കൊറോണ - ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വ്യോമസേന വിമാനം ചൈന മനപ്പൂര്‍വം വൈകിപ്പിക്കുന്നതായി പരാതി; അടിസ്ഥാനരഹിതമെന്ന് ചൈന

 
കൊറോണ - ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള വ്യോമസേന വിമാനം ചൈന മനപ്പൂര്‍വം വൈകിപ്പിക്കുന്നതായി പരാതി; അടിസ്ഥാനരഹിതമെന്ന് ചൈന

നൊവേല്‍ കൊറോണ വൈറസിന്റെ (കൊവിഡ് 19) പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നുള്ള വ്യോമസേന വിമാനം ചൈന മനപ്പൂര്‍വം വൈകിപ്പിക്കുന്നതായി പരാതി. ചൈനയ്ക്ക് സഹായമായി മരുന്നുകളടക്കമുള്ളവയുമായി പോകുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി 17 ഗ്ലോബ്മാസ്റ്റര്‍ ഫ്‌ളൈറ്റിന് ചൈന ക്ലിയറന്‍സ് നല്‍കുന്നത് വൈകിപ്പിക്കുകയാണ് എന്നാണ് പരാതി. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളുടെ ദുരിത്വാശ്വാസ, ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ വന്നുപോകുന്നുണ്ട്. എന്താണ് ഇന്ത്യന്‍ വിമാനത്തിന് ചൈനീസ് ഗവണ്‍മെന്റ് അനുമതി വൈകിപ്പിക്കുന്നത്. ഇന്ത്യയുടെ പിന്തുണ ഇവര്‍ക്ക് ആവശ്യമില്ലേ. വുഹാനില്‍ നിന്ന് നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുപോകുന്നത് ഇവര്‍ എന്തിനാണ് തടയുന്നത്. അവരെ എന്തിനാണ മാനസികപ്രശ്‌നങ്ങളിലേയ്ക്ക് തള്ളിവിടുന്നത് - ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഏറ്റവും വലിയ വിമാനമായ സി 17 ഗ്ലോബല്‍ മാസ്റ്റര്‍, വുഹാനിലേയ്ക്ക് അയയ്ക്കുമെന്ന് ഫെബ്രുവരി 17ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 647 ഇന്ത്യക്കാരേയും ഏഴ് മാല്‍ദീവ്‌സ് പൗരന്മാരേയുമാണ് രണ്ട് എയര്‍ ഇന്ത്യ ജംബോ വിമാനങ്ങളിലായി നേരത്തെ വുഹാനില്‍ നിന്ന്് ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവന്നത്. ഇനിയും നാട്ടിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ വുഹാനിലുണ്ട്. തിരികെയെത്താന്‍ വൈകുന്നത് ഇവരുടെയും നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും മാനസികനിലയെ ബാധിക്കുന്നു.

കൊറോണയെ നേരിടുന്നതില്‍ ഇന്ത്യയുടെ പിന്തുണ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് ഈ മാസം ആദ്യം കത്ത് നല്‍കിയിരുന്നു. രണ്ട് വിമാനങ്ങളിലായി വുഹാനില്‍ ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സഹായിച്ചതിന് നന്ദിയും മോദി അറിയിച്ചിരുന്നു. ചൈന ഒഴിപ്പിക്കല്‍ നടപടികള്‍ വൈകിപ്പിക്കുന്നു എന്ന പരാതി അടിസ്ഥാനരഹിതമാണ് എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളുടേയും ബന്ധപ്പെട്ട വകുപ്പുകള്‍ നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ചൈന വിമാനങ്ങള്‍ക്ക് അനുമതിവൈകിപ്പിക്കുന്നില്ല എന്നും വക്താവ് പറഞ്ഞു.