അടുത്ത 30 ദിവസം നിര്‍ണായകമെന്ന് ട്രംപ്, അപകട സാധ്യത കൂടുതല്‍ മധ്യവയസ്സു മുതലുള്ളവര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്, മരണസംഖ്യ 37000 കവിഞ്ഞു

 
അടുത്ത 30 ദിവസം നിര്‍ണായകമെന്ന് ട്രംപ്, അപകട സാധ്യത കൂടുതല്‍ മധ്യവയസ്സു മുതലുള്ളവര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്, മരണസംഖ്യ 37000 കവിഞ്ഞു

കൊറോണ വൈറസ് പടരുന്നതുമൂലം അമേരിക്കയ്ക്ക് ഇനിയുള്ള 30 ദിവസം നിര്‍ണായകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് നേരിടാന്‍ അമേരിക്ക ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ച എല്ലാ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ഫ്രാന്‍സില്‍ ഇന്നലെ 418 പേരാണ് മരിച്ചത്. മരണ സംഖ്യയില്‍ രണ്ട് ദിവസം നേരിയ കുറവുണ്ടായിരുന്നുവെങ്കിലും ഇന്നലെ ഇറ്റലിയില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ചൈനയില്‍ നടത്തിയ പഠനത്തില്‍ മധ്യവയസ്സു മുതലുള്ളവരിലാണ് കൊറോണ ഏറ്റവും കൂടുതല്‍ അപകടം സൃഷ്ടിക്കുന്നതെന്ന് കണ്ടെത്തി.

അടുത്ത 30 ദിവസം അമേരിക്കയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന പറഞ്ഞ ഡൊണാള്‍ഡ് ട്രംപ്, അത് നേരിടാന്‍ രാജ്യം തയ്യാറായി കഴിഞ്ഞെന്നും പറഞ്ഞു. ലോകത്തെ ഒരു രാജ്യത്തിനും സാധിക്കാത്ത രീതിയില്‍ ആളുകളെ ടെസ്റ്റ് ചെയ്തത് അമേരിക്കയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനകം 10 ലക്ഷം ആളുകളെയാണ് പരിശോധനയക്ക് വിധേയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കമ്പനികള്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പത്തോളം കമ്പനികള്‍ പുതുതായി ഈ രംഗത്തുവന്നിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും ആശുപത്രികളില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊറോണയെ നേരിടുന്നതിനുള്ള ഉപകരണങ്ങള്‍ അടുത്തുതന്നെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നാണ് ട്രംപ് വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അവകാശവാദങ്ങള്‍ക്കപ്പുറം പല ആശുപത്രികളിലും ആവശ്യത്തിന് രക്ഷാ ഉപകരണങ്ങളിലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികള്‍ ഉള്ളത്. ഒരു ലക്ഷത്തിലേറെ രോഗികളാണ് ഇവിടെ ഉള്ളത്. 3000-ത്തിനടുത്ത് ആളുകള്‍ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. ലോകത്താകെ ഇതിനകം മരിച്ചവരുടെ എണ്ണം 37140 ആയിട്ടുണ്ട് യുറോപ്പിലും സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. രണ്ട് ദിവസം മരണസംഖ്യയില്‍ കുറവുണ്ടായെങ്കില്‍ ഇറ്റലിയില്‍ ഇന്നലെ 812 പേര്‍ മരിച്ചു. ഇതിനകം 11,591 പേരാണ് രാജ്യത്ത് മരിച്ചത്.എന്നാല്‍ പുതുതായി രോഗ ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ 4050 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായതായി കണ്ടെത്തിയത്. മാര്‍ച്ച് 17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഫ്രാന്‍സില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസമായിരുന്നു. 418 മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 3024 ആയി. മരണ സംഖ്യയില്‍ നാല് രാജ്യങ്ങളാണ് ഇതിനകം 3000 പിന്നിട്ടത്. ഇറ്റലി, ചൈന, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവയാണ് അവ. വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ നാട്ടുകാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അതിനിടെ രോഗബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു ഐസോലേഷനിലേക്ക് മാറി. അദ്ദേഹത്തിന്റെ രണ്ട് സഹായികള്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്നാണിത്. വൈറസ് ബാധയെത്തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും അവിടുത്തെ ഏറ്റവും ദരിദ്രരായ മനുഷ്യരെ പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ മൂലം ദരിദ്രര്‍ക്ക് ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അധാനോം ഗെബ്രെയെയൂസ് പറഞ്ഞു. ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരന്തം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും വിശദമായ പഠന റിപ്പോര്‍ട്ട് ചൈനയില്‍നിന്ന് പുറത്തുവന്നു. മധ്യവയസ്സിന് മുകളിലുളളവര്‍ക്കാണ് വൈറസ് ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നതെന്ന് ചൈനയിലെ രോഗ ബാധിതരെയും മരിച്ചവരുടെയും പ്രായം കണക്കാക്കിയുള്ള പരിശോധനയില്‍ വ്യക്തമാക്കി. 70,117 കേസുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്.