ചൈനയുടെ സീറോ ടോളറന്‍സ് നയം; വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ജനങ്ങള്‍, വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന

 
who

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ ചൈനയുടെ സീറോ ടോളറന്‍സ് നയം സുസ്ഥിരമല്ലെന്ന വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന.  ചൈനയുടെ സീറോ ടോളറന്‍സ് പോളിസി പ്രകാരം, പല നഗരങ്ങളിലും കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ താമസക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നു. യാത്രാ നിരോധനവും കൂട്ട പരിശോധനയും നയത്തില്‍ ഉള്‍പ്പെടുന്നതായും ലോകാരോഗ്യ സംഘടന  മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറസിന്റെ സ്വഭാവവും ഭാവിയിലെ സാധ്യതകളും കണക്കിലെടുക്കുമ്പോള്‍ ചൈനയുടെ നയം സുസ്ഥിരമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല,'' ഗെബ്രിയേസസ് പറഞ്ഞു. നയത്തില്‍പ മാറ്റം വളരെ പ്രധാനമാണെന്നം അദ്ദേഹം പറഞ്ഞതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
അതേസമയം, ലോകാരോഗ്യ സംഘനയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനുപകരം ചൈനീസ് കോവിഡ് നയം വസ്തുനിഷ്ഠമായും യുക്തിസഹമായും കാണാനും വസ്തുതകള്‍ അറിയാനും ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ലിജിയാന്‍ പറഞ്ഞു. 

ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്ക് റയാന്‍സും ചൈനയുടെ സീറോ ടോളറന്‍സ് നയത്തെ വിമര്‍ശിച്ചിരുന്നു. നയം മനുഷ്യാവകാശങ്ങളിലും സാമ്പത്തിക പ്രത്യാഘാതങ്ങളിലുമുള്ള പ്രതിഫലനങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, 
2019 ല്‍ വുഹാനില്‍ മഹാമാരി പൊട്ടിപുറ്റപ്പെട്ടതിനെ തുടര്‍ന്ന് ചൈന 15,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇത് യുഎസിലെ ഒരു ദശലക്ഷത്തോളം മരണങ്ങളും ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ കണക്കാണ്, റയാന്‍ പറഞ്ഞു.

ഒമിക്രോണ്‍ വകഭേദത്തിന്റെ സ്വാധീനം ചൈനയിലെ ഷാങ്ഹായില്‍ കേസുകള്‍ വര്‍ധിപ്പിക്കുന്നു. സീറോ ടോളറന്‍സ് നയം നിലവില്‍  പ്രാബല്യത്തില്‍ ഉണ്ട്, 25 ദശലക്ഷം ആളുകള്‍ താമസിക്കുന്ന നഗരം ആറാഴ്ചത്തേക്ക് പൂട്ടിയിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണത്തെ ബാധിച്ചു. നഗരത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. അടുത്തിടെ ട്വിറ്ററില്‍ പുറത്തു വന്ന ഒരു വീഡിയോയില്‍ കര്‍ശന ലോക്ക്ഡൗണിനിടയില്‍ താമസക്കാര്‍ അവരുടെ ബാല്‍ക്കണിയില്‍ നിന്ന് നിരാശയോടെ നിലവിളിക്കുന്നത് ദൃശ്യമായിരുന്നു. മരുന്നുകളോ ആശുപത്രി ചികിത്സകളോ ലഭ്യമല്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന പച്ചക്കറി പാഴ്‌സലുകളെയാണ് പലരും ആശ്രയിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപേര്‍ട്ടുകളും പറയുന്നു.