ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍? നിത്യോപയോഗ സാധനങ്ങള്‍ കരുതിവെയ്ക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

 
Chinese Shop

വിശദീകരണമില്ലാതെയുള്ള അറിയിപ്പ് പരിഭ്രാന്തിക്ക് കാരണമാകുന്നു

'വിപണിയിലെ വില സ്ഥിരപ്പെടുത്താന്‍ പ്രാദേശിക അധികാരികള്‍ ശ്രദ്ധിക്കുക, കുടുംബങ്ങള്‍ ദൈനംദിന ആവശ്യങ്ങളും അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ കരുതിവെയ്ക്കുക' -ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ച പ്രത്യക്ഷപ്പെട്ട അറിയിപ്പാണിത്. കോവിഡ് വ്യാപനം, അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിതരണ ദൗര്‍ലഭ്യം, പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങളുടെ വില വര്‍ധന എന്നിങ്ങനെ സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. എന്നാല്‍, കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട അറിയിപ്പ് ചൈനീസ് പൗരന്മാരില്‍ സൃഷ്ടിച്ച പരിഭ്രാന്തി ചെറുതല്ല. 

വാണിജ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് മാധ്യമങ്ങളിലും പിന്നാലെ സോഷ്യല്‍മീഡിയയിലും അതിവേഗമാണ് പ്രചരിച്ചത്. ഹാഷ് ടാഗുകള്‍ നിറഞ്ഞു. രാജ്യത്ത് വീണ്ടും കോവിഡ് ഭീഷണിയാകുന്നുണ്ടോ? ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ? എന്നുതുടങ്ങി തായ്‌വാനുമായി തുടരുന്ന പിരിമുറുക്കങ്ങള്‍ മറ്റേതെങ്കിലും തരത്തിലേക്ക് മാറിയിട്ടുണ്ടോയെന്ന ആശങ്കകള്‍ വരെ ഉയര്‍ന്നു. അതോടെ, പ്രായഭേദമില്ലാതെ ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഓടി. പലരും പരിഭ്രാന്തരായിരുന്നതായി വെയ്‌ബോ കുറിപ്പുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, വാണിജ്യ മന്ത്രാലയം ഇടപെട്ടു. നിത്യോപയോഗ സാധനങ്ങള്‍ ആവശ്യത്തിനുണ്ടെന്നും വിതരണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഷു സിയോലിയാങ് ഔദ്യോഗിക മാധ്യമത്തിലൂടെ വ്യക്തമാക്കി. എന്നാല്‍, അസാധാരണമായ അറിയിപ്പിനുള്ള സാഹചര്യത്തെക്കുറിച്ചോ കാരണങ്ങളെക്കുറിച്ചോ പരാമര്‍ശമില്ലായിരുന്നു. 

ഭക്ഷ്യക്ഷാമത്തെക്കുറിച്ചോ, കോവിഡ് പ്രതിരോധ നടപടികള്‍ വിതരണ ശൃംഖലയെ ബാധിക്കുമെന്നോ, വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്നോ സൂചനകളില്ലായിരുന്നെങ്കിലും, വാണിജ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന് പലതരം വിശദീകരണങ്ങളുണ്ടായി. ദേശീയ അവധി ദിവസങ്ങള്‍ക്കു മുമ്പായി ഇത്തരം അറിയിപ്പുകള്‍ ഉണ്ടാകാറുണ്ടെന്ന് ചിലര്‍ പ്രതികരിച്ചു. പ്രകൃതി ദുരന്തം, പച്ചക്കറി വില വര്‍ധന, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം എന്നിവ കണക്കിലെടുത്ത് ഈ വര്‍ഷമാദ്യം വാണിജ്യ മന്ത്രാലയം ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിരുന്നെന്നാണ് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇത്തരം കാടുകയറിയ ഭാവനങ്ങള്‍ വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ പിന്തുണയുള്ള ദി ഇക്കോണമിക് ഡെയ്‌ലിയുടെ റിപ്പോര്‍ട്ട്. കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലും ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ വന്നാല്‍, ആളുകള്‍ അതിന് സജ്ജരാണെന്ന് ഉറപ്പാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നും ഇക്കോണമിക് ഡെയ്‌ലി പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി മേഖലയായ ഷാന്‍ഡോങ്ങില്‍ കഴിഞ്ഞമാസം അനുഭവപ്പെട്ട തീവ്ര കാലാവസ്ഥ വിളകള്‍ നശിപ്പിച്ചിരുന്നു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ചാന്ദ്ര പുതുവര്‍ഷ അവധിക്കുമുമ്പ് പച്ചക്കറി വിതരണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയായിരുന്നു. അതോടെ, പച്ചക്കറികള്‍ക്ക് ഇരട്ടിയിലധികം വില വര്‍ധിച്ചിരുന്നു. 

ചൈനയിലെ 31 പ്രവിശ്യകളില്‍ 16 എണ്ണത്തിലെങ്കിലും 500ഓളം ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധികാരികള്‍ പ്രാദേശിക ലോക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ സന്ദര്‍ശനത്തിനും വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ട്. പല പ്രവിശ്യകളിലും കോവിഡ് പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഷാങ്ഹായ് ഡിസ്‌നിലാന്‍ഡില്‍ പരിശോധനയ്ക്കായി 30,000 പേരെയാണ് തടഞ്ഞുവെച്ചത്. പരിശോധന പൂര്‍ത്തിയാക്കാതെ ആരെയും പുറത്തേക്ക് വിടില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിച്ച ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. 

ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്ന് വിദേശ മന്ത്രാലയവും മാധ്യമങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആളുകളില്‍ അകാരണമായ ഭീതി നിലനില്‍ക്കുന്നുണ്ട്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച 2020ല്‍ പോലും ഇതുപോലൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്നതാണ് വെയ്‌ബോയില്‍ ഉള്‍പ്പെടെ ആളുകള്‍ ഉയര്‍ത്തുന്ന ചോദ്യം. കൃത്യമായ വിശദീകരണങ്ങളില്ലാത്തതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. ഇതൊരു സാധാരണ സംഭവമല്ല. നിത്യോപയോഗ സാധനങ്ങള്‍ കരുതിവെയ്ക്കണമെന്ന് പറയുമ്പോള്‍, അത് വിതരണം, ആവശ്യകത എന്നിവയെ ബാധിക്കുകയും വിപണിയിലെ വില ഏറ്റക്കുറച്ചിലിന് കാരണമാകുകയും ചെയ്യും. അത്തരമൊരു സാഹചര്യം ആളുകളില്‍ കൂടുതല്‍ ആശങ്കയുണ്ടാക്കും. അതിനാല്‍, ഇതൊരു സാധാരണ സാഹചര്യമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചൈന-തായ്‌വാന്‍ പിരിമുറുക്കം കൂടുതല്‍ രൂക്ഷമാകുമോയെന്ന ആശങ്കകയും പലരും പങ്കുവെക്കുന്നുണ്ട്. തുറന്ന യുദ്ധങ്ങള്‍ക്ക് സാധ്യതയില്ലെന്ന് പറയുമ്പോഴും, യുദ്ധസമാന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പോലും ജനങ്ങളെ ബാധിക്കില്ലേയെന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.