മാവോയ്ക്കും സിയാവോപിങ്ങിനുമൊപ്പം; അനിഷേധ്യനായി ഷീ ജിന്‍പിങ്

 
Xi Jinping

ഷീയുടെ ചിന്താധാരകള്‍ക്ക് പാര്‍ട്ടി പ്ലീനത്തിന്റെ അംഗീകാരം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ചിന്താധാരകള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരം. ചൈനീസ് രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനത്തില്‍ ഷീയുടെ നിര്‍ണായക പ്രാധാന്യത്തെ അംഗീകരിക്കുന്ന ചരിത്രപരമായ പ്രമേയം പാര്‍ട്ടി പ്ലീനം പാസാക്കി. ഷീയുടെ നേതൃത്വത്തെ ഉറപ്പിക്കുന്നതും കൂടുതല്‍ ശക്തനാക്കുന്നതുമാണ് പ്രമേയം. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍, ഷീയ്ക്ക് മൂന്നാം തവണയും അധികാരത്തിലേറാന്‍ പ്രമേയം വഴിയൊരുക്കും. ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മൂന്നാം തവണയാണ് ഇത്തരമൊരു പ്രമേയം പാസാക്കുന്നത്. ഇതിനുമുമ്പ്, മാവോ സെ തുങ്ങിനും ഡെങ് സിയാവോപിങ്ങിനും വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രമേയം പാസാക്കിയിട്ടുള്ളത്. ഇരുവര്‍ക്കുമൊപ്പം, ചൈനയുടെ കരുത്തുറ്റ നേതാവിന്റെ പട്ടികയിലേക്കു കൂടിയാണ് ഷീ ഉയര്‍ത്തപ്പെടുന്നത്. 

ഷീയുടെ നേതൃത്വത്തില്‍ ചൈന ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചരിത്രപരമായ പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്തു എന്നാണ് പ്രമേയം പറയുന്നത്. ഒരു നൂറ്റാണ്ടിനിടെ പാര്‍ട്ടി കൈവരിച്ച നേട്ടങ്ങളെയും ചരിത്രപരമായ അനുഭവങ്ങളെയും വിശദീകരിക്കുന്ന പ്രമേയം ഷീയുടെ നേതൃത്വത്തെ പ്രകീര്‍ത്തിക്കുന്നു. മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന പല പ്രധാന ദൗത്യങ്ങളും പൂര്‍ത്തിയാക്കാനായി. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങളില്‍ ചരിത്രപരമായ നേട്ടങ്ങളും ചരിത്രപരമായ മാറ്റങ്ങളും പ്രോത്സാഹിപ്പിച്ചു. ചൈനയുടെ മഹത്തായ പുനരുജ്ജീവനത്തിലേക്കുള്ള ചരിത്രപരമായ നവീകരണ പ്രക്രിയക്ക് ഷീയുടെ നേതൃസ്ഥാനം നിര്‍ണായകമാണെന്ന് അടിവരയിടുന്ന പ്രമേയം, കേന്ദ്ര കമ്മറ്റിയുടെയും പാര്‍ട്ടിയുടെയും കേന്ദ്രസ്ഥാനത്തേക്ക് ഒരിക്കല്‍കൂടി അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നു. പ്രമേയത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാനുമാണ് ആഹ്വാനം. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ അനുഭവം വിലയിരുത്തുന്നതാണ് പ്രമേയം. പാര്‍ട്ടിയുടെ, നേതൃത്വത്തിന്റെ ചിന്താധാരകളെ ചൈനയുടെ നവീകരണത്തിനായി പ്രയോജനപ്പെടുത്തുകയാണ് പ്രമേയങ്ങളുടെ ലക്ഷ്യം. 100 വര്‍ഷത്തെ ചരിത്രത്തിനിടെ, മൂന്നാം തവണയാണ് പ്രമേയം പാസാക്കുന്നത്. 1949ല്‍ കമ്മ്യൂണിസ്റ്റുകളെ അധികാരത്തിലെത്തിച്ച മാവോ സെ തുങ്ങിനു വേണ്ടിയാണ് ആദ്യമായി പ്രമേയം പാസാക്കിയത്. ആ പ്രമേയമാണ് മാവോയെ ചൈനയിലെ അനിഷേധ്യ നേതാവാക്കി മാറ്റിയത്. 1981ല്‍ ചൈനയെ സാമ്പത്തിക ശക്തിയായി മാറ്റിയ ഡെങ് സിയാവോപിങ്ങിനു വേണ്ടിയാണ് രണ്ടാമത്തെ പ്രമേയം പാസാക്കിയത്. മാവോയുടെ തെറ്റുകള്‍ അംഗീകരിച്ചും തിരുത്തിയും കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് ചൈനയെ നയിക്കാന്‍ സിയാവോപിങ്ങിന് ശക്തി പകരുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. അതേസമയം, ഷീയുടെ ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസ്റ്റ് ചിന്താധാരയ്ക്കാണ് പുതിയ പ്രമേയം പ്രാധാന്യം നല്‍കുന്നത്. ഷീയുടെ ഭരണനാളുകളില്‍ ചൈനയിലുണ്ടായ കലുഷിത സാഹചര്യങ്ങള്‍ക്കും സാംസ്‌കാരിക വിപ്ലവങ്ങള്‍ക്കും പ്രമേയം അത്രത്തോളം ഗൗരവം നല്‍കുന്നുമില്ല. 

ആദ്യ രണ്ട് പ്രമേയങ്ങള്‍ക്കും നല്‍കപ്പെട്ട സവിശേഷ പരിഗണന പുതിയ പ്രമേയത്തിനും ലഭിച്ചതോടെ, ഷീ ചൈനീസ് രാഷ്ട്രീയത്തില്‍ അനിഷേധ്യനാകുകയാണ്. പാര്‍ട്ടിയിലും ഭരണത്തിലും സര്‍വാധിപത്യം പുലര്‍ത്താനുള്ള അവസരമാണ് നല്‍കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ എക്കാലത്തെയും സമുന്നത നേതാക്കളായ മാവോ, സിയാവോപിങ് എന്നിവരുടെ നിരയിലേക്കാണ് ഷീ ഉയര്‍ത്തപ്പെടുന്നത്. 2018ല്‍ പാര്‍ട്ടി പ്രസിഡന്റിനുള്ള ടേം പരിധികള്‍ നീക്കിയതിനുശേഷമുള്ള പ്രമേയം ഷീയുടെ രാഷ്ട്രീയ ഭാവിയും സുരക്ഷിതമാക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ഷീയ്ക്കുള്ള സാധ്യത ഇരട്ടിയാകുന്നു. പാര്‍ട്ടിയിലുള്ള ഷീയുടെ നിയന്ത്രണം കൂടുതല്‍ ശക്തമാകുകയും മുന്‍ നേതാക്കളുടെ ഉള്‍പ്പെടെ പങ്ക് അപ്രസക്തമാക്കാനും പ്രമേയം വഴിയൊരുക്കമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ചൈന രാഷ്ട്രീയത്തിന്റെ മഹത്തായ നവീകരണമെന്നാണ് ഷീയുടെ ചിന്തകളെ പ്രമേയം വിശേഷിപ്പിക്കുന്നത്. ഷീയുടെ ഭരണ നയങ്ങള്‍ക്കൊപ്പം ചൈനീസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സോഷ്യലിസ്റ്റ് ചിന്തകളുമാണ് അംഗീകരിക്കപ്പെടുന്നത്. സര്‍വാധിപത്യ പ്രവണതകള്‍ ഏറുമെങ്കിലും കോവിഡാനന്തര കാലത്തില്‍ ചൈനയുടെ സാമ്പത്തിക വീണ്ടെടുപ്പിനും നിലനില്‍പ്പിനും ഷീയുടെ നയങ്ങള്‍ ഗുണം ചെയ്യുമെന്നാണ് പുതിയ നീക്കത്തെ ഒരു വിഭാഗം നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വീകാര്യമായ ചിന്തകള്‍ എത്രത്തോളം ലോകരാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. തിബറ്റ്, ഹോങ്കോങ്, സിന്‍ജിയാങ് പ്രവിശ്യകള്‍ക്കുമേലുള്ള അധികാര പ്രയോഗം, ജനകീയ പ്രക്ഷോഭങ്ങളെയും എതിര്‍സ്വരങ്ങളെയും ഏതുവിധേനയും അടിച്ചമര്‍ത്താനുള്ള ത്വര, വിദേശബന്ധങ്ങളില്‍ പുലര്‍ത്തുന്ന താന്‍പോരിമയുമൊക്കെ ഉള്‍ച്ചേര്‍ന്നതാണ് ഷീയുടെ ചിന്താധാര. രാജ്യത്തിനകത്തുതന്നെ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നിട്ടുള്ളതാണ് ഭരണനയങ്ങള്‍. അത് വീണ്ടും അംഗീകരിക്കപ്പെടുന്നതിലെ പൊരുത്തക്കേടുകളാണ് മറുപക്ഷം ചൂണ്ടിക്കാണിക്കുന്നത്.