കാലാവസ്ഥാ പ്രതിസന്ധി: വികസിത രാജ്യങ്ങളുടെ വെറുംവാക്കില്‍ ഇനിയും കാര്യമില്ല

 
Climate Change

കോപ്പ്26 ഉച്ചകോടിയില്‍ പ്രതീക്ഷവെച്ച് വികസ്വര രാജ്യങ്ങള്‍

അന്താരാഷ്ട്ര തലത്തില്‍, കാര്‍ബണ്‍ നിര്‍ഗമനവും കാലാവസ്ഥാ പ്രതിസന്ധിയുമൊക്കെ ചര്‍ച്ച ചെയ്തുതുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. 1992ല്‍ റിയോ ഡി ജനീറോയില്‍ യുഎന്‍ ആഭിമുഖ്യത്തില്‍ ആദ്യത്തെ കാലാവസ്ഥാ ഉച്ചകോടി നടന്നു. ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമം അവതരിപ്പിക്കപ്പെട്ടെങ്കിലും വികസിത രാജ്യങ്ങള്‍ അതിനോട് പുറംതിരിഞ്ഞു നിന്നതോടെ, ആദ്യ ശ്രമം തന്നെ പരാജയമായി. 1995ല്‍ ബെര്‍ലിനില്‍ തുടങ്ങി 2019ല്‍ മാഡ്രിഡില്‍ വരെ സംഘടിപ്പിച്ച 25 യുഎന്‍ കോപ്പ് കാലാവസ്ഥ ഉച്ചകോടികളിലും ക്യോട്ടോ, ബാലി, ബേണ്‍, കോപ്പന്‍ ഹേഗന്‍, പാരിസ് ഉടമ്പടികളിലും ഉയര്‍ന്നത് സമാന ആശയങ്ങള്‍ തന്നെയായിരുന്നു. ഈമാസം അവസാനം കോപ്പ് 26ന് തുടക്കമിടുമ്പോഴും വികസിത രാജ്യങ്ങളുടെ നിലപാടില്‍ തെല്ലും മാറ്റം വന്നിട്ടില്ല. കാര്‍ബണ്‍ നിര്‍ഗമനം നിയന്ത്രണാതീതമായി തുടരുമ്പോഴുള്ള കാലാവസ്ഥാ വ്യതിയാനം ആവാസവ്യവസ്ഥയെ തന്നെ അപകടത്തിലാക്കും. വാതക നിര്‍ഗമനത്തിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ പ്രതിബദ്ധത കാണിച്ചില്ലെങ്കില്‍, തങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്ന് വികസ്വര രാജ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. 

1992 മുതല്‍ തുടരുന്ന ചര്‍ച്ചകള്‍
1992ല്‍ റിയോ ഡി ജനീറോയില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി സമ്മേളനത്തിന് തുടക്കമിട്ടതോടെ, ഇത്തരം ചര്‍ച്ചകള്‍ മുടങ്ങാതെ നടക്കുന്നുണ്ട്. റിയോയില്‍ തന്നെ യുഎന്‍ ആഭിമുഖ്യത്തില്‍ ഒരു അന്താരാഷ്ട്ര കരടുനിയമം കൊണ്ടുവന്നിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കാനുള്ള പ്രധാന ഉത്തരവാദിത്തം വികസിത രാജ്യങ്ങള്‍ക്കാണെന്ന് കരട് നിയമം പ്രസ്താവിച്ചു. വികസ്വര രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് നിബന്ധനകളൊന്നും ഏര്‍പ്പെടുത്തിയിരുന്നുമില്ല. എന്നാല്‍, വ്യവസ്ഥകളില്‍ യുഎസ് അതൃപ്തി പ്രകടിപ്പിച്ചു. അതോടെ, കാലാവസ്ഥാ ഉച്ചകോടിയുടെ തുടക്കം തന്നെ കാര്യമായ ഫലങ്ങളില്ലാതെ പിരിഞ്ഞു. 

കോപ്പ് ഉച്ചകോടിയുടെ തുടക്കം
1995ന് ജര്‍മ്മനിയിലെ ബെര്‍ലിനിലാണ് കോപ്പ് (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്) ഉച്ചകോടി തുടങ്ങുന്നത്. കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതും നിയന്ത്രിക്കുന്നതും നിയമപരമായ ബാധ്യതയാക്കണം എന്നതായിരുന്നു 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ചേര്‍ന്ന മൂന്നാമത്തെ ഉച്ചകോടി മുന്നോട്ടുവെച്ച ആശയം. 2020 ആകുമ്പോള്‍, കാര്‍ബണ്‍ നിര്‍ഗമനത്തില്‍ 20 മുതല്‍ 40 ശതമാനം വരെ കുറവു വരുത്താനുള്ള നിയമപരമായ ബാധ്യതയാണ് ഉച്ചകോടി അവതരിപ്പിച്ചത്. വാതക നിര്‍ഗമനത്തിന്റെ നാലില്‍ മൂന്നും വികസിത രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ട് പ്രധാന ഉത്തരവാദിത്തം അവര്‍ക്കായിരിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍, വികസ്വര രാജ്യങ്ങളെ ഉത്തരവാദിത്തം പഠിപ്പിക്കാനായിരുന്നു വികസിത രാജ്യങ്ങളുടെ ശ്രമം. 2002ലെ ബോണ്‍ ഉച്ചകോടിയില്‍, ക്യോട്ടോ ഉടമ്പടി ഇളവുകളോടെ നടപ്പാക്കാന്‍ ധാരണയായി. 2004ല്‍ ക്യോട്ടോയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 1997ലെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. 169 രാജ്യങ്ങളാണ് പ്രോട്ടോക്കോള്‍ അംഗീകരിച്ചത്. 35 വ്യവസായവത്കൃതരാജ്യങ്ങള്‍ 2012 ആകുമ്പോള്‍, കാര്‍ബണ്‍ നിര്‍ഗമനം 1990 ലേതിനേക്കാള്‍ 5.2 ശതമാനം കുറയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അതുപോലും അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. അതിനിടെ, പല രാജ്യങ്ങളും ക്യോട്ടോ പ്രോട്ടോക്കോളില്‍നിന്ന് പിന്മാറുന്നതായും അറിയിച്ചു. 

വികസിത രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍
2007ല്‍ ബാലിയിലും 2009ല്‍ കോപ്പന്‍ഹേഗിലും 2016ല്‍ പാരീസിലുമൊക്കെയായി വീണ്ടും ചര്‍ച്ചകള്‍ നടക്കുകയും പരസ്പര ധാരണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. പാരീസ് സമ്മേളനത്തില്‍, ക്യോട്ടോ ഉടമ്പടി നടപ്പാക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ കരാറുകള്‍ മാറ്റിയെഴുതുന്നതിലായിരുന്നു വികസിത രാജ്യങ്ങളുടെ ശ്രദ്ധ. ഓരോ രാജ്യവും തങ്ങള്‍ക്ക് കഴിയുംവിധം കാര്‍ബണ്‍ നിര്‍ഗമനം തടയുക എന്നതായിരുന്നു നയം. അത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായിരുന്നു. വ്യവസായവത്കൃതരാജ്യങ്ങള്‍ തങ്ങളുടെ നില തുടര്‍ന്നു. ഭൗമതാപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കാനുള്ള പഠനത്തിനായി ഓരോ രാജ്യവും കാലാകാലങ്ങളില്‍ ഹരിതഗൃഹവാതക നിര്‍ഗമനം സംബന്ധിച്ച് ഒരു ദേശീയ സ്ഥിതിവിവരപ്പട്ടിക സമര്‍പ്പിക്കണം എന്ന വ്യവസ്ഥയോട് രാജ്യങ്ങള്‍ അനുകൂലിച്ചു എന്നതു മാത്രമായിരുന്നു പാരീസ് കണ്‍വെന്‍ഷന്റെ നേട്ടം. എന്നാല്‍, ആഗോളതാപനം ക്രമാതീതമായി കൂടുമ്പോള്‍, പറഞ്ഞ ഉറപ്പുകള്‍ എത്രത്തോളം പാലിക്കപ്പെട്ടുവെന്ന സംശയങ്ങള്‍ ഉയരുകയാണ്.  

കോപ്പ് 25 ഉച്ചകോടി
2019ല്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലായിരുന്നു കോപ്പ് 25 ഉച്ചകോടി. 'കാര്‍ബണ്‍ സന്തുലിത ലോകം' എന്ന ആശയമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉദ്ഘാടന സമ്മേളനത്തില്‍ മുന്നോട്ടുവെച്ച ആശയം. കാര്‍ബണ്‍ ബഹിര്‍ഗമനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ലോകത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുമ്പോള്‍, നിസംഗരായി തുടരണമോ എന്ന് ഓരോ രാജ്യവും ചിന്തിക്കേണ്ടിയിരിക്കുന്നു. 'കാര്‍ബണ്‍ സന്തുലിത ലോകം' എന്ന ആശയത്തിലേക്ക് എങ്ങനെ മുന്നേറാമെന്ന് യോഗം ഗൗരവമായി ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പഴയ ഉടമ്പടികള്‍ ചര്‍ച്ച ചെയ്ത് പുതിയ ഉടമ്പടികള്‍ക്കോ ധാരണയ്‌ക്കോയുള്ള സാധ്യതകള്‍ അവശേഷിപ്പിക്കാതെ യോഗം പിരിഞ്ഞു. ജി 20 രാജ്യങ്ങള്‍ പഴയ നില തുടര്‍ന്നു. 

കോപ്പ് 26 ഉച്ചകോടി 
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 21 വരെ യുകെയിലെ ഗ്ലാസ്‌ഗോവിലാണ് കോപ്പ് 26. ഉച്ചകോടിക്കു മുന്നോടിയായി, ജി 20 രാജ്യങ്ങള്‍ ഇറ്റലിയില്‍ യോഗം ചേരുന്നുണ്ട്. ഹരിതഗൃഹ വാതക നിര്‍ഗമനം കുറയ്ക്കാനും സാമ്പത്തിക സഹായം ലഭ്യമാക്കാനും ജി 20 രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നാണ് വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യം. കാര്‍ബണ്‍ നിര്‍ഗമനത്തില്‍ മുന്നിലുള്ള ചൈന ഉള്‍പ്പെടെ രാജ്യങ്ങള്‍ അതിനെ നിയന്ത്രിക്കുന്നതിനായി എന്തെങ്കിലും ദേശീയ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഫോസില്‍ ഇന്ധന നിര്‍മാതാക്കളില്‍ പ്രധാനികളായ ആസ്‌ട്രേലിയ, റഷ്യ, സൗദ്യ അറേബ്യ എന്നിങ്ങനെ രാജ്യങ്ങള്‍ കാലാവസ്ഥാ സംരക്ഷണത്തിനുള്ള ആഹ്വാനങ്ങള്‍ കാര്യമായി ശ്രദ്ധിക്കുന്നതു പോലുമില്ല. അതുകൊണ്ടുതന്നെ കോപ്പ് 26 ഉച്ചകോടിയെ വികസ്വര രാഷ്ട്രങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 

എല്ലാ കണ്ണുകളും ജി20-ലാണ്. അവര്‍ മുന്നോട്ടുവരണം. ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ കാര്യത്തില്‍ മുന്നോട്ടുവെച്ച പ്രതിജ്ഞകളും യഥാര്‍ത്ഥ ആവശ്യകതയും തമ്മില്‍ വലിയ വിടവുണ്ട്. ആ വിടവ് എങ്ങനെ പരിഹരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. ആഗോളതലത്തില്‍ 80 ശതമാനം വാതക ബഹിര്‍ഗമനത്തിന്റെയും ഉത്തരവാദിത്തം ജി20 രാജ്യങ്ങള്‍ക്കാണ്. യഥാര്‍ത്ഥത്തില്‍ ഇതിനൊരു പരിഹാരം കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ വിടവ് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. അത് വളരെ ലളിതമാണ്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയാം. അതിനുള്ള വിഭവങ്ങളും ഉത്തരവാദിത്തവും അവര്‍ക്കുണ്ട് -കരിബീയന്‍ ദ്വീപായ ഗ്രേനഡയുടെ കാലാവസ്ഥ, പരിസ്ഥിതി മന്ത്രി സൈമണ്‍ സ്റ്റെയ്ല്‍ പറയുന്നു. 

ജി20-യിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. ഈ ദശകത്തില്‍ ഒരു മാറ്റമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ അവരുടെ പക്കലുണ്ട്. നമുക്കെല്ലാം അതില്‍ പങ്കുവഹിക്കാനുണ്ട്. പക്ഷേ, അതിന്റെ പ്രധാന ഉത്തരവാദിത്തം ജി20യില്‍ നിലനില്‍ക്കുന്നു എന്നതില്‍ സംശയമില്ല. 2050 അല്ലെങ്കില്‍ 2060ഓടെ സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ദീര്‍ഘകാല പദ്ധതികളും നയങ്ങളുമാണ് ആവശ്യം. ജി20 രാജ്യങ്ങളില്‍ നിലവിലുള്ള പദ്ധതികള്‍ പര്യാപ്തമല്ല. അടുത്ത ദശകത്തില്‍ എത്രത്തോളം വാതക ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്നതും നിര്‍ണായകമാണ്. 2050ഓടെ സീറോ എമിഷന്‍ എന്നത് വളരെ അത്ഭുതകരമായൊരു കാര്യമായിരിക്കും. പക്ഷേ, അപ്പോഴേക്കും താഴ്ന്ന ദ്വീപുകള്‍ പലതും വെള്ളത്തിനടിയിലായേക്കാം. ചുഴലിക്കാറ്റുകള്‍ നമ്മെ തകര്‍ത്തിട്ടുണ്ടാകാം -റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ഐലന്‍ഡ്‌സ് കാലാവസ്ഥാ പ്രതിനിധി ടീന സ്റ്റെജ് മുന്നറിയിപ്പെന്നോണം പറയുന്നു. 

ഹരിതഗൃഹ വാതകങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഭൂമി തണുത്തുറഞ്ഞുപോകാതിരിക്കാനും ജീവന്‍ നിലനിന്നുപോകുന്നതിനും ഹരിതഗൃഹ വാതകങ്ങള്‍ നല്‍കുന്ന ചൂട് അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം നിയന്ത്രണാതീതമായി തുടരുന്നത് ദുരന്തം സമ്മാനിക്കും. കാലാവസ്ഥാ വ്യതിയാനം അതിന്റെ ഭീകരമായൊരു വശമാണ്. കടുത്ത വേനലിനെന്നപോലെ അതിവൃഷ്ടിക്കും വെള്ളപ്പൊക്കത്തിനും അത് കാരണമാകുന്നുണ്ട്. ഭൂമിയിലെ ചൂട് അനുദിനം വര്‍ധിക്കുകയാണ്. വനസമ്പത്തും ജൈവവൈവിധ്യവും കുറയുകയാണ്. മഴയില്ലാത്ത അവസ്ഥയും കാലം തെറ്റിപ്പെയ്യുന്ന മഴയും കൃഷി ഉള്‍പ്പെടെ ബാധിക്കുന്നുണ്ട്. അന്തരീക്ഷത്തിലെന്ന പോലെ സമുദ്രത്തിലും അത് പ്രകടമാണ്. ചൂട് കൂടുന്നതനുസരിച്ച് സമുദ്ര ജലത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നത് ജലനിരപ്പ് ഉയരാന്‍ കാരണമാകും. ചൂടേറുമ്പോള്‍ ജലത്തില്‍ വായുവിന്റെ സാന്നിധ്യവും കുറയും. ജലജീവികളുടെ നിലനില്‍പ്പിനെപ്പോലും അത് ബാധിക്കും. മഞ്ഞുപാളികള്‍ സ്വഭാവികത പ്രക്രിയയേക്കാള്‍ അതിവേഗത്തില്‍ ഉരുകിയൊലിക്കുകയും സമുദ്ര നിരപ്പ് ഉയരുകയും ചെയ്യുന്നത് ആവാസവ്യവസ്ഥയെയാകെ തകിടംമറിക്കും. സമുദ്രനിരപ്പില്‍ കഴിയുന്ന ദ്വീപ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാകാം. മുന്‍കരുതല്‍ ഇല്ലാത്ത പ്രവര്‍ത്തികള്‍ മനുഷ്യന്റെ നിലനില്‍പ്പിനു തന്നെയാണ് വെല്ലുവിളിയാകുന്നത്.