കോവിഡിന് പിന്നാലെ എച്ച്3എന്‍8; നാല് വയസുകാരനില്‍ രോഗബാധ, ആദ്യ കേസ് ചൈനയില്‍ 

 
bird flu

ലോകാത്താദ്യമായി എച്ച്3എന്‍8 പക്ഷിപ്പനി മനുഷ്യനില്‍ സ്ഥിരീകരിച്ചായി റിപോര്‍ട്ടുകള്‍. ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് ചൊവ്വാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ രോഗം ആളുകള്‍ക്കിടയില്‍ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിഭാഗം പറഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു. 

വടക്കേ അമേരിക്കന്‍ ജലപക്ഷികളിലാണ് ആദ്യമായി രോഗം റിപോര്‍ട്ട് ചെയ്തത്. 2002 മുതല്‍ എച്ച്3എന്‍8 രോഗബാധ റിപോര്‍ട്ട് ചെയ്തിരുന്നു. 
നേരത്തെ കുതിര, പട്ടി, പക്ഷികള്‍, സീല്‍ എന്നീ മൃഗങ്ങളിലായിരുന്നു വകഭേദം കണ്ടെത്തിയിരുന്നത്. എന്നാല്‍ രോഗം മനുഷ്യരില്‍ കണ്ടെത്തിയിരുന്നില്ല.  ഈ മാസം ആദ്യം സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന നാല് വയസ്സുള്ള ആണ്‍കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിശദമായ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

രോഗ ബാധിതനായ കുട്ടിയുടെ കുടുംബം വീട്ടില്‍ കോഴികളെ വളര്‍ത്തുകയും കാട്ടു താറാവുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് താമസിക്കുന്നതെന്നും എന്‍എച്ച്‌സി പ്രസ്താവനയില്‍ പറഞ്ഞു. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു.

എന്നാല്‍ രോഗം പകരാനും പടര്‍ന്ന് പിടിക്കാനുമുള്ള സാധ്യത കുറവാണെന്നും അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ക്ലോസ് കോണ്‍ടാക്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രതികരിച്ചത്. എന്നിരുന്നാലും ചത്തതോ അസുഖമുള്ളതോ ആയ പക്ഷികളില്‍ നിന്ന് അകന്നു നില്‍ക്കാനും പനിയും ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളും ഉണ്ടയാല്‍  ഉടന്‍ ചികിത്സ തേടാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.