ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്; ഇടതുപക്ഷക്കാരനായ ഗബ്രിയേല്‍ ബോറിക് ആരാണ്?

ഇടതുപക്ഷക്കാരനായ ഗബ്രിയേല്‍ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. തീവ്ര വലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചതായാണ് റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സിഐഎ അട്ടിമറിയിലൂടെ മാര്‍ക്സിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ പുറത്താക്കി 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിലിയില്‍ വീണ്ടുമൊരു ഇടതുപക്ഷ നേതാവ് പ്രസിഡന്റാകുന്നത്. അടുത്തവര്‍ഷം മാര്‍ച്ച് 11ന് ബോറിക്, ചിലെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.

ആരാണ് ഗബ്രിയേല്‍ ബോറിക്?
ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലന് എന്ന സ്ഥലത്താണ് ബോറിക് ജനിച്ചതും വളര്‍ന്നതും. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, 2011 ല്‍ ചിലി യൂണിവേഴ്സിറ്റിയില്‍ നിയമം പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ഗബ്രിയേല്‍ തന്റെ ബിരുദം പൂര്‍ത്തിയാക്കിയില്ല. പകരം 2013ല്‍ ചിലി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും രണ്ട് തവണ പ്രതിനിധി ആകുകയും ചെയ്തു. ചിലിയിലെ രണ്ട് പ്രധാന സഖ്യങ്ങള്‍ക്ക് പുറമെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇടതുപക്ഷ നേതാക്കളില്‍ ഒരാളായി അദ്ദേഹം മാറി. രാജ്യത്ത് അധികാരം കൈയാളിയിരുന്ന മധ്യവാദികള് രാജ്യത്തിന്റെ ആഴത്തിലുള്ള അസമത്വങ്ങളെ അഭിസംബോധന ചെയ്യാന്‍ ധൈര്യമുള്ളവരല്ലെന്ന് ബോറിക് അവകാശപ്പെട്ടു.
പത്തുവര്‍ഷം മുന്‍പ്, ചിലെയില്‍ വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് ആയിക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്കി ഗബ്രിയേല്‍ ബോറിക്. അസമത്വങ്ങള്‍ക്കും അഴിമതിക്കുമെതിരെയായിരുന്നു പ്രക്ഷോഭങ്ങള്‍. സാമ്പത്തിക അസമത്വങ്ങളടക്കം ഇല്ലാതാക്കാന്‍ പെന്ഷന്, മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, ജോലി സമയം എന്നിവിടങ്ങളില്‍ പരിഷ്കാരം കൊണ്ടുവരുക, വിദ്യാര്‍ഥികളുടെ കടം എഴുതിത്തള്ളുക, അതിസമ്പന്നര്‍ക്കുള്ള നികുതി വര്‍ധിപ്പിക്കല്‍ എന്നിവയായിരുന്നു ബോറികിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. യുവാക്കളുടെ ആരാധനാ പുരുഷന് തന്നെയാണ് അദ്ദേഹം. 'ദി മണ്ടലോറിയന്‍' എന്ന ചിത്രത്തിലെ ചിലി-അമേരിക്കന്‍ നടന് പെഡ്രോ പാസ്കലും മെക്സിക്കന്‍ നടന് ഗെയ്ല് ഗാര്‍സിയ ബെര്‍ണലും ബോറികിന്റെ ആരാധകരാണ്.
ചിലിയെ പുരോഗതിയുടെയും കൂടുതല്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പാതയിലേക്ക് നയിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് ചിലിയുടെ മുന്‍ പ്രസിഡന്റും നിലവില്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുമായ മിഷേല്‍ ബാച്ചലെറ്റ് ബോറിക്കിനെ സ്വാഗതം ചെയ്തത്. ചിലിയിലെ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനെ നേരിടുന്നതിന് നൂതനമായ പരിഷ്കരണങ്ങള്‍ കൊണ്ടു വരുമെന്നുമായിരുന്നു വിജയത്തിന് ശേഷം ബോറിക് വ്യക്തമാക്കിയത്.
17 വര്‍ഷത്തെ ക്രൂരമായ സ്വേച്ഛാധിപത്യത്തിന് തുടക്കമിട്ട 1973 ലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയ്ക്ക് ശേഷം 35 വയസ്സുള്ള ബോറിക് രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരിക്കും. ലിംഗസമത്വം, തദ്ദേശീയരുടെ അവകാശങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഗാധവും നിയമപരവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള പുതിയ ഭരണഘടനാ രൂപീകരണത്തിനുള്ള പരിശ്രമത്തിനൊടുവിലാണ് ബോറിക് ചുമതലയേല്‍ക്കുക.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബോള്‍സോനാരോ എന്നിവരുമായി താരതമ്യം ചെയ്യപ്പെട്ട നേതാവാണ് ബോറികിന്റെ എതിരാളിയായിരുന്ന ജോസ് ആന്റോണിയോ കാസ്റ്റ്. മുന്‍ സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. കമ്പനികള്‍ക്ക് നികുതിയിളവ്, കുടിയേറ്റക്കാര്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ ചിലിയുടെ വടക്കുഭാഗത്തു മതില് പണിയുക, ഗര്‍ഭച്ഛിദ്രം നിര്‍ത്തലാക്കുക തുടങ്ങിയവ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു 55കാരനായ കാസ്റ്റിന്റെ പ്രചാരണം. സെബാസ്റ്റ്യന്‍ പിനേര ആണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്. ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ 'നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടി' അംഗമായ പിനേര 2018 മുതല്‍ ചിലിയിലെ പ്രസിഡന്റാണ്. ലാറ്റിനമേരിക്കയില്‍ ആദ്യമായി നവ ലിബറല്‍നയങ്ങളെ പുല്കിയ രാജ്യമായിരുന്നു ചിലി. 1973 സപ്തംബര്‍ 11നാണ് പിനൊഷെയുടെ വലതുപക്ഷപട്ടാളം ഇടതുപക്ഷക്കാരനായ ചിലിയന്‍ പ്രസിഡന്റ് അലന്‍ഡെയെ വെടിയുണ്ടകളുതിര്‍ത്തു കൊലപ്പെടുത്തുന്നത്.