ആഗോള താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്താന്‍ കോപ്26 ധാരണ; കല്‍ക്കരിയില്‍ ഉടക്കി ഇന്ത്യ

 
global-warming

ലോകം എമര്‍ജന്‍സി മോഡിലേക്ക് പോകേണ്ട സമയമെന്ന് യുഎന്‍

ആഗോള താപനില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുണ്ടാകണമെന്ന പാരിസ് ഉടമ്പടിയുടെ ചുവടുപിടിച്ച് കോപ് 26 ഉച്ചകോടിക്ക് സമാപനം. ആഗോള താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനാണ് ഗ്ലാസ്‌ഗോയില്‍ ധാരണയായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അതുമൂലമുള്ള പ്രത്യാഘാതങ്ങളും തടയാന്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. കല്‍ക്കരി, ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിനും ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്കുന്നതിനും ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമുള്ള വ്യവസ്ഥകളില്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ എതിര്‍പ്പുകള്‍ അറിയിച്ചതോടെ, ശനിയാഴ്ച വൈകിട്ടുവരെ ചര്‍ച്ചകള്‍ നീണ്ടു. 

ആതിഥേയ രാജ്യമായ ബ്രിട്ടനാണ് ആഗോള താപനില കുറയ്ക്കുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ആഗോളതാപനം കുറയ്ക്കണമെന്ന 2015ലെ പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങളാണ് പ്രമേയം മുന്നോട്ടുവെച്ചത്. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ താപനില വര്‍ധന പരിമിതപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് രാജ്യങ്ങള്‍ പ്രമേയം അംഗീകരിച്ചത്. അടുത്തവര്‍ഷം ഈജിപ്തില്‍ നടക്കുന്ന സമ്മേളനത്തില്‍, ദേശീയ പദ്ധതികള്‍ പുനപരിശോധിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതും സാമ്പത്തികസഹായവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും രാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.

ആഗോള താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളെ സജീവമായി നിലനിര്‍ത്തുന്നുവെന്ന്, ഉറച്ച വിശ്വാസത്തോടെ നമുക്കിപ്പോള്‍ പറയാനാകുമെന്ന്, രണ്ടാഴ്ച നീണ്ട ഗ്ലാസ്‌ഗോ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച യു.കെ കാബിനറ്റ് മന്ത്രി അലോക് ശര്‍മ്മ അഭിപ്രായപ്പെട്ടു. പക്ഷേ, അതിന്റെ മിടിപ്പുകള്‍ ദുര്‍ബലമാണ്. നാം വാഗ്ദാനങ്ങള്‍ പാലിക്കുകയും പ്രതിബദ്ധതകള്‍ എത്രയും വേഗത്തില്‍ പ്രവൃത്തികളിലേക്ക് മാറ്റുകയും ചെയ്താല്‍ മാത്രമേ അതിന് നിലനില്‍പ്പുള്ളൂ. ഏറ്റെടുക്കുന്ന വെല്ലുവിളിയുടെ തോത് ഉയര്‍ത്താന്‍ ഗ്ലാസ്‌ഗോയില്‍ കൂടുന്ന രാജ്യങ്ങള്‍ ധൈര്യമുണ്ടോയെന്ന്, ഉച്ചകോടിക്കു മുന്‍പായി ലോകം ചോദിച്ചു. ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് നാം അതിനോട് പ്രതികരിച്ചിരിക്കുന്നതെന്നും അലോക് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 

അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടത്. നമ്മുടെ ദുര്‍ബലമായ ഗ്രഹം ഒരു നൂല്‍പ്പാലത്തിലാണ്. കാലാവസ്ഥാ ദുരന്തത്തിന്റെ വാതിലില്‍ നാം മുട്ടിക്കൊണ്ടിരിക്കുകയാണ്. എമര്‍ജന്‍സി മോഡിലേക്ക് പോകേണ്ട സമയമാണിത്. അല്ലെങ്കില്‍, നെറ്റ് സീറോ ബഹിര്‍ഗമനത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ തന്നെ ശൂന്യമായിത്തീരും -ഗുട്ടെറസ് പറഞ്ഞു. 

അഭിപ്രായ വ്യത്യാസങ്ങളാണ് ഗ്ലാസ്‌ഗോയിലെ അവസാന ദിന ചര്‍ച്ചയുടെ ദൈര്‍ഘ്യം കൂട്ടിയത്. കല്‍ക്കരി, ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിനും ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്കുന്നതിനും ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുമുള്ള വ്യവസ്ഥകളിലാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നത്. കല്‍ക്കരി ഉപയോഗം സംബന്ധിച്ച നിലപാടില്‍ ഇന്ത്യ വെള്ളം ചേര്‍ക്കുകയും ചെയ്തു. കല്‍ക്കരി ഉപയോഗം ഘട്ടംഘട്ടമായി നിര്‍ത്തലാക്കാം എന്നതിനുപകരം ഘട്ടംഘട്ടമായി കുറയ്ക്കാമെന്നാണ് ഇന്ത്യ നിലപാട് തിരുത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ വികസിത രാജ്യങ്ങള്‍ വ്ഗാദനം ചെയ്ത പണം ഉറപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഗ്ലാസ്‌ഗോയില്‍ രാജ്യങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത്. 

150 വര്‍ഷം മുമ്പ്, വ്യവസായവല്‍ക്കരണം തുടങ്ങുന്നതിനു മുന്‍പുള്ള ആഗോള താപനിലയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് കൂടാതെ നോക്കണമെന്നായിരുന്നു പാരിസ് ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചാലും ആഗോള താപനില 2.7 ഡിഗ്രി സെല്‍ഷ്യസ് കൂടി ഉയര്‍ന്നേക്കുമെന്നാണ് ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ട് നല്‍കിയ മുന്നറിയിപ്പ്. അതിനാല്‍, 1.5 ഡിഗ്രി സെല്‍ഷ്യസ് എന്നതായിരിക്കണം ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതേത്തുടര്‍ന്നാണ്, 1.5 ഡിഗ്രി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് കോപ് 26 ഉച്ചകോടിയും ആവശ്യപ്പെടുന്നത്. 

അടുത്തവര്‍ഷം ചര്‍ച്ചകളിലേക്ക് തിരികെയെത്തുന്നതോടെ, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം സംബന്ധിച്ച ദേശീയ ലക്ഷ്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള വാര്‍ഷിക പ്രക്രിയകള്‍ക്ക് തുടക്കമാകും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് ചില രാജ്യങ്ങള്‍ വാദിക്കുന്നതിനാല്‍, ചര്‍ച്ചകള്‍ അത്രത്തോളം സുഖകരമായിരിക്കില്ല. ആഗോളതാപനം സംബന്ധിച്ച പദ്ധതികള്‍ പരിഷ്‌കരിക്കാനുള്ള ചെറിയ ചുവടുവെപ്പുകള്‍ക്കുപോലും ഗ്ലാസ്‌ഗോയില്‍ കടുത്ത എതിര്‍പ്പുകളെ അതിജീവിക്കേണ്ടിയും വന്നു. ഉച്ചകോടിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം കണ്ടില്ലെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍, ആഗോള താപനില വര്‍ധന 1.5 ഡിഗ്രില്‍ തന്നെ തടഞ്ഞുനിര്‍ത്തണമെങ്കില്‍ കൂട്ടായ ആലോചനയും ശ്രമവും അത്യന്താപേക്ഷിതമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്നില്‍നില്‍ക്കുന്ന സമ്പന്ന രാജ്യങ്ങള്‍ തങ്ങളുടെ പ്രതിബദ്ധതയോട് എത്രത്തോളം നീതി പുലര്‍ത്തുമെന്നതും കണ്ടറിയണം.