ചൈനയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് എന്ത് സംഭവിച്ചു? ലൈംഗിക പീഡന ആരോപണത്തില്‍ വിവാദങ്ങള്‍ കൊഴുക്കുന്നു

 
d

ചൈനയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം പെങ് ഷുവായി  മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെയുണ്ടായ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ ടെന്നിസ് താരം പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. പെങ് ഷുവായിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ ചൈനയില്‍ നിന്ന് ടൂര്‍ണമെന്റുകള്‍ പിന്‍വലിക്കുമെന്നാണ്  വനിതാ ടെന്നീസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഈ മാസം രണ്ടിന് സമൂഹമാധ്യമമായ വെയ്‌ബോയിലൂടെ പുറത്തു വിട്ട ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ പെങിനെ ആരും കണ്ടിട്ടില്ല.
താരത്തിന്റെ  ആരോപണത്തെക്കുറിച്ച് ഷാങ്ങോ ചൈനീസ് സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. അതേസമയം പെങ്ങിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അപ്രത്യക്ഷമാകുകയും ലൈംഗീക ആരോപണം പ്രചരിക്കുന്നത് തടയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡബ്ല്യുടിഎ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. 

'പെങ് ഷുവായി എവിടെ?' എന്ന ഹാഷ്ടാഗില്‍  താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിനും  ശക്തമായി നടക്കുന്നുണ്ട്. ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്‌സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആന്‍ഡി മറി, ഫുട്‌ബോള്‍ താരം ജെറാര്‍ഡ് പിക്വെ തുടങ്ങിയവരെല്ലാം താരത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിട്ടുണ്ട്. 

ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള ടൂര്‍ണമെന്റുകള്‍ ചൈനയില്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറുന്നത് പരിഗണിക്കുമെന്ന് ഡബ്ല്യൂടിഎ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് സൈമണ്‍ വ്യാഴാഴ്ച വിവിധ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങളുടെ ബിസിനസ്സ് പിന്‍വലിക്കാനും അതുമായി ബന്ധപ്പെട്ട എല്ലാ സങ്കീര്‍ണതകളും കൈകാര്യം ചെയ്യാനും ഞങ്ങള്‍ തീര്‍ച്ചയായും തയ്യാറാണ്, കാരണം ഇത് തീര്‍ച്ചയായും ബിസിനസ്സിനേക്കാള്‍ വലുതാണ്. സ്ത്രീകളെ ബഹുമാനിക്കേണ്ടതുണ്ട്, അദ്ദേഹം ഒരു അഭിമുഖത്തില്‍ സിഎന്‍എന്‍-നോട് പറഞ്ഞു.

അതിനിടെ, താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു ഷിന്‍ജിന്‍ അവകാശപ്പെട്ടു. അവള്‍ പ്രതികാരത്തിന് ഇരയായെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പെങ് ഷുവായ് അധികം വൈകാതെ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് ഷിന്‍ജിന്‍ വ്യക്തമാക്കി. ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി പുറത്തിറക്കുന്ന പത്രമാണ് 'ദ് ഗ്ലോബല്‍ ടൈംസ്'.

'കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവര്‍ സ്വന്തം വീട്ടില്‍ സുരക്ഷിതയായി കഴിയുന്നുണ്ട്. ഈ ഘട്ടത്തില്‍ ശല്യങ്ങളില്‍നിന്ന് അകന്ന് സ്വസ്ഥമായി കഴിയാനാണ് പെങ് ഷുവായിയുടെ തീരുമാനം. അധികം വൈകാതെ അവര്‍ പൊതുജനമധ്യത്തിലെത്തും. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും'  ഷിന്‍ജിന്‍ ട്വിറ്ററില്‍ കുറിച്ചു. പെങ് ഷുവായ് വീട്ടിലുണ്ടെന്ന കാര്യം താന്‍ സ്ഥിരീകരിച്ചതാണെന്നും ഷിന്‍ജിന്‍ അവകാശപ്പെട്ടു. അതേസമയം, പെങ് ഷുവായിയുടേതായി ചൈനയുടെ ഔദ്യോഗിക പ്രക്ഷേപകരായ സിജിടിഎന്നില്‍ വന്ന ഇമെയില്‍ അവരുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത കൂട്ടി. 'ഞാന്‍ സുരക്ഷിതയാണ്, ആരോപണം അസത്യമായിരുന്നു' എന്നാണ് ഇമെയിലിലെ അറിയിപ്പ്.

ഫെബ്രുവരിയില്‍ ബീജിംഗില്‍ ശീതകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ചൈന തയ്യാറെടുക്കുന്നതിനിടെ ചൈനയെ  ബഹിഷ്‌കരിക്കാനുള്ള ആഗോള മനുഷ്യവകാശ സംഘടനകളുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രശ്‌നം ഉയര്‍ന്നത്. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചത്.