'കാലാവസ്ഥാ പ്രതിസന്ധി ഏറെ ബാധിക്കുന്നത് സ്ത്രീകളെ; ചര്‍ച്ചകളിലെയും തീരുമാനങ്ങളിലെയും ലിംഗ അസമത്വം പരിഹരിക്കണം'

 
Cop 26

കാലാവസ്ഥാ അടിയന്തരാവസ്ഥ മൂലം കുടിയിറക്കപ്പെട്ടവരില്‍ 80 ശതമാനം സ്ത്രീകള്‍

പുരുഷന്മാര്‍ രൂപകല്‍പ്പന ചെയ്ത ലോകം പലതും നശിപ്പിച്ചിരിക്കുന്നുവെന്ന് കോപ് 26 പ്രതിനിധികള്‍. കാലാവസ്ഥാ വ്യതിയാനം സ്ത്രീകളെ നേരിട്ടുബാധിക്കുന്ന പ്രശ്‌നമാണെന്ന് ഉറപ്പാക്കണം. ചര്‍ച്ചകളിലെയും തീരുമാനങ്ങളിലെയും ലിംഗ അസമത്വം പരിഹരിക്കണമെന്നും വനിതാ നേതാക്കള്‍ പറഞ്ഞു. സ്ത്രീകളുടെ ശാക്തീകരണമില്ലാതെ കാലാവസ്ഥാ പ്രതിസന്ധി അവസാനിപ്പിക്കാനായേക്കില്ലെന്ന മുന്നറിയിപ്പുകളോടായിരുന്നു പ്രതികരണം. ലോകമെമ്പാടുമുള്ള സ്ത്രീകളും പെണ്‍കുട്ടികളും കാലാവസ്ഥാ പ്രതിസന്ധിയുടെ സമാനതകളില്ലാത്ത ആഘാതമാണ് അനുഭവിക്കുന്നത്. കാരണം, അവര്‍ ശരാശരി ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരും ഉപജീവന കൃഷിയെ കൂടുതല്‍ ആശ്രയിക്കുന്നവരുമാണ്. കാലാവസ്ഥാ അടിയന്തരാവസ്ഥ മൂലം കുടിയിറക്കപ്പെട്ടവരില്‍ 80 ശതമാനവും സ്ത്രീകളാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. ചൊവാഴ്ച ലിംഗസമത്വത്തെ കേന്ദ്രീകരിച്ച നടന്ന ചര്‍ച്ചയില്‍ സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയന്‍, യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും തദ്ദേശീയരായ സ്ത്രീകളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. 

പുരുഷന്മാര്‍ രൂപകല്‍പ്പന ചെയ്ത ലോകം പലതും നശിപ്പിച്ചിരിക്കുന്നുവെന്നാണ് ബൊളീവിയയിലെ പ്ലൂറിനാഷണല്‍ അതോറിറ്റി ഫോര്‍ മദര്‍ എര്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആഞ്ചെലിക്ക പോണ്‍സ് അഭിപ്രായപ്പെട്ടത്. ലോകം സ്ത്രീകളെപ്പോലെ ചിന്തിക്കാന്‍ തുടങ്ങണം. ഒരു സ്ത്രീയാണ് ലോകത്തെ രൂപകല്‍പ്പന ചെയ്തിരുന്നതെങ്കില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കപ്പെടുമായിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ ആയിരിക്കാനും, കാലാവസ്ഥാ നീതിക്കായുള്ള ഈ പോരാട്ടം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള തീരുമാനങ്ങളില്‍ പങ്കാളിയാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. തദ്ദേശീയരായ സ്ത്രീകളെന്ന നിലയില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളിലാണ് ഞങ്ങള്‍ അനുദിനം ജീവിക്കുന്നത് -ആഞ്ചെലിക്ക പോണ്‍സ് പറഞ്ഞു. കഴിഞ്ഞയാഴ്ച ലോകനേതാക്കള്‍ ഇവിടെ ഒത്തുകൂടിയപ്പോള്‍, ആ 120ഓളം പേരില്‍ സ്ത്രീകള്‍ ന്യൂനപക്ഷമായിരുന്നു. അത് മാറേണ്ടതുണ്ട്, എത്രയുംവേഗം മാറേണ്ടതുണ്ടെന്ന് നിക്കോള സ്റ്റര്‍ജിയന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഒരു സ്ത്രീപക്ഷ പ്രശ്‌നമാണെന്ന് നാം ഉറപ്പാക്കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, പിന്തുണയ്ക്കപ്പെടുവാനല്ല സ്ത്രീകള്‍ അഭ്യര്‍ഥിക്കുന്നത്. ശാക്തീകരിക്കപ്പെടുവാനാണ് ആവശ്യപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ശ്രമങ്ങളുടെ ഹൃദയഭാഗത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തുമ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാകുമെന്ന് അറിയാമെന്ന് യുകെ മന്ത്രിയും കോപ്26 പ്രസിഡന്റുമായ അലോക് ശര്‍മ്മയും പറഞ്ഞു. കാലാവസ്ഥാ അനുബന്ധ സംഭവങ്ങള്‍, 2021ല്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 40 ലക്ഷം പെണ്‍കുട്ടികളുടെയെങ്കിലും വിദ്യാഭ്യാസ പൂര്‍ത്തീകരണത്തെ തടയുമെന്ന് മലാല ഫണ്ട് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രവണതകള്‍ കണക്കിലെടുത്താല്‍, കാലാവസ്ഥാ പ്രതിസന്ധി ഓരോ വര്‍ഷവും കുറഞ്ഞത് 12.5 ദശലക്ഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തതിന് കാരണമാകുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. അത് തികച്ചും പരിഹാസ്യവും അപകടകരവുമാണ്. കാരണം, വിദ്യാഭ്യാസമാണ് പെണ്‍കുട്ടികളെ ശാക്തീകരിക്കുകയും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും കാലാവസ്ഥാ നടപടികള്‍ സ്വീകരിക്കാനും അവരെ പ്രാപ്തരാക്കുന്നത്. ലിംഗപരമായ അസമത്വങ്ങള്‍ പരിഹരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ യുകെ 165 മില്യണ്‍ പൗണ്ട് നല്‍കുന്നതായും അദ്ദേഹം അറിയിച്ചു. 

സ്ത്രീകള്‍ ഈ ലോകത്തെ മലിനമാക്കുന്നവരല്ല, പക്ഷേ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ അവര്‍ ചുമലേറ്റുന്നുവെന്ന് സ്വീഡനിലെ അന്താരാഷ്ട്ര വികസന സഹകരണ മന്ത്രി പെര്‍ ഓള്‍സണ്‍ ഫ്രിദ് പറഞ്ഞു. ലിംഗപരമായ വീക്ഷണമില്ലാതെ, സുസ്ഥിരമായ ഒരു ഹരിത പരിവര്‍ത്തനത്തിന് ആവശ്യമായ അമൂല്യമായ അറിവ് നേടാനാവില്ല. ഒരു ഫെമിനിസ്റ്റ് സമീപനം മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ട ഏറ്റവും സമര്‍ത്ഥമായ കാര്യം -പെര്‍ ഓള്‍സണ്‍ ഫ്രിദ് അഭിപ്രായപ്പെട്ടു. 

'ഞാന്‍ ലോകത്തെ ഭരിക്കുന്നെങ്കില്‍, ഞാന്‍ ചെയ്യുന്ന ഒരു കാര്യം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുക എന്നതായിരിക്കും. സ്ത്രീകള്‍ വിജയിക്കുമ്പോള്‍ ലോകം വിജയിക്കുന്നു' -എന്നാണ് നാന്‍സി പെലോസി പറഞ്ഞത്. അതേസമയം, വിദേശ കാലാവസ്ഥാ വികസന സഹായത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗ സമത്വത്തിനുമായി മാറ്റിവെക്കപ്പെടുന്നതെന്ന് യുഎന്‍ വനിതകളില്‍ നിന്നുള്ള ആസ റെഗ്‌നര്‍ പറഞ്ഞു. യുഎന്‍ യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യണമെന്നും റെഗ്‌നര്‍ പറഞ്ഞു. 

കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സ്ത്രീകളെയും യുവാക്കളെയും കോപ് 26 പോലുള്ള പ്ലാറ്റ്ഫോമുകള്‍ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍, കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധരാകാനുള്ള സമ്മര്‍ദ്ദം നേതാക്കള്‍ക്ക് അനുഭവപ്പെട്ടേക്കില്ലെന്നാണ് സിയറ ലിയോണില്‍ നിന്നുള്ള ആക്ഷന്‍ എയ്ഡ് കാലാവസ്ഥാ പ്രവര്‍ത്തകയായ ഡിയാക സെലീന കൊറോമയുടെ അഭിപ്രായം. വിസ കൃത്യസമയത്ത് എത്താതിരുന്നതിനാല്‍ അവര്‍ക്ക് കോപ് 26 യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 

തങ്ങള്‍ക്ക് യുഎന്‍ കാലാവസ്ഥാ കമ്മീഷന്റെ, 2019ല്‍ അംഗീകരിക്കപ്പെട്ട ജെന്‍ഡര്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടെന്ന് അലോക് ശര്‍മ്മ വ്യക്തമാക്കി. എന്നാല്‍ ഓരോ രാജ്യവും ഈ പദ്ധതി നടപ്പാക്കുകയും, ഈ വര്‍ഷമാദ്യം ആരംഭിച്ച യുഎന്‍ വിമന്‍-കണ്‍വീന്‍ഡ് ഫെമിനിസ്റ്റ് ആക്ഷന്‍ ഫോര്‍ ക്ലൈമറ്റ് ജസ്റ്റിസ് കോയലിഷന്‍ വഴി നയിക്കപ്പെടുകയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വര്‍മ്മ കൂട്ടിച്ചേര്‍ത്തു.