ഉപ്പുവെള്ളം മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല. 'പര്‍വതത്തില്‍ നിന്ന് വരുന്നതും (ഭൂഖണ്ഡാന്തര ജലം) അറ്റകാമയിലെ ഉപ്പുവെള്ളത്തില്‍ നിന്നുള്ള വെള്ളവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്' എന്നാണ് ഡയസ് പറയുന്നത്. നിലവില്‍, ഖനന വ്യവസ്ഥകള്‍ പ്രകാരമാണ് ഉപ്പുവെള്ളം വേര്‍തിരിച്ചെടുക്കുന്നത് നിയന്ത്രിക്കപ്പെടുന്നത്. പുതിയ ഭരണഘടനയ്ക്ക് അത് മാറ്റാനാകും. അതിനെ ഉപ്പുവെള്ളം എന്ന് വിളിക്കാനാകും. 

ബ്രൈറ്റ് ലഗൂണിലെ പ്രതിസന്ധി
എസ്‌ക്യുഎം ഖനിയില്‍ നിന്ന് വളരെ അകലെയല്ലാത്ത ലാസ്‌കറിന്റെ നിഴലില്‍, തിളങ്ങുന്ന വെളുത്ത ഉപ്പില്‍ പൊതിഞ്ഞ ഒരു തടാകം തിളങ്ങുന്നു. അറ്റകാമ ഇന്‍ഡിജിനസ് കൗണ്‍സിലിനൊപ്പം പ്രവര്‍ത്തിക്കുന്ന ജിയോളജിസ്റ്റായ ജോര്‍ദാന്‍ ജോഫ്രെ ലിക്വെ അതിന്റെ അരികിലൂടെ നടന്നു. അപ്പോള്‍, ഒറ്റപ്പെട്ട അരയന്നം ഉപ്പുതോട് കടക്കുന്നുണ്ടായിരുന്നു. അത് ഭക്ഷണം തേടുകയായിരുന്നു, പ്രധാനമായും ഉപ്പുവെള്ളത്തില്‍ ലഭ്യമാകുന്ന ചെമ്മീന്‍. അന്ന്, ആ ഉച്ചകഴിഞ്ഞ സമയത്ത് തടാകം അസാധാരണമായി വരണ്ടിരുന്നു. അത് എന്തുകൊണ്ടാണെന്ന് 28കാരനായ ലിക്വെയ്ക്ക് ഉറപ്പില്ല. പക്ഷേ അത് അവനെ ആശങ്കപ്പെടുത്തുന്നു. ഉപ്പ് സമതലങ്ങളുടെ ആരോഗ്യത്തില്‍ അദ്ദേഹം ആശങ്കപ്പെടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ഭൂമിയുടെ ചൂട്, രണ്ട് ഖനന വ്യവസായങ്ങള്‍ ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നില്‍നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുന്നു. നേരത്തെകണ്ട അരയന്നം ഭക്ഷണത്തിനായുള്ള തിരച്ചില്‍ ഉപേക്ഷിച്ചിരുന്നു, ഇളം പിങ്ക് നിറത്തിലുള്ള ചിറകുകള്‍ വീശി അത് പറന്നുപോയി. 

ലിക്കാനന്റെക്കാരനായ ലിക്വെയ്ക്ക് ഉപ്പ് സമതലങ്ങളുടെ വഴികള്‍ അറിയാം. അവന്റെ മുത്തച്ഛന്‍ ഇവിടെ ആടുകളെയും ചെമ്മരിയാടുകളെയും മേയിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു ഖനന കമ്പനിയില്‍ ജോലിക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു. നല്ല ശമ്പളത്തിലേക്കുള്ള വഴിയായിരുന്നു അത്. പക്ഷേ, തന്റെ ജനങ്ങളുടെ ഭൂമിയില്‍ നടക്കുന്ന ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി അദ്ദേഹം അവസരം പ്രയോജനപ്പെടുത്തി. ഒരുപക്ഷേ അത് ദൈവത്തിന്റെ പ്രവൃത്തിയോ ജീവിതസാഹചര്യങ്ങളോ ആയിരിക്കാം അങ്ങനയൊരു ഇട വരുത്തിയതെന്നാണ് അദ്ദേഹം പറയുന്നത്. ഖനന കമ്പനികള്‍ പണവും ജോലിയും വാഗ്ദാനം ചെയ്ത് തങ്ങളുടെ സമുദായങ്ങളെ വിഭജിച്ചുവെന്നാണ് ചില തദ്ദേശവാസികള്‍ പറയുന്നത്. പ്രാദേശികമായി ലിഥിയം ഖനനം ചെയ്യുന്ന അമേരിക്കന്‍ കമ്പനിയായ അല്‍ബെമാര്‍ലെയില്‍ നിന്ന് ഗവേഷണ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ മിസ്റ്റര്‍ ലിക്വെയുടെ സ്ഥാപനത്തോട് ചിലര്‍ അകലം പാലിക്കുന്നുമുണ്ട്. ജലനിരപ്പ്, ലവണാംശം, താപനില എന്നിവ അളക്കാന്‍ ലിക്വെയുടെ സംഘം ഒരു ഡസനിലധികം സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലവും ഉപ്പുവെള്ളവും ഭൂമിക്കടിയില്‍ ഇടകലര്‍ന്നു നിലനില്‍ക്കുന്ന ഒരു സെന്‍സിറ്റീവ് ഇക്കോസിസ്റ്റമായ 'മിക്‌സിംഗ് സോണിനെ' കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. തിളക്കമുള്ള ബാഷ്പീകരണ കുളങ്ങള്‍ കണ്ണാടി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വായുവിനെ ചൂടാക്കുമെന്ന സംശയവും ലിക്വെ പങ്കുവെക്കുന്നു. 

ലിഥിയം ഖനനത്തിന്റെ വികാസവും പ്രദേശത്തിന്റെ വരള്‍ച്ചയും തമ്മിലുള്ള ശക്തമായ പരസ്പര ബന്ധത്തിന്റെ തെളിവുകള്‍ക്കൊപ്പം, വര്‍ധിച്ചുവരുന്ന പകല്‍ താപനിലയ്ക്കൊപ്പം, ഉപ്പു സമതലത്തിലെ മണ്ണിലെ ഈര്‍പ്പവും നിലത്തെ ആവരണവും കുറയുന്നതായി സ്വതന്ത്ര ഗവേഷണകള്‍ കണ്ടെത്തിയിരുന്നു. ഗവണ്‍മെന്റ് സെന്‍സസ് പ്രകാരം, 1997 മുതല്‍ അറ്റകാമയിലെ ആന്‍ഡിയന്‍ ഫ്‌ളെമിംഗോ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ചിലിയിലെ മറ്റെല്ലായിടത്തും അവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. ഫ്‌ളെമിംഗോ റിസര്‍വുകളുടെ ചുമതലയുള്ള പാര്‍ക്ക് റേഞ്ചറായ അലെജാന്ദ്ര കാസ്‌ട്രോ കാലാവസ്ഥാ വ്യതിയാനത്തെയാണ് സംശയിക്കുന്നത്. എന്നാല്‍, മിക്‌സിംഗ് സോണില്‍ ഉപ്പുവെള്ളത്തിന്റെ അളവ് നേരിയ തോതില്‍ കുറയുന്നതായി തങ്ങളുടെ മോണിട്ടറുകള്‍ കാണിക്കുന്നതായും, സസ്യജന്തുജാലങ്ങള്‍ ആരോഗ്യകരമായി തുടരുന്നുവെന്നുമാണ് എസ്‌ക്യുഎം പറയുന്നത്.

മിസ്റ്റര്‍ ലിക്വെ കാലാവസ്ഥാ വ്യതിയാനത്തിന്റെ സങ്കലന ഫലങ്ങള്‍ നോക്കിക്കാണുന്നു. ഖനിക്ക് സമീപമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൃഷിയിടത്തിലെ വെള്ളം കൂടുതല്‍ വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു. മഴ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. ഈ വര്‍ഷം ഒരു പയറുവര്‍ഗ്ഗം വളര്‍ന്നില്ല. ചോളം ചെറുതാണ്. കാലാവസ്ഥാ വ്യതിയാനത്തിനിടെ, ഇത്രയധികം ഉപ്പുവെള്ളം വേര്‍തിരിച്ചെടുക്കുന്നത് സൂര്യന്റെയും ഭൂമിയുടെയും ജലത്തിന്റെയും സൂക്ഷ്മമായ സന്തുലിതാവസ്ഥയെ എങ്ങനെ മാറ്റുമെന്നതിനെക്കുറിച്ചാണ് ലിക്വെ ഏറ്റവും ആശങ്കപ്പെടുന്നത്. ഇതിലും മോശമാകില്ല എന്നതാണ് ഏറ്റവും നല്ല സാഹചര്യം. എല്ലാം വരണ്ടുപോകുന്നു എന്നതാണ് ഏറ്റവും മോശം സാഹചര്യം -ലിക്വെ പറയുന്നു.

ഭാവിയിലേക്കുള്ള സൂചനകള്‍
ഭരണഘടനാ കണ്‍വെന്‍ഷന്‍ അംഗമായ ഡോ. ഡോറാഡൊര്‍, ജന്മനാടായ ആന്റോഫഗസ്റ്റയിലെ തിരക്കേറിയ മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്നു. 'ഭരണഘടനയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമം' അവര്‍ മാമ്പഴം വില്‍ക്കുന്ന ഒരു മനുഷ്യനോട് പറഞ്ഞു. അവന്‍ ശ്രദ്ധയോടെ അത് കേട്ടു. വെള്ളം, ഹൗസിംഗ്, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ നിയമനിര്‍മാണ സഭ എന്താണ് ചര്‍ച്ച ചെയ്യുന്നതെന്ന് 41കാരിയായ അവര്‍ വിവരിച്ചു. ജൂലൈയില്‍ ഒരു കരട് ഭരണഘടന, തുടര്‍ന്ന് ഒരു ദേശീയ വോട്ട് -അവര്‍ പുതിയ ഭരണഘടനയിലേക്കുള്ള ടൈംലൈന്‍ പറയുമ്പോള്‍, പുറകില്‍ ഒരു മനുഷ്യന്‍ ചോളത്തിന്റെ വില പറയുന്നത് കേള്‍ക്കാമായിരുന്നു. മറ്റൊരാള്‍ മുയലുകളെ വില്‍ക്കുന്നു. ഒരു സ്ത്രീ തോള്‍ വേദനയെക്കുറിച്ച് പറയുന്നു. തങ്ങള്‍ക്ക് സമയമില്ലെന്നാണ് കുറച്ചുപേര്‍ അവളോട് പറഞ്ഞത്. ഉപ്പ് സമതലങ്ങളില്‍ ദശലക്ഷം വര്‍ഷങ്ങളെ അതിജീവിച്ച സൂക്ഷ്മ ജീവികളെക്കുറിച്ച് ഡോ. ഡോറാഡൊര്‍ വിശദമായി പഠിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിരവധി കാര്യങ്ങള്‍ അതിലൂടെ മനസിലാക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. ഭൂതകാലത്തിന്റെയും ഭാവികാലത്തിന്റെയും സൂചനകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ വാദിക്കുന്നു. 

'മനുഷ്യര്‍ പ്രകൃതിയുടെ ഭാഗമാണ്' എന്നത് ഭരണഘടന അംഗീകരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഫോസില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ ലിഥിയം വേര്‍തിരിച്ചെടുക്കല്‍ ആവശ്യമാണോ എന്ന് ചോദ്യത്തിനും അവര്‍ക്ക് മറുപടിയുണ്ട്. തീര്‍ച്ചയായും ലോകം എണ്ണയും വാതകവും കത്തിക്കുന്നത് അവസാനിപ്പിക്കണം, എന്നാല്‍ അത് ഇതുവരെ അറിയപ്പെടാത്ത പാരിസ്ഥിതിക വിലകളെ അവഗണിച്ചുകൊണ്ടായിരിക്കരുത്. 'ഒരാള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങുന്നു, അത് ഭൂമിയെ സംരക്ഷിക്കുമെന്നതിനാല്‍ അവരതില്‍ സന്തോഷം കണ്ടെത്തുന്നു. അതേസമയം, ഒരു മുഴുവന്‍ ആവാസവ്യവസ്ഥയും തകരാറിലാകുന്നു. അതൊരു വലിയ വിരോധാഭാസമാണ്' -അവര്‍ പറയുന്നു. 

ഈ കണ്‍വെന്‍ഷന്‍ നേരിടുന്നത്, ചിലിയെ സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമല്ല. വര്‍ധിച്ചുവരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കിടയില്‍, കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ നഷ്ടവും സംബന്ധിച്ച കണക്കെടുപ്പില്‍ ഉയരുന്നതും ഒരേ ചോദ്യമാണ്: കാലാവസ്ഥാ പ്രശ്‌ന പരിഹാരങ്ങള്‍ക്കായുള്ള തിരച്ചിലില്‍, മനുഷ്യരാശിയും പ്രകൃതിയുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടതുണ്ടോ? 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വളരെ സങ്കീര്‍ണമായ ചില പ്രശ്‌നങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍, നമ്മുടെ പല സ്ഥാപനങ്ങളും, പല കാര്യങ്ങളിലും അതിന് തയ്യാറാല്ല' -എന്നാണ് ചിലി സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈസ റോജാസ് പറയുന്നത്.

Source 

Photo:  President-elect Gabriel Boric, center left, met with members of Chile’s Constitutional Convention this month, https://www.nytimes.com/