മൃഗങ്ങളില്‍ നിന്ന് പുതിയ വൈറസുകള്‍ മനുഷ്യനിലേക്ക് എത്തിയേക്കാം, 15,000 വൈറസുകളുണ്ടാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മൃഗങ്ങള്‍ തണുപ്പുള്ള പ്രദേശം തേടി എത്തുന്നത് പുതിയ വൈറസുകള്‍ മനുഷ്യനെ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. മനുഷ്യനിലേക്ക് പ്രവേശിക്കാന്‍ ശേഷിയുള്ള 10,000 വൈറസുകളെങ്കിലും വന സ്തനികള്ക്കിടയില് നിലവിലുണ്ടെന്നും നിശബ്ദമായി വ്യാപിക്കുന്ന ഇവ കൂടുതലും ഉഷ്ണമേഖലാ വനങ്ങളിലാണെന്നും ബ്രിട്ടീഷ് വീക്കിലിയായ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
അന്തരീക്ഷ താപനില ഉയരുന്നത് സസ്തനികളെ അവയുടെ ആവാസവ്യവസ്ഥ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു, അവ ആദ്യമായി മറ്റ് ജീവജാലങ്ങളെ കണ്ടുമുട്ടും, 2070 ഓടെ മൃഗങ്ങള്‍ക്കിടയില്‍ കുറഞ്ഞത് 15,000 പുതിയ വൈറസുകളെങ്കിലും ഉണ്ടാകുമെന്ന് പഠനം പറയുന്നു. വരാനിരിക്കുന്ന ദശകങ്ങള്‍ കൂടുതല്‍ ചൂടുള്ളതായിരിക്കുമെന്ന് മാത്രമല്ല, രോബാധകള് നിറഞ്ഞതായിരിക്കുമെന്നും ഇത് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പറയുന്നതായും ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ രോഗ പരിസ്ഥിതി ശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ ഗ്രിഗറി ആല്‍ബറി പറഞ്ഞു.

അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പഠനം, 3,139 ഇനം സസ്തനികളെ പരിശോധിച്ചു, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഇവയുടെ മാറ്റങ്ങളെ ആഗോളതാപനം എങ്ങനെ മാറ്റുമെന്നും അത് വൈറസുകളുടെ സംക്രമണത്തെ എങ്ങനെ ബാധിക്കുമെന്നും പഠനം വിശകലനം ചെയ്തു. വ്യത്യസ്ത സസ്തനികള്‍ തമ്മിലുള്ള പുതിയ സമ്പര്‍ക്കങ്ങളുടെ ഫലം ഇരട്ടിയാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുമെന്നും റിപോര്‍ട്ട് പറയുന്നു.